തക്കാളി പനി പടരുന്നു ; ജാഗ്രത വേണമെന്ന് വിദഗ്ധര്‍

തക്കാളി പനി

തക്കാളി പനി പടരുന്നു ; ജാഗ്രത വേണമെന്ന് വിദഗ്ധര്‍

തക്കാളി പനിയുടെ പുതിയ വകഭേദം പല സംസ്ഥാനങ്ങളിലെയും കുട്ടികള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് തക്കാളി പനി അഥവാ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്.

പൊതുവില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. ഇതൊരു സാധാരണ പകര്‍ച്ചവ്യാധിയാണ്. കൂടുതലും ഒന്ന് മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിടുന്നു. ആദ്യം കേരളം, തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിലാണ് തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. 2022 മെയ് 6 ന് കേരളത്തിലെ കൊല്ലം ജില്ലയിലാണ് തക്കാളിപ്പനി ആദ്യമായി കണ്ടെത്തിയത

. വൈറല്‍ അണുബാധയുടെ വ്യാപനം നിരീക്ഷിക്കുന്നതിനും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഇത് വ്യാപിക്കുന്നത് തടയുന്നതിനും കേരള ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച്‌ കഴിഞ്ഞു. സെപ്തംബറില്‍, അസമില്‍ നൂറിലധികം തക്കാളിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ദിബ്രുഗഡ് ജില്ലയിലെ രണ്ട് സ്കൂളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

വൈറസ് ശരീരത്തില്‍ കയറി ഏതാണ്ട് ഒരാഴ്ചക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ചെറിയ പനിയായി തുടങ്ങി, പിന്നീട് കൈകാലുകളിലും വായിലും ചുവന്ന വെള്ളം നിറഞ്ഞ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. ചിലരില്‍ വായിലെ തൊലി പോവുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ഒപ്പം ക്ഷീണം, തൊണ്ട വേദന, ആഹാരവും വെള്ളവും ഇറക്കാന്‍ ബുദ്ധിമുട്ട്, ശരീര വേദന എന്നീ ലക്ഷണങ്ങളും ഉണ്ടാകാം.

ഉത്തര്‍പ്രദേശ്, തമിഴ്നാട് സര്‍ക്കാരുകളും തക്കാളിപ്പനിയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണെന്നും അധികൃതര്‍ പറഞ്ഞു. ഇത് വൈറല്‍ രോഗങ്ങളുടെ യുഗത്തിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ത്വക്ക് രോഗ വിദഗ്ധന്‍ ഭാവുക് ധിര്‍ പറഞ്ഞു.

Read : തക്കാളിപനി

തക്കാളിപ്പനി – Tomato Fever – Malayalam Arogya Tips

തക്കാളിപ്പനി - Tomato Fever

തക്കാളിപ്പനി – Tomato Fever – Malayalam Arogya Tips

തക്കാളിപ്പനി – Tomato Fever

തക്കാളിപ്പനി ശുചി മുറി എന്ന വാക്ക് പോലെ പത്രങ്ങൾ സംഭാവന ചെയ്ത ഒരു പേരാണ്. Hand Foot Mouth Disease (കൈ ,കാൽ ,വായ് അസുഖം) എന്നതാണ് ശരിയായ പേര്.ചെറിയ കുട്ടികളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്.

തക്കാളിപ്പനിയെ കുറിച്ച് അധികം ആരും കേട്ടിട്ടുണ്ടാകില്ല. ഈ മഴക്കാലത്ത്‌ പത്ത്‌ വയസ്സിൽ താഴെയുള്ള കുട്ടികളിലും അപൂർവ്വമായി മുതിർന്നവർക്കും തക്കാളിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പല സ്‌കൂളുകളിലും ഡേ കെയറിലുമൊക്കെ ഒന്നടങ്കം ഈ രോഗം വരുന്നതായും കാണുന്നു.

എന്താണ്‌ ഈ തക്കാളിപ്പനി ?

‘തക്കാളിപ്പനി’ കാലാകാലങ്ങളായി ഇവിടുള്ള HFMD അഥവാ Hand Foot Mouth Disease ആണ്‌. കോക്‌സാക്കി വൈറസ്‌ അല്ലെങ്കിൽ എന്ററോവൈറസ്‌ ഉണ്ടാക്കുന്ന ഈ അസുഖം അപകടകാരിയല്ലയെങ്കിലും മക്കൾക്ക്‌ വല്ലാത്ത അസ്വസ്‌ഥതയുണ്ടാക്കുന്നതാണ്‌.

പനി, ക്ഷീണം, കൈവെള്ളയിലും കാൽവെള്ളയിലും വായ്‌ക്കകത്തും ചന്തിയുടേയും കൈകാൽ മുട്ടുകളുടെയും ഭാഗത്തും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്‌സ് പോലെ പൊള്ളകളാവുന്നതാണ്‌ ലക്ഷണം. ചിക്കൻപോക്‌സ്‌ കൈവെള്ളയിലും കാൽവെള്ളയിലും പൊങ്ങാറില്ല. വായയുടെ അകത്ത്‌ പിറകുവശത്തായി വരുന്ന പൊള്ളകൾ കാരണം കുഞ്ഞിന്‌ മരുന്ന്‌ പോയിട്ട്‌ പച്ചവെള്ളം പോലും ഇറക്കാൻ പറ്റാത്ത സ്‌ഥിതി വരുന്നതാണ്‌ ഏറ്റവും വിഷമകരമായ പ്രായോഗിക ബുദ്ധിമുട്ട്.

രോഗമുള്ളവരിൽ നിന്നും നേരിട്ടാണിത്‌ പകരുന്നത്‌. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും മറ്റും തൊടുന്നത്‌ വഴി പോലും പകരാവുന്ന ഈ രോഗം നിയന്ത്രിക്കാൻ പാടാണ്‌. രോഗം വന്ന്‌ കഴിഞ്ഞാൽ കുഞ്ഞിന്റെ ലക്ഷണങ്ങൾക്കനുസരിച്ച്‌ ചികിത്സിക്കാം. പനി, വേദന തുടങ്ങിയവക്ക്‌ പാരസെറ്റമോളും കൂടാതെ ചൊറിച്ചിലിനുള്ള മരുന്നുകൾ, വായ്‌ക്കകത്ത്‌ പുണ്ണ്‌ പോലെ വരുന്നതിനുള്ള മരുന്ന്‌ തുടങ്ങിയവയാണ്‌ പതിവ്‌. രോഗം മാറി ആഴ്‌ചകൾക്ക്‌ ശേഷം ചിലപ്പോൾ കൈയിലെയോ കാലിലെയോ നഖം നഷ്‌ടപ്പെടുന്നത്‌ കണ്ടുവരാറുണ്ട്‌. ഇത്‌ കണ്ട്‌ ഭയക്കേണ്ടതില്ല. കുറച്ച്‌ വൈകിയാലും പുതിയ നഖം വരും. ഈ രോഗം മസ്‌തിഷ്‌കജ്വരത്തിനും കാരണമാകാമെങ്കിലും അത്ര സാധാരണമല്ല.

രോഗം വന്ന്‌ കഴിഞ്ഞാൽ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക. കുളിപ്പിക്കുമ്പോൾ തേച്ചുരച്ച്‌ പൊള്ളൽ പൊട്ടിക്കരുത്‌. നന്നായി സോപ്പ്‌ തേച്ച്‌ വൃത്തിയായി കുളിപ്പിക്കുക. വാശി തികച്ചും സ്വാഭാവികമാണ്‌. അത്രയേറെ അസ്വസ്ഥത ഉള്ളത്‌ കൊണ്ട്‌ തന്നെയാണ്‌ കുഞ്ഞ്‌ വഴക്കുണ്ടാക്കുന്നത്‌. സാരമില്ല, ക്ഷമയോടെയിരിക്കുക. വായ്‌ക്കകത്തെ ബുദ്ധിമുട്ട് കുറയ്‌ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുത്ത്‌ നോക്കാം. ബ്രഡ്‌ ആവി കയറ്റി വക്ക്‌ കളഞ്ഞ്‌ പാലൊഴിച്ചതോ ചെറിയ പഴം ഉടച്ചതോ ആപ്പിളോ സപ്പോട്ടയോ സ്‌പൂൺ കൊണ്ട്‌ ചുരണ്ടിയതോ വേവിച്ചുടച്ച കഞ്ഞിയോ ബിസ്‌ക്കറ്റോ അങ്ങനെ ഇറക്കാനും ദഹിക്കാനും എളുപ്പമുള്ള എന്തും കുഞ്ഞിന്‌ കൊടുക്കാം. തൽക്കാലം കുട്ടി വിശന്നിരിക്കരുത്‌ എന്നത്‌ മാത്രമാണ്‌ നമ്മുടെ വിഷയം. അതിലപ്പുറം ആ വാശിപ്പൈതലിനെയും കൊണ്ട്‌ നമുക്ക്‌ ഒന്നിനും സാധിച്ചേക്കില്ല. കിട്ടുന്ന നേരത്ത്‌ അമ്മയോ അച്‌ഛനോ കുഞ്ഞിനെ നോക്കുന്ന മറ്റാരുമോ ആവട്ടെ, വല്ലതും കഴിക്കാനും ഉറങ്ങാനും നോക്കുക. നിങ്ങൾ ഉണ്ണാതെയും ഉറങ്ങാതെയും തല കറങ്ങി വീണാൽ കുഞ്ഞിന്റെ കാര്യം കഷ്‌ടത്തിലാകും.

മുലയൂട്ടുന്ന കുഞ്ഞാണെങ്കിൽ, വലിച്ച്‌ കുടിക്കാൻ പറ്റാത്ത അവസ്‌ഥ കണ്ടുവരാറുണ്ട്‌. സ്‌റ്റീൽ പാത്രവും സ്‌പൂണും നന്നായി കഴുകിയ ശേഷം അഞ്ച്‌ മിനിറ്റ്‌ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ അണുനശീകരണം നടത്തുക. ആ പാത്രം പുറത്തെടുത്ത്‌ അതിലേക്ക്‌ മുലപ്പാൽ പിഴിഞ്ഞ്‌ കുഞ്ഞിന്‌ കോരിക്കൊടുക്കാം. പിഴിഞ്ഞ പാൽ ആവശ്യത്തിന്‌ മാത്രം മേൽപ്പറഞ്ഞ രീതിയിൽ ശുദ്ധീകരിച്ച പാത്രത്തിലേക്ക്‌ മാറ്റി അതിൽ നിന്ന്‌ കോരിക്കൊടുക്കുക. ബാക്കിയുള്ള പാൽ ആറ്‌ മണിക്കൂർ വരെ അന്തരീക്ഷതാപനിലയിലും 24 മണിക്കൂർ വരെ ഫ്രിഡ്‌ജിലും വെക്കാം. മുലപ്പാൽ ഇതിലധികം നേരവും ഫ്രിഡ്‌ജിൽ വെക്കാമെന്ന്‌ ഗൂഗിളിൽ വായിച്ചെന്നാണോ? അതിന്‌ ഉചിതമായ സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്‌. വിശദമാക്കി പിന്നീടെഴുതാം. ഏതായാലും, ഈ പാൽ ഫ്രിഡ്ജിൽ നിന്ന്‌ പുറത്തെടുത്ത്‌ നോർമൽ താപനില എത്തിയ ശേഷം ഉപയോഗിക്കാം. ചൂടാക്കരുത്‌.

കുഞ്ഞിനെ തൊടുന്നതിന്‌ മുൻപും ശേഷവും കൈ സോപ്പിട്ട്‌ കഴുകുക. മലം, തുപ്പൽ, ഛർദ്ദിൽ തുടങ്ങിയവ വഴി രോഗം പടരാം. ഒരാഴ്‌ച മുതൽ പത്ത്‌ ദിവസം കൊണ്ട്‌ രോഗം പൂർണമായും മാറും. അത്‌ വരെ കുഞ്ഞിനെ സ്‌കൂളിൽ വിടരുത്‌. അവിടെയാകെ മൊത്തം രോഗം പടരാൻ നമ്മുടെ കുഞ്ഞ്‌ കാരണമാകും. ടെൻഷൻ ആവാൻ ഒന്നുമില്ല. എങ്കിലും, ഡോക്‌ടർ രോഗം നിർണയിച്ച്‌ വീട്ടിൽ പറഞ്ഞ്‌ വിട്ട ശേഷവും കുഞ്ഞ്‌ കടുത്ത അസ്വസ്ഥതകൾ കാണിക്കുന്നുവെങ്കിൽ ഡോക്‌ടറെ വീണ്ടും ചെന്ന്‌ കാണിക്കുക. ഒരിക്കൽ വന്നാൽ വീണ്ടും വരാൻ സാധ്യതയുള്ള രോഗവുമാണ്‌.

രോഗകാരി

പ്രധാനമായും കോക്സാക്കി വൈറസ് A16 ,എൻററോ വൈറസ് 71 എന്നിവയാണ് തക്കാളിപ്പനി ഉണ്ടാക്കുന്ന രോഗാണുക്കൾ.
കോക്സാക്കി A ,B ഗ്രൂപ്പുകളിൽ പെട്ട മറ്റ് ചില വൈറസുകളും ,ചില എക്കോ വൈറസുകളും രോഗം ഉണ്ടാക്കാറുണ്ട്.

രോഗലക്ഷണങ്ങൾ

താരതമ്യേന ലഘുവായ ഒരു അസുഖമാണ് തക്കാളിപ്പനി. വൈറസ് ശരീരത്തിൽ കടന്ന് രോഗലക്ഷണം പ്രകടമാവാൻ 3 മുതൽ 6 ദിവസം വരെ സമയമെടുക്കും.

  • പനി
  • ക്ഷീണം
  • കൈവെള്ളയിലും കാൽവെള്ളയിലും വായ്‌ക്കകത്തും ചന്തിയുടേയും കൈകാൽ മുട്ടുകളുടെയും ഭാഗത്തും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്‌സ് പോലെ പൊള്ളലാവുന്നു. 
  • ചെറിയ പനിയോടെയാണ് രോഗത്തിന്റെ തുടക്കം.അതോടൊപ്പം വായ്ക്കകത്ത് നാവിലും മോണയിലും കവിളിനകത്തും കുഞ്ഞു കുമിളകളും പ്രത്യക്ഷപ്പെടും. തൊണ്ടവേദനയും ഭക്ഷണവും വെള്ളവും ഇറക്കുന്നതിന് പ്രയാസവും അനുഭവപ്പെടും.ചെറിയ കുഞ്ഞുങ്ങൾ വായിൽ നിന്ന് നേരിയ തോതിൽ ഉമിനീരുമൊലിപ്പിക്കും.
  • ഒന്ന് രണ്ട് ദിവസത്തിനകം കയ്യിലും കാലിലും ചുവന്ന തടിപ്പും കുമിളകളും വന്നു തുടങ്ങും. കൈപ്പത്തി യിലും കാൽപ്പാദത്തിലും കാൽമുട്ടിലും പൃഷ്ഠഭാഗത്തും കുമിളകൾ വരാം. കൈപ്പത്തിയിലും കാൽപ്പാദത്തിലും ഉൾഭാഗത്തും (വെള്ളയിൽ) കുമിളകൾ കാണാം.
  • വേദനയും ചൊറിച്ചിലും അസ്വസ്ഥതയും ഭക്ഷണമിറക്കാനുള്ള പ്രയാസവും ഒക്കെക്കൂടി കുട്ടികൾ കരച്ചിലും വാശിയുമൊക്കെയായിരിക്കും. കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാനും എന്തെങ്കിലും കഴിപ്പിക്കാനും ശ്രമിച്ച് അച്ഛനമ്മമാർ വശംകെടും.
  • ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഈ കുമിളകൾ എല്ലാം കരിഞ്ഞുണങ്ങും.
  • രോഗം മാറി ആഴ്ചകൾക്ക് ശേഷം നഖങ്ങളും , കയ്യിലേയും കാലിലേയും തൊലിയും അടർന്നു പോകുന്നതും കണ്ടുവരാറുണ്ട്.

പകരുന്നതെങ്ങനെ?

▪ രോഗിയുമായുള്ള സമ്പർക്കം വഴി .. രോഗി സ്പർശിച്ച വസ്തുക്കൾ വഴി ..

▪ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങൾ വഴി ..

▪ ഉമിനീർ വഴി ..

▪ കുമിളകളിലെ സ്രവങ്ങൾ വഴിയും മലത്തിലൂടെയും …

♻ അംഗൻവാടികളിലും ശിശു പരിപാലന കേന്ദ്രങ്ങളിലുമൊക്കെ എളുപ്പത്തിൽ രോഗമുള്ള ഒരു കുഞ്ഞിൽ നിന്ന് മറ്റ് കുഞ്ഞുങ്ങളിലേക്ക് രോഗം പകരും.

ചികിത്സ

▪പ്രത്യേക ചികിത്സയൊന്നുമില്ല ഇതിന്. പനിയ്ക്കും ചൊറിച്ചിലിനുമുള്ള മരുന്നുകൾ നൽകാം.കലാമിൻ ലോഷൻ പോലുള്ളവ പുരട്ടുന്നതും ചൊറിച്ചിൽ കുറയ്ക്കാൻ സഹായിക്കും.

▪ഭക്ഷണവും വെള്ളവും കഴിയ്ക്കാനുള്ള വിമുഖത കുട്ടികളിൽ നിർജലീകരണത്തിന് വഴി വെയ്ക്കാനിടയുണ്ട്.അതുകൊണ്ട് പഴച്ചാറുകളും ,കുറുക്കും ,സൂപ്പുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

▪കുഞ്ഞിനെ ദിവസേന സോപ്പ് തേച്ച് കുളിപ്പിക്കാവുന്നതാണ്. എന്നാൽ തേച്ചുരച്ച് കുമിളകൾ പൊട്ടാതെ ശ്രദ്ധിക്കണം.

❤ സോപ്പിട്ട് കൈ കഴുകുന്നതും ,വ്യക്തിശുചിത്വം പാലിക്കുന്നതും ,പൊതു ഇടങ്ങൾ അണുവിമുക്തമാക്കി സൂക്ഷിക്കുന്നതും രോഗവ്യാപനം തടയും.

സങ്കീർണതകൾ

താരതമ്യേന ലഘുവായ ഒരസുഖമാണിത്. എന്നാൽ അപൂർവമായി മാരകമായ ചില സങ്കീർണതകൾക്കും തക്കാളിപ്പനി വഴി വെയ്ക്കാം.

മെനിഞ്ചൈറ്റിസ് ,മസ്തിഷ്ക ജ്വരം ,ശ്വാസകോശത്തിലെ നീർക്കെട്ട് തുടങ്ങിയ സങ്കീർണതകൾ ജീവഹാനിയ്ക്ക് പോലും കാരണമാകാം. ഇവ കൂടുതലും എന്റെറോ വൈറസ് 71 മൂലമുള്ള രോഗബാധയിലാണ് കാണുന്നത്.

പ്രത്യേകശ്രദ്ധയ്ക്ക് 

എളുപ്പത്തിൽ പകരുന്ന അസുഖമായത് കൊണ്ട് ,നിങ്ങളുടെ കുഞ്ഞിന് അസുഖം പൂർണമായി ഭേദമാകുന്നത് വരെ അംഗൻവാടിയിലോ ,ശിശു പരിപാലന കേന്ദ്രങ്ങളിലോ ,സ്കൂളുകളിലോ അയയ്ക്കരുത്.

മലയാളം ആരോഗ്യ ടിപ്സ്

Read More:

കുട്ടികളുടെ കണ്ണുകൾക്കുള്ള പരിചരണം. 

ശിശു സംരക്ഷണം

അലർജി

വിറ്റാമിൻ

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്