കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ ഏതൊരു മാതാപിതാക്കളും നൽകേണ്ടുന്ന ഒന്നാണ്. കുഞ്ഞിന് ഭക്ഷണം കഴിക്കാൻ ഭയങ്കര മടിയാണെന്നത് വളരെ വ്യാപകമായി കേൾക്കുന്ന പരാതിയാണ്. എല്ലാ അമ്മമാരും പറയും, എന്റെ കുട്ടി ഒന്നും കഴിക്കുന്നില്ല എന്ന്. ലളിതമാണ് മറുപടി. ഒന്നും കഴിക്കാതെ കുട്ടിക്ക് ഇങ്ങനെയിരിക്കാന്‍ പറ്റില്ല.

വിശപ്പുണ്ടെങ്കില്‍ കുട്ടി കഴിച്ചോളും

നമ്മള്‍ വിചാരിച്ചത്രെ കുട്ടി കഴിക്കണമെന്ന് വാശിപിടിക്കുന്നതില്‍ കാര്യമില്ല. (കുട്ടിക്കല്ല നമുക്കാണ് വാശി). വേണ്ടത്ര കഴിക്കാനുള്ള സൗഹാര്‍ദ്ദപരമായ സാഹചര്യമുണ്ടാക്കലാണ് പ്രധാനം. കഴിക്ക് കഴിക്ക് എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും പിറകേ നടക്കുകയും ചെയ്താൽ കുട്ടിക്ക് ഭക്ഷണത്തോടു തന്നെ വിരക്തി വരും.

ഡോക്ടറെ വിളിക്കും, സൂചിവെക്കും, മാഷ് തല്ലും എന്നൊക്കെ ഭയപ്പെടുത്തിയാണ് പലരും കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാറ്. ഡോക്ടറെയും മാഷിനേയും അനാവശ്യമായി വെറുക്കും എന്നതിനേക്കാൾ പ്രധാനം ഭക്ഷണസമയമടുക്കുമ്പോൾ തന്നെ കുട്ടിക്ക് പേടി തുടങ്ങും എന്നതാണ്. അപ്പോഴേ വിശപ്പ് കെടും. ആ സമയം എങ്ങനെയെങ്കിലും കടന്നുകിട്ടാനാവും ശ്രമം.

ഒരുമിച്ചിരുന്ന് ചിരിച്ചുകളിച്ച് കഴിപ്പിക്കുകയാണ് വേണ്ടത്.

പതിനൊന്നുമണിക്ക് രണ്ടുഗ്ലാസ് പാല്‍ കുടിച്ചാല്‍ ഉച്ചയ്ക്ക് ചോറുണ്ണുമോ?

നമ്മള്‍ പത്തുഗ്ലാസ് പാല്‍ കുടിക്കുന്നപോലെയാണ് ചെറിയകുട്ടിക്ക് രണ്ടുഗ്ലാസ്. ഉച്ചയ്ക്ക് നന്നായി കഴിക്കണമെങ്കില്‍ അപ്പോഴേക്കും വിശക്കാൻ പാകത്തിന് ഭക്ഷണം നേരത്തെ കൊടുക്കണം.

കുഞ്ഞിന് തൂക്കക്കുറവില്ലെങ്കില്‍, കളിയും ചിരിയുമൊക്കെയുണ്ടെങ്കില്‍ ഒരു പ്രശ്‌നവുമില്ല. “അയല്‍പക്കത്തെ കുട്ടിയെ നോക്ക്, എത്ര നന്നായി തിന്നുന്നു.” തുടങ്ങിയ അനാവശ്യ താരതമ്യങ്ങൾ ഒഴിവാക്കണം. പുതിയ അണുകുടുംബങ്ങളുടെ പൊതുവായ പ്രശ്‌നമാണിത്. അമ്മൂമ്മമാർ കൂടെ ഉണ്ടെങ്കിൽ കാക്കയെയും പൂച്ചയെയും കാണിച്ച് അവർ കുട്ടിയെ കളിപ്പിച്ചോളും.

ഉണ്ണുകയെന്നത് സന്തോഷകരമായ അനുഭവമാകണ്ടേ?

ഉച്ചയ്ക്ക് കുട്ടിയെ ഭക്ഷണം കഴിപ്പിച്ചിട്ടു വേണം രണ്ടുമണിക്ക് ഓഫീസിലെത്താൻ എന്ന ധൃതിയോടെ ബഹളം കൂട്ടിയിട്ട് കാര്യമില്ല. പ്രഷർ വേണ്ട. കുട്ടി സ്വയം കഴിച്ചോളും. അസമയങ്ങളിലുള്ള അനാവശ്യ ഭക്ഷണങ്ങൾ (ബിസ്‌കറ്റും പാലുമൊക്കെ) ഒഴിവാക്കിയാൽ തന്നെ ശരിയായ സമയത്ത് കുട്ടികൾ ആഹാരം കഴിക്കും.

ഹോര്‍ലിക്‌സ്, കോംപ്ലാന്‍, ബോണ്‍വിറ്റ പോലുള്ള ഫുഡ് സപ്ലിമെന്റുകൽ 

സാധാരണമട്ടില്‍ ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് ആവശ്യമില്ല. ആവശ്യത്തിന് തൂക്കമുണ്ടാവുക, ക്ഷീണമൊന്നുമില്ലാതെ കളിക്കുക ഇതൊക്കെയുണ്ടെങ്കിൽ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉല്‍ക്കണ്ഠയുടെ ആവശ്യമില്ല. മറ്റെല്ലാം പരസ്യങ്ങളിലെ അവകാശവാദങ്ങളും അനാവശ്യ ഭയങ്ങളും മാത്രം.

പിന്നെ, കൊക്കോ ചേര്‍ന്ന (ചോക്ലേറ്റ് നിറത്തിലുള്ള) പൊടികള്‍ ചില കുട്ടികള്‍ക്ക് അലര്‍ജിയുണ്ടാക്കും. ചുമ, ശ്വാസംമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണാം ഇവര്‍ക്ക്. ആസ്തമയുടെ കുടുംബപശ്ചാത്തലമുള്ളവര്‍ ഇവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

മിഠായികളുടെ പ്രധാന ദോഷം അതില്‍ ചേർക്കുന്ന നിറങ്ങളും പ്രിസര്‍വേറ്റീവുകളുമൊക്കെയാണ്. ഐസ്‌ക്രീമിനും ഈ പ്രശ്‌നമുണ്ട്. കൂട്ടത്തില്‍ തണുപ്പും. കോളയുടെ കാര്യത്തില്‍ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളുമുണ്ട്. കോള മാത്രം കഴിച്ച് മറ്റാഹാരം കഴിക്കാതെ പോഷകക്കുറവ് അനുഭവപ്പെടുന്ന കുട്ടികളെ ഗള്‍ഫ് പശ്ചാത്തലമുള്ള വീടുകളില്‍ കണ്ടിട്ടുണ്ട്. മിഠായിയും ഐസ്‌ക്രീമുമൊക്കെ വല്ലപ്പോഴും കൊടുക്കാം. തീരെ ഒഴിവാക്കി മനഃപ്രയാസമുണ്ടാക്കേണ്ടല്ലോ.

പ്രമേഹമുള്ളവരോടും വല്ലപ്പോഴും മധുരം കഴിച്ച് ആശ തീര്‍ത്തോളാന്‍ ഡോക്ടര്‍മാര്‍ തന്നെ പറയാറുണ്ട്. പഞ്ചസാരയും തീരെ കൊടുക്കാതിരിക്കേണ്ട. കുട്ടികള്‍ക്ക് മിതമായ വിധം കൊടുക്കാം.

ഒരു സാധനം മാത്രം കൂടുതലായി കഴിക്കുന്നത് നന്നല്ല. അത് ബാലന്‍സ്ഡ് ഡയറ്റ് ആവില്ല. എല്ലാ പോഷകമൂല്യങ്ങളും കിട്ടണം. മറ്റു വിറ്റാമിനുകളും പോഷകങ്ങളും കിട്ടാന്‍ പച്ചക്കറികളും ഇലക്കറികളുമൊക്കെ ധാരാളം കഴിപ്പിക്കണം. ചീര, കയ്പക്ക, പേരക്ക അങ്ങനെയെല്ലാം.

സ്‌കൂളിലേക്ക് വീട്ടുഭക്ഷണം തന്നെ കൊടുത്തുവിടണം. സ്‌കൂള്‍ വിട്ട് വിശന്നുവരുമ്പോള്‍ ബേക്കറി പലഹാരങ്ങള്‍ കൊടുക്കുന്നത് നന്നല്ല. നല്ല വിശപ്പുണ്ടെങ്കില്‍ വീട്ടില്‍ തന്നെയുണ്ടാക്കുന്ന എന്തെങ്കിലും കഴിച്ചോട്ടെ. ഉച്ചയ്ക്ക് സ്‌കൂളില്‍നിന്നു ചോറുണ്ണാത്ത കുട്ടികളാണെങ്കില്‍ വൈകുന്നേരം വീട്ടിലെത്തി ചോറു കഴിക്കുന്നതില്‍ കുഴപ്പമില്ല. ഇടനേരത്ത് കഴിക്കാന്‍ പഴങ്ങള്‍ കൊടുത്തുവിടാം. ന്യൂഡില്‍സ്, പഫ്‌സ് തുടങ്ങിയവ സ്‌കൂളിലേക്ക് കൊടുത്തയയ്ക്കുന്ന പതിവ് ശരിയല്ല.

കുട്ടിക്ക് ബിസ്കറ്റും കേക്കും മാത്രമാണ് ഇഷ്ടം’ എന്നു പറയുന്നതൊക്കെ ഒഴികഴിവാണ്. കുഞ്ഞ് പാന്റും ഷര്‍ട്ടുമിട്ട് ബൈക്കെടുത്തു പോയി അതെല്ലാം വാങ്ങിക്കൊണ്ടുവന്ന് തിന്നുന്നില്ലല്ലോ. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍നിന്ന് കുഞ്ഞിനെ അകറ്റിനിർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.

കറിയിലെ പച്ചക്കറിയും ഇറച്ചിയുമെല്ലാം എരിവുണ്ടാകുമെന്നു പറഞ്ഞ് കഴുകിയും, കഞ്ഞി ജ്യൂസടിച്ചുമൊന്നും രുചി കളയരുത്. അവരെല്ലാം കഴിച്ച് വളരട്ടെ.

ഭക്ഷണവുംകൊണ്ട് പിറകെ നടക്കുന്ന ശീലമുണ്ടാക്കരുത്. പകരം, വിശക്കുമ്പോൾ അവർ വന്നുചോദിക്കുന്ന ശീലം വളർത്തുക. വിശന്നാൽ കുഞ്ഞ് വരികതന്നെ ചെയ്യും. എത്ര നേരത്തെ കുടുംബത്തിന്റെ സാധാരണ ഭക്ഷ്യരീതിയിലേക്ക് കുഞ്ഞിനെ കൊണ്ടുവരുന്നോ അത്രയുംവേഗം അവര്‍ നന്നായി കഴിച്ചുതുടങ്ങും. നമ്മുടെ ഭക്ഷ്യവൈവിധ്യവും രുചികളുംതന്നെ കാരണം.

മലയാളം ആരോഗ്യ ടിപ്സ്

Read Related Topic :

കുഞ്ഞുങ്ങൾക്കായി ടോണിക് ഉണ്ടാക്കാം

ചേലാകർമ്മം അഥവാ സർകംസിഷൻ

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !

കുട്ടികൾ രണ്ട് തരം

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

കുഞ്ഞുങ്ങളുടെ ആഹാരക്രമം, ചില അറിവുകൾ

കുഞ്ഞുങ്ങളുടെ ആഹാരക്രമം

കുഞ്ഞുങ്ങളിലെ ആഹാരക്രമം, ചില അറിവുകൾ

കുഞ്ഞുങ്ങളുടെ ആഹാരക്രമം മാതാപിതാക്കൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു കാര്യമാണ്. ആദ്യമാസങ്ങളില്‍ കുഞ്ഞുങ്ങള്‍ ആകെ ചെയ്യുന്ന പ്രവൃത്തികള്‍ ഉറക്കവും ആഹാരം കഴിക്കലും മാത്രമാണ്‌. കുഞ്ഞിന്‌ ആവശ്യമുള്ളപ്പോള്‍ ആഹാരം നല്‍കുകയാണ്‌ ഏറ്റവും നല്ലരീതി. മുലയൂട്ടുമ്പോഴും മറ്റ്‌ ആഹാരങ്ങള്‍ നല്‍കുമ്പോഴും ഇത്‌ പാലിക്കുക. സാധാരണ ഗതിയില്‍ എത്രതവണ കുഞ്ഞുങ്ങള്‍ക്ക്‌ ആഹാരം കൊടുക്കണമെന്നും എന്തുമാത്രം ആഹാരം കൊടുക്കണമെന്നും മനസ്സിലാക്കിയിരുന്നാല്‍ കുഞ്ഞ്‌ ആഹാരം കഴിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ എളുപ്പം തിരിച്ചറിയാനാകും.

കുഞ്ഞുങ്ങളുടെ ആഹാരക്രമം; ആവശ്യമുള്ളപ്പോള്‍ ഊട്ടുക

കുഞ്ഞ്‌ വിശക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടോ എന്ന്‌ ശ്രദ്ധിക്കുക. വിശപ്പിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ആഹാരം കൊടുക്കുക. കുഞ്ഞുങ്ങളുടെ ആഹാരക്രമം നിയന്ദ്രിക്കുന്നതിനുവേണ്ടി ഒരു സമയക്രമം ഉണ്ടാക്കി അതിനനുസരിച്ച്‌ ആഹാരം നല്‍കുന്നതിനേക്കാള്‍ നല്ലത്‌ ഈ രീതിയാണ്‌. കുഞ്ഞിന്‌ വിശപ്പില്ലാത്തപ്പോള്‍ ആഹാരം കൊടുക്കാന്‍ ശ്രമിക്കരുത്‌. വിശക്കുമ്പോള്‍ കുട്ടികള്‍ പാലികുടിക്കുന്നത്‌ പോലെ കാണിക്കുകയോ വായ്‌ തുറക്കുകയോ ചെയ്യും.

കുഞ്ഞുങ്ങളുടെ ആഹാരക്രമം: ശ്രെദ്ധിക്കേണ്ടവ

1. കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം?

ഒരു കുഞ്ഞിന്റെ ആഹാര്യത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം സൂചിപ്പിക്കേണ്ടത് മുലപ്പാലിനെ കുറിച്ചാണ്. ഒരമ്മയ്ക്ക് കുഞ്ഞിന് നല്‍കാവുന്ന ഏറ്റവും മികച്ച വാക്‌സിനാണ് മുലപ്പാല്‍. കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്കകം തന്നെ മുലപ്പാല്‍ നല്‍കേണ്ടതാണ്. കുഞ്ഞിന്റെ മാനസിക, ശാരീരിക വളര്‍ച്ചയ്ക്ക് മുലപ്പാല്‍ അനിവാര്യ ഘടകമാണ്.

2. കുഞ്ഞിന് മുലപ്പാല്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

അമ്മ ഇരുന്നു മാത്രമേ കുഞ്ഞിനെ മുലയൂട്ടാന്‍ പാടുള്ളു. ഒരിക്കലും കിടന്നു കൊണ്ട് കുഞ്ഞിനെ മുലയൂട്ടാന്‍ പാടില്ല. കിടന്ന് മുലയൂട്ടുമ്പോള്‍ മലപ്പാല്‍ മൂക്കിലോ, ചെവിയിലോ കടന്ന് പിന്നീട് കുഞ്ഞിന് മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. പാല്‍ കൊടുത്ത ശേഷം കുഞ്ഞിന്റെ മുതുകില്‍ പതുക്കെ തട്ടി വയറിനുള്ളില്‍ അടിഞ്ഞു കൂടിയ ഗ്യാസ് പുറത്ത് കളയേണ്ടതാണ്.

3. കുഞ്ഞുങ്ങളില്‍ എപ്പോള്‍ മുതല്‍ കട്ടി ആഹാരം നല്‍കിത്തുടങ്ങാം?

ആറ് മാസം പ്രായമായ കുട്ടികള്‍ക്ക് മുലപ്പാലിനോടൊപ്പം കട്ടി ആഹാരങ്ങള്‍ കൊടുത്തു തുടങ്ങാം. കുറുക്ക്, ഏത്തപ്പഴം പുഴുങ്ങി ഉടച്ചത്, മുട്ടയുടെ മഞ്ഞ, വിവിധ തരം ഫലവര്‍ഗങ്ങള്‍, തുടങ്ങിയവ ഈ പ്രായത്തില്‍ നല്‍കാം. കുഞ്ഞിന് അരി, ഗോതമ്പ് തുടങ്ങിയ ആഹാരങ്ങള്‍ പരിചയപ്പെടുത്തി തുടങ്ങേണ്ട പ്രായം കൂടിയാണ് ഇത്. കുട്ടികള്‍ക്ക് ആവശ്യം കലോറി അടങ്ങിയ ഭക്ഷണങ്ങളാണ്. പ്രോട്ടീന്‍, ഫാറ്റ്, കാര്‍ബോഹൈഡ്രേറ്റ് എന്നി ഘടകങ്ങള്‍ കുഞ്ഞുങ്ങളിലെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം.

4. കുഞ്ഞിന് കട്ടി ആഹാരം കൊടുത്ത് ശീലിപ്പിക്കുന്നത് എങ്ങനെ?

തികച്ചും ശാന്തമായ അന്തരീക്ഷത്തിലിരുന്ന് വേണം കുഞ്ഞിന് ഭക്ഷണം നല്‍കാന്‍. നിര്‍ബന്ധിച്ചോ, ബലം പ്രയോഗിച്ചോ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പാടില്ല. കട്ടി ആഹാരം കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യത ഉള്ളതിനാല്‍ കുറുക്കു രൂപത്തിലുള്ളവ കൊടുത്ത് വേണം തുടങ്ങാന്‍. പുതിയ ആഹാര ശൈലിയുമായി കുഞ്ഞ് പൊടുത്തപ്പെട്ട് തുടങ്ങിയാല്‍ മുതിര്‍ന്ന ആളുകള്‍ കഴിക്കുന്ന ഏത് ഭക്ഷണവും കുഞ്ഞിനെ പരിചയപ്പെടുത്താവുന്നതാണ്. കുഞ്ഞ് ആവശ്യപ്പെടുന്നത് അനുസരിച്ചാണ് ഭക്ഷണം നല്‍കേണ്ടത്. അളവ് കുറച്ച് പല തവണകളായി വിവിധ തരം ഭക്ഷണം നല്‍കുന്നതും കുഞ്ഞിന് ആഹാരത്തിലുള്ള താത്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

5. ഭക്ഷണം കഴിക്കുന്ന സമയത്ത് ടി വി കാണിക്കാമോ?

കുട്ടികളെ ടെലിവിഷന്‍ മുന്നിലിരുത്തി ഭക്ഷണം കൊടുക്കുന്നത് തികച്ചും തെറ്റായ പ്രവണതയാണ്. കുഞ്ഞിന് ഭക്ഷണത്തോടുള്ള താത്പര്യം നഷ്ടപ്പെടുന്നതിന് പോലും ടി വി തടസമാകും. കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കും ടി വിക്ക് മുന്നില്‍ ഇരുത്തി ഭക്ഷണം നല്‍കുന്നത് ദോഷം ചെയ്യും.

6. ആഹാരം മിക്‌സിയില്‍ അടിച്ചു കൊടുക്കുന്നത് പ്രോത്സാഹിപ്പിക്കാമോ?

ഒരു കാരണവശാലും കുഞ്ഞിന് ഭക്ഷണം മിക്‌സിയില്‍ അടിച്ചു നല്‍കാന്‍ പാടില്ല. ആഹാരം സ്വയം കുഴച്ച് കഴിക്കുക എന്നത് കുട്ടി സ്വയം ശീലിക്കേണ്ട ഒന്നാണ്. ചില അവസരങ്ങളില്‍ കട്ടിയുള്ള ആഹാരം കുട്ടികളില്‍ ഛര്‍ദ്ദിക്ക് കാരണമാകാം. ഭക്ഷണ പദാര്‍ത്ഥം കൈകൊണ്ട് നന്നായി ഉടച്ച് നല്‍കുന്ന എന്നതാണ് ഇതിനുള്ള പ്രതിവിധി.

7.കുഞ്ഞ് സ്വന്തമായി ഭക്ഷണം കഴിച്ച് തുടങ്ങുന്നതെപ്പോള്‍?

ഒന്നര- രണ്ട് വയസ് ആകുമ്പോഴാണ് കുഞ്ഞുങ്ങള്‍ സ്വയം ഭക്ഷണം കഴിക്കാനുള്ള ശ്രമം തുടങ്ങുന്നത്. കുഞ്ഞിന് പ്രത്യേക പാത്രം നല്‍കി മാതാപിതാക്കള്‍ക്ക് ഒപ്പം ഇരുത്തി ഭക്ഷണം നല്‍കാവുന്നതാണ്. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് കുഞ്ഞില്‍ സന്തോഷവും ആത്മവിശ്വാസവും വളര്‍ത്തും. ഭക്ഷണം എങ്ങനെ കഴിക്കണം എന്ന നിര്‍ദ്ദേശം കുഞ്ഞിന് നല്‍കേണ്ടതാണ്.

8. കുട്ടികള്‍ക്ക് മാംസാഹാരം നല്‍കേണ്ടതെപ്പോള്‍?

6 മാസം പ്രായമായ കുഞ്ഞിന് മുട്ടയുടെ മഞ്ഞക്കരു നല്‍കി മാംസാഹാരം പരിചയപ്പെടുത്തി തുടങ്ങാം. കുഞ്ഞ് സ്വന്തമായി ആഹാരം കഴിച്ചു തുടങ്ങുമ്പോള്‍ മത്സ്യം, മാംസം എന്നിവ നല്‍കാവുന്നതാണ്. മാംസാഹാരം കുഞ്ഞിന് അലര്‍ജി ഉണ്ടാക്കുന്നില്ലെന്ന് അമ്മ പ്രത്യേകം ഉറപ്പ് വരുത്തണം. അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണം കുറച്ച് കാലത്തേക്കെങ്കിലും കുഞ്ഞിന് നല്‍കാതെ ശ്രദ്ധിക്കണം. മുട്ടയ്ക്കും മാംസത്തിനും ഒപ്പം കുഞ്ഞിന് പാലും പാലുത്പന്നങ്ങളും നല്‍കേണ്ടതാണ്.

9. ജങ്ക് ഫുഡ് കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടതുണ്ടോ?

കുഞ്ഞുങ്ങളില്‍ ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമാണ് ജങ്ക് ഫുഡുകളും പാക്കറ്റ് ഫുഡുകളും ബേക്കറി പലഹാരങ്ങളും. ഇവ കുഞ്ഞുങ്ങളുടെ ആഹാരത്തോടുള്ള താത്പര്യത്തെ പോലും ഇല്ലാതാക്കും. മധുരം കൂടുതലുള്ള ഭക്ഷണം അമിതമായി നല്‍കുന്നതും ശരിയായ പ്രവണത അല്ല. കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വറുത്തതും പൊരിച്ചതുമായ ഭക്ഷണം കുട്ടികള്‍ക്ക് അമിതമായി നല്‍കുന്നത് അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ബാല്യകാലം വളര്‍ച്ചയുടെ പ്രധാന ഘട്ടമായതിനാല്‍ കുഞ്ഞുങ്ങളുടെ ആഹാര രീതിയാല്‍ അതീവ ശ്രദ്ധ മാതാപിതാക്കള്‍ നല്‍കേണ്ടതാണ്. പഴം, പച്ചക്കറി, ഇല വര്‍ഗങ്ങള്‍, പയറു വര്‍ഗങ്ങള്‍, മാംസാഹാരം തുടങ്ങിയവ കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ചയ്ക്ക് അനിവാര്യ ഘടകങ്ങളാണ്.

10.പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യം

മുതിര്‍ന്നവരില്‍ എന്ന പോലെ കുട്ടികളിലും അതീവ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് പ്രഭാത ഭക്ഷണം. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളില്‍. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജത്തെ സ്വാധീനിക്കുന്നതില്‍ പ്രാതലിന് മുഖ്യ പങ്കുണ്ട്. മുതിര്‍ന്നവര്‍ കഴിക്കുന്ന ഏത് പ്രഭാത ഭക്ഷണവും കുട്ടികള്‍ക്കും നല്‍കാവുന്നതാണ്. പ്രാതല്‍ ഒഴിവാക്കുന്ന കുട്ടികളില്‍ ദിവസം മുഴുവന്‍ അമിത ക്ഷീണം, പഠിക്കാനുള്ള താത്പര്യക്കുറവ്, അലസത തുടങ്ങിയവ കണ്ടു വരാറുണ്ട്. ഒരു ദിവസം മുഴുവന്‍ ഊര്‍ജസ്വലരായിരിക്കാന്‍ ശരിയായ ഭക്ഷണവും ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതുമാണ് ആദ്യ പോംവഴി.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

ടോയ്‌ലറ്റ് പരിശീലനം കുട്ടികൾക്ക്

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ

അമ്മമാരുടെ ദേഷ്യം കുട്ടികളോട്

കളിപ്പാട്ടം കുഞ്ഞുങ്ങൾക്ക്

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്