മുലപ്പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുലപ്പാല്‍

മുലപ്പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുലപ്പാല്‍ നല്‍കുമ്പോള്‍ പല സ്ത്രീകള്‍ക്കും നിപ്പിള്‍ മുറിഞ്ഞ് കഠിനമായ വേദനയുണ്ടാകാറുണ്ട്‌. ഇതിന് പരിഹാരമായി ചെയ്യാവുന്നത്.

മുലപ്പാല്‍

ഗര്‍ഭകാലത്തും പ്രസവ ശേഷവും പല പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരും. അമ്മയായ ആഹ്ലാദത്തിനിടയിലും ഇത്തരം പ്രശ്‌നങ്ങള്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കും. പ്രസവ ശേഷം പല സ്ത്രീകള്‍ക്കും വരുന്ന പ്രശ്‌നമാണ് ക്രാക്ക്ഡ് നിപ്പിള്‍സ്. അതായത് മുലക്കണ്ണ് വിണ്ടുകീറുകയെന്നത്. കുഞ്ഞ് പാല്‍ കുടിയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണിത്. മുലക്കണ്ണ് പൊട്ടി കുഞ്ഞ് പാല്‍ കുടിയ്ക്കുമ്പോള്‍ കഠിനമായ വേദനയുണ്ടാകും. ചിലപ്പോള്‍ രക്തം വരെ ഈ മുറിവിലൂടെയുണ്ടാകാം

​ഇതിന്

ഇതിന് പല കാരണങ്ങളുണ്ട്. ഇംപ്രോപ്പര്‍ ലാച്ചിംഗ് എന്നത് ഒരു കാരണം, അതായത് കുഞ്ഞിന് മാറിടത്തില്‍ നിന്നും കൃത്യമായ രീതിയില്‍ പാല്‍ വലിച്ചു കുടിയ്ക്കാന്‍ സാധിയ്ക്കാത്തത്, രണ്ടാമത്തേത് ഇംപ്രോപര്‍ പൊസിഷനിംഗ്, അതായത് പാല്‍ കൊടുക്കുമ്പോള്‍ ശരിയായ വിധത്തില്‍ കുഞ്ഞിനെ പിടിയ്ക്കാത്തതാണ് കാരണം. ഇതില്‍ മുലക്കണ്ണ് വിണ്ടു പൊട്ടുന്നതിന് പ്രധാനപ്പെട്ട കാരണം രണ്ടാമത്തേതാണ്. കുഞ്ഞിനെ ശരിയായി പിടിയ്ക്കാന്‍ സാധിയ്ക്കാത്തതാണ് പ്രശ്‌നം. കുഞ്ഞിനെ കൃത്യമായ പൊസിഷനില്‍ പിടിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാക്കാം.

​ഇതൊഴിവാക്കാന്‍

മുലപ്പാല്‍

ഇതൊഴിവാക്കാന്‍ വേണ്ടത് കൃത്യമായ രീതിയില്‍ കുട്ടിയെ പിടിയ്ക്കുകയെന്നതാണ്. ഇതിനായി പല പൊസിഷനുകളുമുണ്ട്. ശരീരത്തോട് കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് മുലക്കണ്ണും ചുറ്റുമുള്ള ഭാഗവും കുഞ്ഞിന്റെ വായില്‍ എത്തുന്ന വിധത്തില്‍ പിടിയ്ക്കണം. ഇത് കുഞ്ഞിന് പാല്‍ കുടിയ്ക്കാന്‍ സൗകര്യമാകും. അമ്മയ്ക്ക് നിപ്പിള്‍ ക്രാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ഇല്ല. നിപ്പിള്‍ മാത്രമല്ല, അതിന് ചുറ്റുമുള്ള ഏരിയോള അടക്കം വായ്ക്കുള്ളിലേയ്ക്ക് കടക്കണം. അതല്ലെങ്കില്‍ നിപ്പിള്‍ മാത്രമായാല്‍ നിപ്പിള്‍ ക്രാക്കുണ്ടാകാന്‍ സാധ്യത ഏറെയാണ്.

മുലക്കണ്ണുകള്‍

ചില സ്ത്രീകളുടെ മുലക്കണ്ണുകള്‍ ഉള്ളിലേയ്ക്ക് വലിഞ്ഞിരിയ്ക്കും. ഇത്തരക്കാര്‍ക്കും ഈ പ്രശ്‌നമുണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇതിന് ഗര്‍ഭ കാലത്ത് തന്നെ എണ്ണ പുരട്ടി മുലക്കണ്ണ് പുറത്തേയ്ക്ക് വലിയ്ക്കുന്നത് ഒരു പരിധി വരെ നിപ്പിള്‍ ക്രാക്കൊഴിവാക്കാന്‍ സഹായിക്കും. ചിലപ്പോള്‍ കുഞ്ഞ് നിപ്പിള്‍ പിടിയ്ക്കാന്‍ തയ്യാറാകില്ല. ഇത്തരം അവസരത്തില്‍ കുഞ്ഞിന്റെ ചുണ്ടില്‍ പതുക്കെ മാറിടം തട്ടിക്കൊടുക്കുക. ഇതേ രീതിയില്‍ കുഞ്ഞ് വായ തുറന്ന് പാല്‍ കുടിയ്ക്കാന്‍ ആരംഭിയ്ക്കും.

പാല്‍ കുടിച്ച് കഴിഞ്ഞാല്‍

കുഞ്ഞ് പാല്‍ കുടിച്ച് കഴിഞ്ഞാല്‍ മുലക്കണ്ണില്‍ നിന്ന് വായെടുത്തു കഴിഞ്ഞാലും പാല്‍ വരും. ഹൈന്റ് മില്‍ക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. അതായത് ആദ്യത്തെ പാല്‍ കൊഴുപ്പ് കുറഞ്ഞ പാലാണ്. ഇത് ഫോര്‍ മില്‍ക്കാണ്. ഇതിന് ശേഷം വരുന്നത് ഹൈന്റ് മില്‍ക്കാണ്. ഈ പാല്‍ കുഞ്ഞ് പാല്‍ കുടിച്ച ശേഷം ആ പാല്‍ അല്‍പം മുലക്കണ്ണില്‍ പുരട്ടുക. ഇത് ഉണങ്ങിയ ശേഷം മാത്രം വസ്ത്രം ധരിയ്ക്കുക. കുഞ്ഞിന്റെ വായില്‍ ഫംഗസോ മറ്റോ ഉണ്ടെങ്കില്‍ കുഞ്ഞ് പാല്‍ കുടിച്ച ശേഷം ഫംഗല്‍ ക്രീമുകള്‍ പുരട്ടാം. ഡോക്ടറോട് ചോദിച്ച ശേഷം ഇത്തരം ക്രീമുകള്‍ പുരട്ടുന്നതാണ് നല്ലത്. നിപ്‌കെയര്‍ പോലുള്ള ഓയിന്റ്‌മെന്റുകള്‍ ഇത്തരം പ്രശ്‌നത്തിനായുണ്ട്.

കുഞ്ഞിന് അടുത്ത തവണ പാല്‍ കൊടുക്കുന്നതിന് മുന്‍പായി ഇത് നല്ലതു പോലെ നീക്കം ചെയ്യുകയും വേണം. ഇത് അല്‍പം പഞ്ഞിയില്‍ ചൂടുവെള്ളം മുക്കി നല്ലതു പോലെ തുടച്ചാല്‍ മതിയാകും. സോപ്പിട്ട് കഴുകുന്നത് നല്ലതല്ല. ഇതു പോലെ രണ്ടു മാറിടത്തില്‍ നിന്നും മാറി മാറി പാല്‍ കൊടുക്കുന്നതാണ് സാധാരണ വേണ്ടതെങ്കിലും നിപ്പിള്‍ ക്രാക്കെങ്കില്‍ ഒരു തവണ ഓയിന്റ്‌മെന്റ് പുരട്ടിയ മാറില്‍ നിന്നും പാല്‍ കൊടുക്കാതെ അടുത്ത മാറില്‍ നിന്നും നല്‍കുക. ഇതു പോലെ ഇത് ഉടന്‍ മാറുന്നില്ലെങ്കില്‍ നിപ്പിള്‍ ഷീല്‍ഡ് പോലുള്ളവ ഉപയോഗിയ്ക്കാം.

Read More:

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം, എങ്ങനെ സൂക്ഷിക്കാം, എങ്ങനെ കുഞ്ഞിന് കൊടുക്കാം?

ആറ്റു നോറ്റിരുന്ന് കുഞ്ഞാവയൊക്കെ വന്നു കഴിയുമ്പോഴാണ് അടുത്ത പ്രശ്നങ്ങൾ ഉടലെടുക്കുക. ചിലപ്പോൾ കുഞ്ഞാവ മാസം തികയുന്നതിന് മുമ്പേ തന്നെ ഇങ്ങെത്തിയിട്ടുണ്ടാകും. കൂടെ തൂക്കക്കുറവും കാണും. അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ NICU വിൽ അഡ്മിറ്റായിട്ടുണ്ടാവും. അതുമല്ലെങ്കിൽ അമ്മയുടെ മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞു നിൽക്കുന്നത് കൊണ്ടോ വിണ്ടു പൊട്ടിയതുകൊണ്ടോ നേരാം വണ്ണം മുലയൂട്ടാൻ കഴിയാത്തതുകൊണ്ടുമാകാം.

എന്തായാലും കുഞ്ഞാവയ്ക്ക് പാലു കൊടുക്കാനുള്ള ഉൽക്കടമായ ആഗ്രഹം ഒരു വശത്ത്.പോരാത്തേന് പാലുകെട്ടി വീർത്ത മാറിടത്തിന്റെ വേദന മറുവശത്ത്. ഇത്തരം സന്ദർഭങ്ങളിൽ മുലപ്പാൽ പിഴിഞ്ഞെടുക്കുക എന്നത് അത്യന്താപേക്ഷിതമായി വരുന്നു. മാത്രവുമല്ല ചെറിയ ഇടവേള കഴിഞ്ഞ് കുഞ്ഞാവ ഉഷാറായി വരുമ്പോൾ മുലപ്പാൽ വറ്റിപ്പോവാതെ ആവശ്യത്തിന് ഉണ്ടാവാനും ഇത്തരത്തിൽ പാല് പിഴിഞ്ഞെടുക്കുന്നത് ഉപകരിക്കും.

മുലപ്പാൽ പിഴിഞ്ഞെടുക്കുന്നത് ഏറ്റവും ആവശ്യമായി വരുന്നത് അമ്മമാർ ജോലിക്ക് പോയിത്തുടങ്ങുമ്പോഴാണ്. പലരും പാൽപ്പൊടികൾ കൊടുത്തു തുടങ്ങുമെങ്കിലും ഒന്നു മനസ്സുവെച്ചാൽ കുഞ്ഞിനെ പരമാവധി മുലയൂട്ടാൻ സാധിക്കും.വീട്ടിൽ നിന്നിറങ്ങും മുമ്പ് മുലപ്പാൽ പിഴിഞ്ഞു വെക്കാം. തൊഴിലിടങ്ങളിലെ ഇടവേളകളിലും ഇതു ചെയ്യാം.

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

 

    • മുലപ്പാൽ പിഴിയുന്നതിന് മുമ്പ് കൈകൾ വൃത്തിയായി കഴുകണം. ശേഖരിക്കേണ്ട പാത്രം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി ഉണക്കണം. അടപ്പുള്ള ചെറിയ സ്റ്റീൽ പാത്രങ്ങളാണ് ഇതിന് ഏറ്റവും അനുയോജ്യം.
    • സമ്മർദ്ദമേതുമില്ലാതെ, സമാധാനത്തോടെ വേണം പാൽ  എക്സ്പ്രസ് ചെയ്യാനിരിക്കാൻ. കുഞ്ഞാവയെക്കുറിച്ച് ഓർക്കുകയോ മൊബൈലിൽ കുഞ്ഞാവയുടെ പടം കാണുകയോ ചെയ്യുന്നത് പാൽ നന്നായി ചുരത്താൻ സഹായകമാകും. ആദ്യം മൃദുവായി മാറിടം മസാജ് ചെയ്യണം.തുടർന്ന് C ആകൃതിയിൽ തള്ളവിരലും ചൂണ്ടുവിരലും ഏരിയോളയ്ക്ക് (മുലക്കണ്ണിന് പുറകിൽ വൃത്താകൃതിയിൽ ഇരുണ്ടു കാണുന്ന ഭാഗം) പുറകിലായി പിടിക്കുക.
    • ആദ്യം പുറകിലോട്ട് നെഞ്ചോട് ചേർന്നും തുടർന്ന് മേൽപ്പറഞ്ഞ രണ്ട് വിരലുകൾ ചേർത്തും അമർത്തുക. മുലപ്പാൽ തുള്ളി തുള്ളിയായി വരുന്നത് കാണാം. മുലപ്പാലിന്റെ അളവനുസരിച്ച് ധാരയായി ഒഴുകിയും ശക്തിയോടെ ചീറ്റിയും പാൽ ലഭ്യമാവും. അത് ശ്രദ്ധയോടെ പാത്രത്തിൽ ശേഖരിക്കണം.
  • പാൽ  കിട്ടുന്നത് കുറഞ്ഞു തുടങ്ങുമ്പോൾ നാം വിരലുകൾ പിടിക്കുന്ന ദിശ മാറ്റി വീണ്ടും അമർത്തുക.
  • ശ്രദ്ധിക്കേണ്ട പ്രധാന കാര്യം മുലക്കണ്ണിലോ അതിനോട് തൊട്ട് ചേർന്നോ അമർത്തിപ്പിഴിയരുത് എന്നതാണ്.വേണ്ടത്ര മേൽനോട്ടത്തിലൂടെയും പരിശീലനത്തിലൂടെയും മാത്രമേ കാര്യക്ഷമമായി മുലപ്പാൽ പിഴിഞ്ഞെടുക്കുവാനുള്ള ടെക്നിക് സ്വായത്തമാക്കാൻ കഴിയൂ.
  • പാൽ പിഴിഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള പണിയല്ല. ശാരീരികമായും മാനസികമായും ഏറെ ക്ലേശങ്ങൾ തരുന്ന ഒന്നാണത്.
  • കൂടുതൽ എളുപ്പത്തിൽ മുലപ്പാൽ പിഴിഞ്ഞെടുക്കാൻ ബ്രെസ്റ്റ് പമ്പുകളും ലഭ്യമാണ്. നമുക്ക് കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന മാന്വൽ ബ്രെസ്റ്റ് പമ്പുകൾക്ക് പുറമേ ഇലക്ട്രിക് ബ്രെസ്റ്റ് പമ്പുകളും വിപണിയിൽ ലഭ്യമാണ്. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് പോലെ ലളിതമായി ചാർജ് ചെയ്യാവുന്ന ഇവയിൽ ബാറ്ററിയും ഉപയോഗിക്കാം. മസേജ് ചെയ്യാനും സക്ഷൻ പ്രഷർ നിയന്ത്രിക്കാനും ഉള്ള സംവിധാനങ്ങളും ഇവയിലുണ്ട്.താരതമ്യേന വില കൂടുതലാണ് എന്നതാണ് ഒരു പോരായ്മ. എന്നാൽ ബ്രെസ്റ്റ് പമ്പുകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കാവുന്നവയാണ് എന്നത് പ്രധാന മേന്മയാണ്. ഓരോ തവണ ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കും മുമ്പും അവ വൃത്തിയാക്കാനും ശ്രദ്ധിക്കണം. ഒരാൾ ഉപയോഗിച്ചു കഴിഞ്ഞാലും അണുവിമുക്തമാക്കിയതിന് ശേഷം മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുകയും ചെയ്യാം.
  • മാന്വൽ ബ്രെസ്റ്റ് പമ്പിന് ശരാശരി 600 – 1000 രൂപയും ഇലക്ട്രിക് ബ്രെസ്റ്റ് പമ്പിന് 1500-3000 രൂപയും ഒക്കെ ചിലവ് വരും. അവയുടെ സ്പെസിഫിക്കേഷൻ അനുസരിച്ച് വിലയിൽ വലിയ വ്യത്യാസം വരാം. വിവിധ മോഡലുകൾ ഓൺലൈനിലും ലഭ്യമാണ്.

മുലപ്പാൽ സംഭരിച്ച് സൂക്ഷിക്കുന്നതെങ്ങനെ?

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

  • പിഴിഞ്ഞെടുത്ത പാൽ സാധാരണ ഊഷ്മാവിൽ ആറു മണിക്കൂർ നേരം സൂക്ഷിക്കാം. വീട്ടിലെ താരതമ്യേന ചൂട് കുറവുള്ള ഇടം പാൽ നിറച്ച പാത്രം സൂക്ഷിക്കാനായി തിരഞ്ഞെടുക്കണം.
  • പിഴിഞ്ഞെടുത്ത പാൽ റഫ്രിജറേറ്ററിൽ 24 മണിക്കൂറും ഫ്രീസറിൽ രണ്ടാഴ്ചയും സുരക്ഷിതമായി സൂക്ഷിക്കാം.
  • പാൽ ശേഖരിക്കുന്ന തിയതിയും സമയവും അതത് പാത്രങ്ങളിൽ എഴുതി ഒട്ടിക്കാൻ മറക്കരുത്. ആദ്യം ശേഖരിച്ച പാൽ ആദ്യമേ തന്നെ കുഞ്ഞിന് നൽകാൻ ഇത് സഹായകമാകും.
  • ഓഫീസിൽ വെച്ച് പാൽ ശേഖരിച്ച് ആറ് മണിക്കൂറിനുള്ളിൽ തന്നെ നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങിയെത്താൻ കഴിയുമെങ്കിൽ പാൽ ശേഖരിച്ച പാത്രം അധികം ചൂട് തട്ടാത്തയിടത്ത്‌ സൂക്ഷിച്ചാൽ മതിയാവും. അല്ലെങ്കിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കേണ്ടതുണ്ട്.
  • ഫ്രിഡ്ജിൽ സൂക്ഷിച്ച പാൽ കുഞ്ഞിന് നൽകും മുമ്പ് തണുപ്പ് മാറ്റിയെടുക്കേണ്ടതുണ്ട്. അതിനായി ചൂടുവെള്ളം നിറച്ച പാത്രത്തിൽ പാൽ പാത്രം മുക്കി വെക്കാം. അല്ലാതെ പാൽ തിളപ്പിക്കാനൊന്നും നിൽക്കരുത് കേട്ടോ.
  • തൊഴിലിടങ്ങളിൽ വെച്ച് ശേഖരിച്ച് റഫ്രിജറേറ്ററിൽ സൂക്ഷിച്ച പാൽ വീട്ടിലെത്തി സ്റ്റോർ ചെയ്യാം. അമ്മ ജോലിക്കിറങ്ങിയാൽ ആദ്യം ശേഖരിച്ച പാൽ ആദ്യം എന്ന കണക്കിന് കുഞ്ഞിന് നൽകാം. ഗോകർണം, സ്പൂൺ എന്നിവ ഉപയോഗിച്ച് കുഞ്ഞിന് പാലു കൊടുക്കുന്നതാണ് നല്ലത്.

മുലപ്പാൽ എങ്ങനെ പിഴിഞ്ഞെടുക്കാം

Read Related Topic :

കുട്ടികളുടെ കണ്ണുകൾക്കുള്ള പരിചരണം. 

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

പൊടിപ്പാൽ

പൊടിപ്പാൽ

പൊടിപ്പാൽ

പൊടിപ്പാൽ – കുഞ്ഞുങ്ങൾക്ക് 

“പൊടിപ്പാൽ ഞാൻ എന്റെ കൊടുത്തിട്ട് ഇല്ല”. “ഞാനൊക്കേ കുഞ്ഞിന് നാലു വയസ്സ് വരെ പാല് കൊടുത്തതാ”. ഇതൊക്കെ പറയാനും കേൾക്കാനും ഒക്കെ നല്ല രസമാ. പക്ഷെ ഇല്ലാത്തവർക്കേ അതിന്റെ വിഷമം അറിയുള്ളു.
എന്നാൽ എന്തെങ്കിലുമൊക്കെ കാരണങ്ങൾ കൊണ്ട് കുഞ്ഞിനെ പാലൂട്ടാൻ കഴിയാതെ പൊടിപ്പാലിനെ ആശ്രയിക്കേണ്ടി വരുന്ന അമ്മമാർ ഉണ്ടല്ലോ.. ഈ പോസ്റ്റ്‌ അവർക്കുള്ളതാണ്.

✅ഫസ്റ്റ് പോയിന്റ്, കുഞ്ഞിന് പൊടിപ്പാൽ കൊടുക്കേണ്ട ആവശ്യമുണ്ടോ എന്നു തീരുമാനിക്കേണ്ടത് ഒരിക്കലും നിങ്ങളല്ല, ഡോക്ടറാണ്.

✅മുലപ്പാൽ കുറവ് പോലെയുള്ള പ്രശ്നങ്ങൾ തോന്നുന്നെങ്കിൽ നിർബന്ധമായും ഡോക്ടറുടെ അഭിപ്രായം തേടുക. അതു പോലെ, കുഞ്ഞിന് മുലപ്പാലിതര ആഹാരങ്ങൾ കൊടുക്കാൻ ആരെങ്കിലും ആവശ്യപ്പെടുന്നെങ്കിൽ, അതു ആശുപത്രി ജീവനക്കാർ ആണെങ്കിൽ പോലും, അതിനുള്ള കാരണം വ്യക്തമായി ചോദിച്ചു മനസിലാക്കാനുള്ള അവകാശവും നിങ്ങൾക്കുണ്ട്.

എന്താണ് മുലപ്പാലിതര പൊടികൾ?

കുഞ്ഞുങ്ങൾക്ക് മുലപ്പാലിന് പകരമായി കൊടുക്കാൻ, മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഏതാണ്ട് അതേ അളവിൽ ക്രമീകരിച്ചു നിർമിച്ചിരിക്കുന്ന ഭക്ഷ്യപദാർത്ഥങ്ങൾ ആണിവ.

✅നമ്മുടെ നാട്ടിൽ വെള്ളത്തിൽ കലക്കി ഉപയോഗിക്കാവുന്ന പൊടികൾ (dry powder) ആയിട്ടാണ് മിക്കവാറും ലഭിക്കുന്നതെങ്കിലും വിദേശ രാജ്യങ്ങളിൽ ദ്രാവക രൂപത്തിലും (liquid formula) ഇവ ലഭ്യമാണ്. ഇവയിലെ അടിസ്ഥാന പ്രോട്ടീൻ ഘടകം ഏതാണ് എന്നത് അനുസരിച്ചു മൂന്നു തരത്തിലുള്ള പൊടികൾ ഉണ്ട്

1) പശുവിൻ പാലിൽ നിന്നുണ്ടാക്കുന്നവ

നമ്മൾ വിപണിയിൽ കാണുന്ന സാധാരണ പൊടികളെല്ലാം ഈ വിഭാഗത്തിൽ പെടുന്നവയാണ്. പശുവിൻ പാൽ സംസ്‌കരിച്ചു, മുലപ്പാലിലെ പോഷകഘടങ്ങൾക്കു ഏതാണ്ട് തുല്യമായ അവസ്ഥയിലേക്ക് അതിനെ മാറ്റിയാണ് പൊടി രൂപത്തിൽ ലഭ്യമാക്കുന്നത്. (പശുവിൻ പാലിൽ മുലപ്പാലിൽ ഉള്ളതിനേക്കാൾ 3 മടങ്ങു പ്രോട്ടീൻ അധികമുണ്ട്, അതു എളുപ്പത്തിൽ ദഹിക്കുന്ന രൂപത്തിലും അല്ല. Lactose, കൊഴുപ്പു , മറ്റു മൂലകങ്ങൾ എന്നിവയിലെല്ലാം സമാനമായ മാറ്റങ്ങളുണ്ട്).

2) സോയ പ്രോട്ടീൻ അടങ്ങിയ പൊടികൾ

പാലിന് പകരം സോയാബീൻ എന്ന എണ്ണക്കുരുവിൽ അടങ്ങിയ പ്രോട്ടീൻ സംസ്കരിച്ചാണ് ഇതിൽ ഉപയോഗിക്കുന്നത്. പശുവിൻ പാലിൽ അടങ്ങിയ പ്രോട്ടീനോടുള്ള അലർജി,പാലിനു മധുരം നൽകുന്ന ഘടകമായ lactose ദഹിപ്പിക്കാനാവാത്ത അവസ്ഥകൾ (lactose intolerance) ഇവയിലൊക്കെ പകരമായി സോയ ഫോർമുലകൾ നിര്ദേശിക്കാറുണ്ട്. മേൽപറഞ്ഞ അവസ്ഥകളിൽ അല്ലാതെ സോയ ഫോർമുലകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല, രുചിയിലും ഗുണത്തിലും അതിനു പാലിന്റെ താഴെയാണ് സ്ഥാനം.

3) പ്രോട്ടീനിനെ അമിനോ ആസിഡുകളായി വിഘടിപ്പിച്ചു ഉപയോഗിക്കുന്ന ഫോർമുലകൾ

പാൽ, സോയ തുടങ്ങിയവയിലുള്ള എല്ലാത്തരം പ്രോട്ടീനുകളോടും അലർജിയുള്ള കുട്ടികൾക്ക് കൊടുക്കാവുന്നത്. വളരെ അപൂർവമായി മാത്രം ഉപയോഗിക്കുന്നതും പൊതു വിപണിയിൽ വ്യാപകമല്ലാത്തതുമായ ഈ പൊടികൾക്കു കനത്ത വിലയുമാണ്.

✅അടിസ്ഥാനപരമായി പൊടികളിൽ ഈ വ്യതാസമേ ഉള്ളുവെങ്കിലും, കുട്ടികളുടെ വളർച്ചക്ക് സഹായകമാണ് എന്നു കണ്ടെത്തിട്ടിട്ടുള്ള ചില പോഷകഘടകങ്ങൾ (DHA, Probiotics) അധികമായി ചേർത്തിരിക്കുന്നു എന്നവകാശപ്പെടുന്ന പൊടികൾ വിപണിയിലുണ്ട്, ഇവക്കു വില കൂടുതലുമാണ്.

ഏതാണ് നല്ലതു എന്നു പലരും ചോദിക്കാറുണ്ട്. ഉത്തരം ഒന്നുമാത്രം- ഉപ്പോളം ഇല്ലല്ലോ ഉപ്പിലിട്ടത്, ‼

✅ഇതൊന്നും മുലപ്പാലിനോളം പോന്നവയല്ല. ഒന്നൊന്നിനെക്കാൾ വളരെ മെച്ചം എന്നു പറയാനുമില്ല, നിങ്ങളുടെ കീശക്കൊതുങ്ങുന്ന, കുഞ്ഞിന്റെ ഇഷ്ടത്തിനിങ്ങുന്ന (ചില കുറുമ്പന്മാർക്കു ചില ബ്രാൻഡുകൾ പിടിക്കില്ല, തുപ്പി കളയും) ഒന്നു വാങ്ങുക. ഒരു കാര്യം മനസിൽ വക്കുക, നല്ല വണ്ണം പാൽ കുടിക്കുന്ന ആരോഗ്യവാനായ കുഞ്ഞിന് ഒരു പാക്കറ്റ് പൊടി കഷ്ടിച്ചു ഒരാഴ്ചകാലത്തേക്കെ കാണുകയുള്ളൂ. വലിയ വിലയുള്ള പൊടികൾ വാങ്ങി നിങ്ങളുടെ കീശ കീറാതെ നോക്കുക.

പൊടിപ്പാൽ കൊടുക്കുകയാണെങ്കിൽ എപ്രകാരമാണ് അതു കൊടുക്കേണ്ടത്?

✅തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ പൊടി കലക്കാൻ ഉപയോഗിക്കാവൂ. വെളളം തിളപ്പിക്കുമ്പോൾ 5 മിനിട്ടു വെട്ടി തിളക്കുന്നു എന്ന് ഉറപ്പിക്കുക, വളരെ ‘തൊലിക്കട്ടിയുള്ള’ hepatitis A പോലെയുള്ള ചില അണുജീവികൾ നശിക്കാൻ ഇതാവശ്യമാണ്. നേരിയ ചൂടുള്ള വെള്ളത്തിലെ കട്ടയില്ലാതെ പൊടി കലങ്ങുകയുള്ളൂ. മുലപ്പാൽ കുഞ്ഞുങ്ങൾക്ക് കിട്ടുന്നത് ശരീരോഷ്മാവിലാണ്(37℃) അതുകൊണ്ടു തീരെ തണുത്ത പാൽ കുട്ടികൾക്ക് ഇഷ്ടമാവുകയുമില്ല.

✅പാൽപ്പൊടിയും വെള്ളവും ഏതു അനുപാതത്തിലാണ് കൂട്ടിയോജിപ്പിക്കേണ്ടത് എന്നു പൊടിയുടെ കവറിൽ കൊടുത്തിട്ടുണ്ടാവും, നമ്മുടെ നാട്ടിൽ സാധാരണ ലഭ്യമായതും വ്യാപകമായി ഉപയോഗിക്കുന്നതുമായ പൊടികളെല്ലാം 30 മില്ലി വെള്ളത്തിനു ഒരു നികരെ സ്കൂപ് (level scoop) എന്ന കണക്കിനാണ് കലക്കേണ്ടത്.

✅ ‘ഏകദേശ’ കണക്കുകൾ ഒഴിവാക്കുക, 30 മില്ലി വെള്ളം കടകളിൽ കിട്ടുന്ന നിലവാരമുള്ള അളവ് പാത്രങ്ങളിൽ(ounce glass പോലുള്ളവ മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കും) തന്നെ അളന്നെടുക്കുക.

✅ പൊടിയളക്കാൻ, അതിന്റെ കവറിനുള്ളിൽ തന്നെ ലഭ്യമായ സ്കൂപ് ഉപയോഗിക്കുക. ഇങ്ങനെ കലക്കുന്ന പാലിന് ‘കട്ടി’ കൂടുതലാണെന്നും, കുഞ്ഞിന് ദഹിക്കില്ലെന്നും ഉപദേശവുമായി വരുന്നവരോട് ഒന്നു മാത്രം ചോദിക്കുക- മുലപ്പാലിൽ വെള്ളം ചേർത്താണോ നമ്മൾ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത്, അതേ ‘കട്ടി’ തന്നെയാണ് മേൽപറഞ്ഞ രീതിയിൽ കൃത്യമായി കലക്കുന്ന പൊടിപ്പാലിനും.

✅അതു നേർപ്പിച്ചു ഉപയോഗിച്ചാൽ കടുത്ത പോഷകാഹാരക്കുറവായിരിക്കും പരിണിത ഫലം. കട്ടി കൂടിയാലോ കുഞ്ഞിന് ലഭിക്കുന്ന ജലാംശം കുറയുകയും മലബന്ധവും മറ്റും ഉണ്ടാവുകയും ചെയ്യും. അതു കൊണ്ടു തോന്നിയ രീതിയിലുള്ള പാൽ കലക്കൽ ഒരു കാരണവശാലും നഹി നഹി.

 

Related Topic ;

മുലപ്പാൽ ആദ്യ രുചി അമൃതം

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

പേരയ്ക്ക – പേരക്കയുടെ ഗുണങ്ങള്‍

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്