അലർജി – കുട്ടികളിലെ അലർജി
“മൂപ്പർ ഒരു ചൊറിയനാ ,കേട്ടോ …”, “അയാളെ കാണുന്നത് പോലും എനിക്കലർജിയാണ് …” , “എനിക്കു ചൊറിഞ്ഞു വരുന്നുണ്ട്…” അലർജി !! മലയാളിയുടെ സംസാരഭാഷയിൽ ഇതുപോലെ അലിഞ്ഞു ചേർന്ന മറ്റൊരു രോഗമുണ്ടോ ?
വെറുപ്പ് ,വിദ്വേഷം ,അസഹിഷ്ണുത ഇത്യാദി വികാരങ്ങൾ പ്രകടിപ്പിക്കാൻ ഇത്രമേൽ നാം ഈ രോഗത്തെയും രോഗലക്ഷണങ്ങളെയും ഉപയോഗിക്കുന്നതു എന്തു കൊണ്ടാവും ?അതറിയണമെങ്കിൽ അലർജി എന്തെന്നറിയണം ,അതിന്റെ രോഗലക്ഷണങ്ങൾ എന്തന്നറിയണം.
ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന് സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. ഭൂരിഭാഗം ആളുകളിലും സാധാരണയായി നിരുപദ്രവകാരികളായ ചില പദാർത്ഥങ്ങളെ ആക്രമണകാരികളായി കണ്ട് അവർക്കെതിരെ ശരീരം അമിതമായി പ്രതികരിക്കുന്ന അവസ്ഥയാണ് അലർജി. നിർത്താതെയുള്ള മൂക്കൊലിപ്പ്, തുടർച്ചയായ തുമ്മൽ , കണ്ണിലും മൂക്കിലും ഉള്ള ചൊറിച്ചിൽ ,ചുമ ,വലിവ് , തൊലിപ്പുറത്ത് ദീർഘകാലം നീണ്ടുനിൽക്കുന്ന ചൊറിച്ചിൽ ,ഇവയെല്ലാം അലർജിയുടെ ലക്ഷണങ്ങളാവാം. അലർജിയുണ്ടാക്കുന്ന വസ്തുക്കളെ പൊതുവായി അലർജനുകൾ എന്നു പറയുന്നു.
■വിവിധതരം അലർജികൾ:
1.അന്തരീക്ഷത്തിലുള്ള അലർജൻസ് കാരണം:
വീട്ടിലുള്ള പൊടി പൊടിച്ചെള്ള്, പാറ്റ, പൂപ്പൽ, പൂച്ച, പട്ടി എന്നിവയുടെ രോമങ്ങൾ പൂമ്പൊടി, തുടങ്ങിയ അന്തരീക്ഷ അലർജനുകൾ കൊണ്ടുണ്ടാകുന്നവയാണിത്.
2.ത്വക്ക് അലർജികൽ :
തൊലിപ്പുറമേയുള്ള അലർജി മൂന്ന് തരത്തിൽ കാണുന്നു.
★എക്സിമ:
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇവരിൽ മുഖം, കൈകാലുകൾ, എന്നിവിടങ്ങളിൽ തൊലി വരളുകയും ചൊറിഞ്ഞു പൊട്ടുകയും ചെയ്യുന്നു. പിൽക്കാലത്ത് ആസ്ത്മ വരാനുള്ള സാധ്യത ഇവരിൽ കൂടുതലാണ്.
★കോൺടാക്ട് ഡെർമറ്റൈറ്റിസ്:
അലർജനുകളുമായി നേരിട്ടുള്ള സ്പർശനമോ സാമീപ്യമോ മൂലമുണ്ടാകുന്നത്.
★അർട്ടിക്കേരിയ: തൊലിപ്പുറമേ ചൊറിച്ചിലോടുകൂടി പൊങ്ങിയ പാടുകളായി കാണപ്പെടുന്നവ.
3.ഭക്ഷണപദാർഥങ്ങളോട് ഉള്ള അലർജികൽ:
പാൽ, മുട്ട, ചെമ്മീൻ ഞണ്ട് ,കടല ,ഗോതമ്പ് എന്നിവയാണ് സാധാരണ അലർജി ഉണ്ടാക്കിയേക്കാവുന്ന ഭക്ഷണവസ്തുക്കൾ. ശരീരം ചൊറിഞ്ഞ് തടിക്കുക, വായിലും നാവിലും ചൊറിച്ചിൽ, ഛർദി, വയറുവേദന, വയറിളക്കം, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
4. മരുന്നുകളോടുള്ള അലർജികൽ:
പെൻസിലിൻ, സൾഫാ, ചില വേദനസംഹാരികൾ തുടങ്ങിയവയാണ് സാധാരണയായി അലർജിയുണ്ടാക്കുന്നത്.
5. വിഷം അലർജി:
കടന്നൽ ,തേനീച്ച , ചില തരം ഉറുമ്പുകൾ, എന്നിവയുടെ വിഷം ചിലരിൽ ഗുരുതരമായ അലർജി ഉണ്ടാക്കാറുണ്ട്.
കരുതിയിരിക്കാം അലർജനുകളെ…
💢 ലോകമെമ്പാടും അലർജിരോഗങ്ങൾക്ക് കാരണമാകുന്ന വസ്തുക്കളാണ് വീട്ടുപൊടിയും, പൊടിയിൽ വളരുന്ന പൊടിച്ചെള്ളും . നമ്മുടെ തൊലിയിൽനിന്നും അടർന്നുവീഴുന്ന ശൽക്കങ്ങൾ , ഭക്ഷണ അവശിഷ്ടങ്ങൾ, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, തുടങ്ങിയവയുടെ മിശ്രിതമാണ് വീട്ടുപൊടി. പൊടിയിൽ വളരുന്ന, നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ ആവാത്ത ചെറുജീവികൾ ആണ് പൊടിച്ചെള്ള്. അന്തരീക്ഷത്തിലെ ഈർപ്പം ആണ് ഈ പൊടിച്ചെള്ളുകളുടെ വളർച്ചയ്ക്ക് ഏറ്റവും അനുകൂലമായ ഘടകം.
💢 തിരക്കു പിടിച്ച ഇന്നത്തെ ജീവിതത്തിൽ നമുക്ക് മാനസിക ഉല്ലാസം നൽകുന്നവയാണ് വളർത്തുമൃഗങ്ങൾ. പക്ഷേ അലർജി രോഗങ്ങളിൽ പൂച്ച, പട്ടി എന്നിവയുമായുള്ള അടുത്ത് ഇടപഴകൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഇവയുടെ തൊലി പുറത്തുള്ള ശൽക്കങ്ങൾ, മൂത്രം, തുപ്പൽ എന്നിവയിൽ അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ ധാരാളം ഉണ്ട്.
💢 ആസ്മ, നാസിക അലർജി തുടങ്ങിയ അസുഖങ്ങളിൽ പ്രധാനപ്പെട്ട ഒരു വില്ലനാണ് ചിലതരം പൂമ്പൊടികൾ. പൂമ്പൊടികൾ പ്രധാനമായും രണ്ടുതരമുണ്ട്. കാറ്റിലൂടെ സ്വയം പറന്ന് പരാഗണം സംഭവിക്കുന്നവയും, ചിത്രശലഭം, വണ്ടുകൾ തുടങ്ങിയവയാൽ പരാഗണം നടക്കുന്നവയും . ചില മരങ്ങൾ, പുല്ലുകൾ, കളകൾ, തുടങ്ങിയവയുടെ പൂമ്പൊടികൾ, കാറ്റിലൂടെ പറന്ന് പരാഗണം നടക്കുന്നവയാണ്. ഇത്തരം പൂമ്പൊടികൾ ഭാരം കുറഞ്ഞവയും, എണ്ണത്തിൽ വളരെ കൂടുതലുള്ളവയുമാണ്. ഇവയാണ് സാധാരണ അലർജി , ആസ്മ രോഗങ്ങൾക്ക് കാരണമാകുന്നത് . അതേസമയം നമ്മുടെ പൂന്തോട്ടങ്ങളിൽ കാണുന്ന ആകർഷകമായ സൗരഭ്യം പരത്തുന്ന, ഭൂരിഭാഗം പൂക്കളും വലിയതോതിൽ അലർജി ആസ്ത്മ രോഗങ്ങൾക്ക് കാരണമാകുന്നില്ല എന്നതാണ് സത്യം. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന കാറ്റാടിമരം, മഞ്ഞ വാക, കുങ്കുമപ്പൂമരം, ശീമക്കരിവേലം, തുടങ്ങിയവ ആസ്ത്മ, നാസിക അലർജി എന്നിവയ്ക്ക് കാരണമായേക്കാം.
അന്തരീക്ഷത്തിലുള്ള മറ്റു മാലിന്യങ്ങളുടെയും പുകപടലങ്ങളുടെയും സാന്നിധ്യം, പൂമ്പൊടി അലർജിയുടെ കാഠിന്യം വർദ്ധിപ്പിക്കും. നഗരങ്ങളിൽ പൂമ്പൊടികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വർദ്ധിക്കുന്നതിന്റെ കാരണം ഇതാണ്.
💢 പാശ്ചാത്യ രാജ്യങ്ങളിൽ ഓരോ മാസവും അതാത് സ്ഥലങ്ങളിലെ പൂമ്പൊടിയുടെ അളവുകൾ പത്രമാധ്യമങ്ങളിലൂടെ അറിയുവാനുള്ള സംവിധാനമുണ്ട്. പോളൻ കലണ്ടർ എന്നറിയപ്പെടുന്ന ഈ സംവിധാനം അലർജിമൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് മുൻകരുതലുകൾ എടുക്കാൻ സഹായകമാണ്.
💢 അന്തരീക്ഷത്തിലുള്ള അലർജിക്ക് പുറമേ തൊലിപ്പുറത്തുണ്ടാകുന്ന കോൺടാക്ട് ഡെർമറ്റൈറ്റിസ് എന്ന രോഗമുണ്ടാക്കുന്ന പലയിനം ചെടികൾ നമ്മുടെ ചുറ്റുപാടുമുണ്ട്. അരളി, പൂച്ചെടി, മുള്ളിച്ചീര, ചൊറിയണം, എരുക്ക്, പാർത്തീനിയം തുടങ്ങിയ ചെടികൾ നേരിട്ട് ശരീരത്തിൽ തൊട്ടാൽ ചൊറിച്ചിൽ, തൊലി ചുവന്നു തടിക്കുക, എന്നീ രോഗലക്ഷണങ്ങൾ ഉണ്ടാകാം.
💢 ഇതിനൊക്കെ പുറമേ സിഗരറ്റുപുക, വാഹന പുക, സാമ്പ്രാണിത്തിരി കത്തിക്കുമ്പോഴുണ്ടാകുന്ന പുക, കൊതുകുതിരി/കൊതുക് മാറ്റ് സുഗന്ധലേപനങ്ങൾ തുടങ്ങി, പല വിധം വസ്തുക്കളും അലർജി, ആസ്ത്മ രോഗങ്ങൾ മൂർച്ഛിക്കാൻ കാരണമാകുന്നു.
■അലർജി രോഗനിർണ്ണയം
◆ തൊലിപ്പുറമെയുള്ള അലർജി ടെസ്റ്റിംഗ്(Allergy Skin testing):
സംശയിക്കുന്ന അലർജനുകൾ വളരെ ചെറിയ അളവിൽ തൊലിപ്പുറമേ കുത്തി വയ്ക്കുകയും അതിനോടുള്ള റിയാക്ഷൻ നോക്കി രോഗനിർണയം നടത്തുകയും ചെയ്യുന്നു. ഒരു നിശ്ചിത അളവിനേക്കാൾ കൂടുതൽ തൊലിയിൽ ചുവന്നുതടിച്ച് പാടുണ്ടാകുന്നുവെങ്കില്‍ ആ വസ്തുവിനോട് അലർജിയുണ്ടെന്നു സംശയിക്കാം.
◆സ്പെസിഫിക് ഐജിഈ ടെസ്റ്റിംഗ്(Specific IgE Testing):
അലർജനുകൾക്ക് എതിരെ രക്തത്തിലുണ്ടാകുന്ന IgE വിഭാഗം ആന്‍റിബോഡികളുടെ അളവ് നിർണ്ണയിക്കുന്ന ടെസ്റ്റ്. ഇതിന് താരതമ്യേന ചിലവ് വളരെ കൂടുതലാണ്.
◆ഫുഡ് ചാലഞ്ച് ടെസ്റ്റ്(Food Challenge Test):
അലർജി ഉണ്ടാക്കുന്നതായി സംശയിക്കുന്ന ഭക്ഷ്യവസ്തു ചെറിയ അളവിൽ തുടങ്ങി ഒരു നിശ്ചിത അളവു വരെ കൊടുത്തു രോഗലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നു. അവശ്യ ജീവൻരക്ഷാ സൗകര്യമുള്ള ആശുപത്രികളിൽ ഡോക്ടറുടെ സാന്നിധ്യത്തിൽ മാത്രമേ ഈ ടെസ്റ്റ് ചെയ്യാൻ പാടുള്ളൂ.
■ മുൻകരുതലുകൾ/ പ്രതിവിധികൾ:
- ഏതുതരം അലർജിയുടെയും ചികിത്സയുടെ ആദ്യപടി അലർജനുകൾ ഒഴിവാക്കുക എന്നുള്ളതാണ്. കുട്ടികളിൽ ഇത് അത്ര പ്രായോഗികമല്ല. എങ്കിലും അലർജി രോഗങ്ങളിൽ ഒരു പ്രധാനവില്ലനായ വീട്ടു പൊടിയെയും ചെള്ളിനേയും നേരിടുന്നതിന് നിരവധി കാര്യങ്ങൾ ചെയ്യേണ്ടതായുണ്ട്.
- അലർജിയുള്ള കുട്ടിയുടെ കിടപ്പുമുറിയിൽ നിന്നും പുസ്തകങ്ങൾ, കട്ടിയുള്ള കർട്ടനുകൾ , കാർപ്പറ്റുകൾ അലമാര എന്നിവ ഒഴിവാക്കുക. കിടക്ക , തലയിണ എന്നിവയ്ക്ക് നേർത്ത റെക്സിൻ കൊണ്ടുള്ള കവർ തയ്പ്പിച്ച് ഇടുക. തുന്നിയ സ്ഥലത്ത് പ്ലാസ്റ്റർ ഒട്ടിച്ച് ഭദ്രമാക്കുക. കഴിവതും വളർത്തുമൃഗങ്ങളെ വീടിന്റെ ഉള്ളിൽ നിന്നും ഒഴിവാക്കുക . ഏറ്റവും ചുരുങ്ങിയത് രണ്ട് വയസ്സു വരെയെങ്കിലും മുലയൂട്ടുക. പിൽക്കാലത്ത് അലർജി രോഗങ്ങളെ തടയാൻ ഇത് ഏറെ സഹായകമാകും.
- പൂമ്പൊടി അലർജിയും ഒരു പരിധിവരെ നമുക്ക് തടയാനാകും. ആവശ്യമില്ലാത്ത കളകൾ, പുല്ലുകൾ എന്നിവ ചുറ്റുപാടുകളിൽനിന്ന് പിഴുതുമാറ്റുക. കുട്ടികൾ പുറത്ത് കളി കഴിഞ്ഞു വരുമ്പോൾ നിർബന്ധമായും കയ്യും മുഖവും വൃത്തിയായി കഴുകണം. അലർജിയുണ്ടാക്കുന്നവ എന്ന് തോന്നുന്ന മരങ്ങളുടെ തൊട്ടടുത്ത് കളിക്കുന്നത് ഒഴിവാക്കുക. അന്തരീക്ഷത്തിൽ പൂമ്പൊടിയും മറ്റ് പൊടിപടലങ്ങളും കൂടുതലുള്ളപ്പോൾ ഒരു ഫെയ്സ് മാസ്ക് ഉപയോഗിക്കുന്നതും നല്ലതാണ്.
- ഇതിനൊക്കെപ്പുറമേ കൊതുകുതിരി
/മാറ്റ് ചന്ദനത്തിരി സുഗന്ധലേപനങ്ങൾ എന്നിവയും പരമാവധി ഉപയോഗിക്കാതിരിക്കുക. പുക പരമാവധി കുറയ്ക്കുക. കഴിയുമെങ്കിൽ ഗ്യാസ് സ്റ്റൗ അല്ലെങ്കിൽ ഇൻഡക്ഷൻ കുക്കർ മാത്രം ഉപയോഗിക്കുക.
■ ചികിത്സയിലെ വെല്ലുവിളികൾ:
മണ്ണിലും പൊടിയിലും കളിക്കുകയും, പുതിയ ഭക്ഷണങ്ങൾ പരീക്ഷിക്കുകയും ചെയ്യുന്ന പ്രായമായതിനാൽ ,അലർജിൻ നിയന്ത്രണം താരതമ്യേന ബുദ്ധിമുട്ടാണ്.
💢സ്വന്തം രോഗലക്ഷണങ്ങൾ കൃത്യമായി പറയുക എന്നത് ചെറിയ കുട്ടികളിൽ സാധ്യമായെന്നു വരില്ല. അതിനാൽ രോഗനിർണയവും തുടർചികിത്സയും ദുർഘടമാകുന്നു .
💢ഇൻഹേലർ ,മൂക്കിലടിക്കുന്ന സ്‌പ്രേ എന്നിവയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മൂലം യഥാസമയത്തു കൃത്യമായ ചികിത്സ കിട്ടാതെ പോകുന്നു.
💢കുട്ടികളിലെ അലർജിയിൽ തുടക്കത്തിലേയുള്ള രോഗനിർണ്ണയവും, ചികിത്സയും ഏറെ പ്രധാനമാണ് .അനാവശ്യമായ നിഷ്കർഷകളും നിബന്ധനകളും ഇതിനാവശ്യമില്ല. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇതു ചെയ്യുക. പ്രകൃതിയിലെ നിറങ്ങളും ,മണങ്ങളും ,രുചികളും എല്ലാ കുട്ടികളുടെയും അവകാശമാണ്. ബാല്യകാലത്തിന്റെ നിറം മങ്ങാതിരിക്കാൻ എറ്റവും മെച്ചപ്പെട്ട ചികിത്സ എറ്റവും നേരത്തെ നൽകണം. അലർജിക്ക് എതിരെയുള്ള പോരാട്ടത്തിൽ നമുക്കൊറ്റക്കെട്ടായി മുന്നേറാം ..
Read : പേരയ്ക്ക
കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്