ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം എന്നത് അത്ര വേഗം സാധിക്കുന്ന കാര്യമല്ല. നാല് വയസ്സുകാരൻ രാഹുലിനെ കൊണ്ട് എങ്ങും പോകാൻ കഴിയില്ല. എവിടെങ്കിലും പോയാൽ രാഹുലിനെ ഇഷ്ടപ്പെട്ടതു കിട്ടിയില്ലെങ്കിൽ നിലത്തു കിടന്നുരുണ്ട് കരഞ്ഞ് ബഹളം വയ്ക്കും. രാഹുലിനെ ആവശ്യപ്പെട്ട സാധനം വാങ്ങി നൽകിയോ ചോക്ലേറ്റും ഐസ്ക്രീമോ കൊടുത്താണ് അമ്മ എപ്പോഴും പ്രശ്നം പരിഹിക്കുക. ഇത് മിക്ക മാതാപിതാക്കളുടെ പ്രധാന പരാതിയാണിപ്പോൾ.

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കുക എന്നത് എല്ലാ മാതാപിതാക്കളും നേരിടുന്ന ഒരു തലവേദനയാണ്. എന്നാൽ അതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ശാഠ്യക്കാരായ കുട്ടികളുടെ കാരണക്കാരൻ മിക്കവാറും മാതാപിതാക്കളാണ്. കോപാകുലരായ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് ഇവിടെ വിശദീകരിക്കുന്നു.

പല രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ പ്രതീക്ഷയും സഹിഷ്ണുതയും നഷ്ടപ്പെട്ട് പോവുകയും ചെയ്യും ജീവിതം വെറുക്കപ്പെടുന്ന അവസ്ഥ വരെ എത്തിയിട്ടുണ്ട്. ഇത്തരം കുട്ടികള്‍ ബഹളം വെയ്ക്കുന്നവരും ആക്രമണ സ്വഭാവം ഉള്ളവരുമായിരിക്കും. അവര്‍ അച്ചടക്കമില്ലാത്തവരും എല്ലാം നശിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുമാണ്. അത്തരം സ്വഭാവത്തെ വെറുക്കുന്നുവെങ്കിലും ആഴത്തില്‍ ചിന്തിച്ചാല്‍ അവര്‍ അസ്വസ്ഥമായ സ്വഭാവമുള്ളവരാണെന്ന് കണ്ടെത്താനാവും.

🔴 കുട്ടികള്‍ കോപത്തോടെയിരിക്കുമ്പോള്‍ മാതാപിതാക്കള്‍ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെ ?

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

1. വൈകാരികത ഒഴിവാക്കുക (Sentiments)

കുട്ടികള്‍ കോപിച്ചിരിക്കുന്ന അവസരത്തില്‍ അവരോട് ദേഷ്യത്തോടെ സംസാരിക്കരുത്. കോപമുള്ള അവസരത്തില്‍ അവർക്ക് അത് മനസിലാകില്ല. അതിനാല്‍ വൈകാരികമായ സമീപനം ഒഴിവാക്കുകയാണ് ഉചിതം.

2. ശാരീരികമായ അടക്കിയിരുത്താൻ ശ്രമിക്കരുത് (Physical Restraint)

പലപ്പോഴും കുട്ടികളുടെ കോപം മാതാപിതാക്കളുടെ നിയന്ത്രണം നഷ്ടപ്പെടുത്തും. ശാരീരികമായി നിയന്ത്രിക്കാൻ ശ്രമിക്കുന്നത് അവരുടെ കോപം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.

3. അസഭ്യവാക്കുകള്‍ ഒഴിവാക്കുക (Bad words)

മാതാപിതാക്കള്‍ ഒരു മാതൃകയായി നിൽക്കേണ്ടത് അത്യാവശ്യമാണ്. കുട്ടിയോട് അസഭ്യവാക്കുകള്‍ പറയാതിരിക്കുക. ഇവ കുട്ടികളുടെ മനോഭാവത്തില്‍ ശക്തമായ മാറ്റമുണ്ടാക്കും. കുട്ടികള്‍ ഇത്തരം വാക്കുകള്‍ കേള്‍ക്കാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം. ചീത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നു കുട്ടിയെ പറഞ്ഞു മനസ്സിലാക്കുകയും, മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്ല മാതൃക കാണിക്കുകയും ചെയ്യണം.

4. യുക്തിസഹമല്ലാത്ത അനുമാനങ്ങള്‍ ഒഴിവാക്കുക (Illogical Assumption)

കുട്ടികളുടെ കോപം സംബന്ധിച്ച് മാതാപിതാക്കള്‍ പലപ്പോഴും ചില തെറ്റായ അനുമാനങ്ങളിലെത്തും. അത്തരം യുക്തിസഹമല്ലാത്ത കണ്ടെത്തലുകളിലേക്ക് പോകുന്നത് കോപത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം മനസിലാക്കാന്‍ സഹായിക്കില്ല. ഈ വാശി ഒരിക്കലും മാറ്റാൻ പറ്റില്ല, കുട്ടിക്ക് മാനസികമായ എന്തോ പ്രശ്നമുണ്ട് എന്നൊക്കെ സ്വയം ചിന്തിക്കരുത്.

5. ഭീഷണിയും പേടിപെടുത്തലും ഒഴിവാക്കുക (Threatening & Frightening)

കുട്ടി കോപാകുലനാവുമ്പോള്‍ അവനെ ഭീഷണിപ്പെടുത്തുന്നത് ഒരു വിഡ്ഡിത്തമാണ്. അത് പോലെ ബഹളം വയ്ക്കരുത് ‘കോക്കാന്‍ വരും, പിടിച്ചുകൊണ്ടുപോകും’ എന്നൊക്കെ പറഞ്ഞ് വിരട്ടരുത്. ‍ കുഞ്ഞുങ്ങളുടെ കരച്ചില്/വാശി മാറ്റുവാന്‍ പേടിപ്പിക്കുന്നത് ഒരിക്കലും നല്ലതല്ല. കാര്യങ്ങളെ സമാധാനപരമായി കണ്ട് രക്ഷാകര്‍ത്താവെന്ന നിലയില്‍ കുട്ടിക്ക് അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുക. ഭീഷണിയും പേടിപെടുത്തലും കാര്യങ്ങളെ ഭാവിയിൽ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ.

🔴 കുട്ടികൾക്കുള്ള വാശി അല്ലെങ്കിൽ കോപം മാറ്റാനുള്ള ഫലപ്രദമായ മാർഗങ്ങൾ എന്തൊക്കെ? ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

ഓർത്തു വയ്ക്കാനായി DANISH 😊 ഉപയോഗിക്കാം: Divert, Award, Negotiate, Ignore, Support, Humble

1. ശ്രദ്ധ തിരിക്കുക (Divert)

കുട്ടിയുടെ ശ്രദ്ധ മറ്റെന്തിലേക്കെങ്കിലും തിരിച്ചുവിടുക. ചെറിയ കുഞ്ഞുങ്ങളാണു വാശി പിടിക്കുന്നതെങ്കിൽ നിറമോ ശബ്ദമോ ഉള്ള എന്തെങ്കിലും കാണിച്ചു കുഞ്ഞിന്റെ ശ്രദ്ധ മാറ്റുക. ഒരു വയസ്സ് കഴിഞ്ഞ കുട്ടികളെ മറ്റൊരു കാര്യം പറഞ്ഞു ശ്രദ്ധ തിരിക്കുക.

സാധനങ്ങള്‍ വലിച്ചെറിയുന്ന കുട്ടി ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്. മാതാപിതാക്കൾ കുട്ടിയിലെ വാശിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നതു ശ്രദ്ധിക്കണം. പലപ്പോഴും ഇത് അറിയാതെ ആയിരിക്കും. സാധനങ്ങൾ മറ്റും എറിയുമ്പോൾ അതിനെ കുറിച്ച് സംസാരിക്കാതെ വേറൊരു കാര്യത്തിനെ കുറിച്ച് സംസാരിക്കുക.

∙ എപ്പോഴും വാശി കാണിക്കുന്ന കുട്ടികളെ മറ്റു ആക്ടിവിറ്റികളിലേക്ക്‌ തിരിച്ചു. ഉദാ: വരയ്ക്കാനിഷ്ടപ്പെടുന്ന കുട്ടിയെ വരയ്ക്കാൻ പ്രേരിപ്പിക്കാം. കരകൗശല വിദ്യ പരിശീലിപ്പിക്കാം.

∙ എപ്പോഴും വില കൂടിയ സാധനങ്ങൾ വേണമെന്നു വാശി പിടിക്കുന്ന കുട്ടികളെ സാമൂഹ്യസേവനം ചെയ്യാനും അനാഥാലയത്തിലെ കുട്ടികൾക്കു സഹായം നൽകാനും പ്രേരിപ്പിക്കാം.

2. പാരിതോഷികം (Award) നൽകുക

കൂടുതൽ വാശിയുള്ള കുട്ടികളെ അടക്കിയിരുത്താനായി വളരെ ഫലപ്രദമായ മാർഗമാണിത്. ഒരു ദിവസം നല്ല കുട്ടിയായിരുന്നാൽ കുട്ടിക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്തു കൊടുക്കുക. ഉദാ: ഒരു മുട്ടായി കൊടുക്കുക അല്ലെങ്കിൽ പാർക്കിൽ കളിക്കാനായി കൊണ്ട് പോകുക. കുട്ടിക്ക് വ്യക്തമായി മനസ്സിലാകണം കുട്ടിയുടെ നല്ല സ്വഭാവം കൊണ്ട് ഗുണങ്ങൾ ഉണ്ടെന്ന്.

3. ധാരണയുണ്ടാക്കുക (Negotiate)

ചിലർ തിരക്കേറിയ ജീവിതത്തിനിടെ സമയം പാഴാക്കാനില്ലാത്തതു കൊണ്ട് പെട്ടെന്നു കാര്യം സാധിച്ചു കൊടുക്കും. വാശി കാണിച്ചാൽ ആവശ്യപ്പെടുന്ന കാര്യം മാതാപിതാക്കൾ സാധിച്ചു നൽകുന്നുവെന്നു മനസ്സിലാക്കുന്നതോടെ കുട്ടി വാശി കാണിക്കുന്ന സ്വഭാവം ആവർത്തിക്കും. ഇത് മാതാപിതാക്കൾ തിരിച്ചറിയുന്നുമുണ്ടാവില്ല. അത് കൊണ്ട് തന്നെ കുട്ടിയുമായി ഒരു ധാരണയിൽ എത്തുക.

4. അവഗണിക്കുക (Ignore)

ശ്രദ്ധ തിരിച്ചു വിടാൻ പറ്റാത്ത കുറച്ചു മുതിർന്ന കുട്ടി വാശി കാണിക്കുമ്പോൾ കുട്ടിയുടെ സമീപത്തു സമാധാനമായിരിക്കുക. അതല്ലെങ്കിൽ അൽപസമയത്തേക്കു മുറിയിൽ നിന്നു മാറി നിൽക്കുക. കുട്ടി കരച്ചിൽ നിർത്തിക്കഴിഞ്ഞ ശേഷം മാത്രം മുറിയിലേക്കു ചെല്ലുക. വാശിയെടുക്കുന്ന കുട്ടിയോടു ദേഷ്യപ്പെട്ടു സംസാരിക്കുന്നത് ഒഴിവാക്കണം. അതല്ലെങ്കിൽ കുട്ടി കൂടുതൽ അസ്വസ്ഥമാകും. വാശി കൂടുകയും ചെയ്യും. എന്റെ വാശി ഇവിടെ ചിലവാവില്ല എന്ന് കുട്ടിക്ക് തന്നെ മനസിലാകും.

5.ഉപദേശവും പ്രേരണയും (Support)

കുട്ടിക്കുവേണ്ടി മാത്രമായി ഒന്നുരണ്ടു മണിക്കൂറെങ്കിലും ദിവസവും നല്‍കണം. അവരെ ഗുണദോഷിക്കുന്നതിന് മുമ്പ് അവർക്ക് പറയാനുള്ളതെന്താണെന്ന് കേൾക്കുക.ഒഴിവ് സമയത്ത് കുട്ടിയുടെ കൂടെ കളികളില്‍ പങ്കു ചേരുക. സ്‌കൂളിലെ കാര്യങ്ങളെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും കുട്ടിക്കു പറയാനുള്ളതെല്ലാം ക്ഷമയോടെ കേള്‍ക്കണം. പരാതികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അവ പരിഹരിക്കേണ്ടതാണ്. പഠനത്തിലും സ്നേഹത്തോടെ പ്രോത്സാഹനം നല്‍കണം. സത്യസന്ധത, ആത്മാര്‍ഥത, ക്ഷമ, സ്നേഹം, ലാളിത്യം, മിതവ്യയം, മുതലായ ഗുണങ്ങള്‍ മാതാപിതാക്കളില്‍നിന്നാണ് കുട്ടികള്‍ കൂടുതലായും പഠിക്കുന്നത്. അതിനാല്‍ മകന് നല്ല മാതൃകയായി മാതാപിതാക്കള്‍ പ്രവര്‍ത്തിക്കണം.

മാതാപിതാക്കൾ പറഞ്ഞു കൊടുക്കുന്നതോ നിർദേശിക്കുന്നതോ ആയ കാര്യങ്ങളേക്കാൾ പതിന്മടങ്ങ് കരുത്തുണ്ടാകും മുതിർന്നവർ നൽകുന്ന മാതൃകയ്ക്ക്. അച്ചടക്കം ശീലിപ്പിക്കേണ്ട മാതാപിതാക്കൾ കുട്ടികൾക്കു മാതൃകയായി പെരുമാറാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് ഓർമിക്കുക. ഒരു വയസ്സുള്ള കുട്ടി പോലും വീട്ടിലെ മുതിർന്നവരെ അനുകരിക്കുന്നതു കണ്ടിട്ടില്ലേ.

6. വിനയത്തോടെ (Humble) ഇടപെടുക

ഏതു സാഹചര്യത്തിലും മുതിർന്നവർ സമചിത്തത വിടാതെ ശ്രദ്ധിക്കണം. ചെറിയ കുട്ടികൾ വാശി പിടിച്ചു നിലത്തു കിടന്നുരുളാം. കയ്യിൽ കിട്ടുന്ന സാധനങ്ങൾ എടുത്തെറിയാം. കരഞ്ഞു ബഹളം വയ്ക്കാം. ദേഷ്യപ്പെടാതെ വളരെ വിനയത്തോടെ ഇടപെടണം. പറയുന്നത്ര എളുപ്പമെങ്കിലും വളരെ പ്രയോജനമുള്ള ഒരു മാർഗമാണിത്. കുട്ടിയുടെ വാശിയുടെ ശക്തി കുറയുമ്പോള്‍ ഇത്തരം സ്വഭാവം മോശമാണെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. ഇത്തരം പെരുമാറ്റം സമൂഹത്തില്‍ അംഗീകരിക്കപ്പെടില്ലെന്നും ദോഷഫലങ്ങളുണ്ടാകുമെന്ന് കുട്ടിയെ പറഞ്ഞു മനസിലാക്കുക.

മറ്റുള്ളവരുമായി പങ്കുവെച്ച് ജീവിക്കുന്നതിന്റെ പ്രധാന്യം മകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുത്തു വളര്‍ത്തുന്ന കുട്ടികള്‍ സ്വാര്‍ഥരും വാശിയുള്ളവരുമായി മാറാം. അതിനാല്‍ മറ്റു കുട്ടികളുമായി കളിപ്പാട്ടങ്ങള്‍ പങ്കുവെച്ചുകളിക്കുവാന്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കേണ്ടതാണ്.

ജന്മനാ ഉള്ള ഇത്തരം ദുഷ്സ്വഭാവങ്ങൾ മാറ്റാൻ കഴിയും എന്ന് മനസിലാക്കുക. കുഞ്ഞ് വളർന്ന് വരുന്ന ഗൃഹാന്തരീക്ഷം പരമ പ്രധാനമാണ് എന്ന് മനസിലായല്ലോ. വിവേക പൂർണമായ സമീപനം ആണ് വാശി കുറയ്ക്കാനായി ശ്രമിക്കുന്നെങ്കിൽ വാശി പേടിക്കേണ്ടതില്ല. ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം എന്നത് അല്പം ശ്രദ്ധിച്ചാൽ നമുക്ക് സാധിക്കും എന്ന് മനസ്സിലായല്ലോ.

Read : ജ്വരജന്നി

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ – 5 ടിപ്സ്

മുലപ്പാൽ ആദ്യ രുചി അമൃതം

മുടികൊഴിച്ചിൽ

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ ഏതൊരു മാതാപിതാക്കളും നൽകേണ്ടുന്ന ഒന്നാണ്. കുഞ്ഞിന് ഭക്ഷണം കഴിക്കാൻ ഭയങ്കര മടിയാണെന്നത് വളരെ വ്യാപകമായി കേൾക്കുന്ന പരാതിയാണ്. എല്ലാ അമ്മമാരും പറയും, എന്റെ കുട്ടി ഒന്നും കഴിക്കുന്നില്ല എന്ന്. ലളിതമാണ് മറുപടി. ഒന്നും കഴിക്കാതെ കുട്ടിക്ക് ഇങ്ങനെയിരിക്കാന്‍ പറ്റില്ല.

വിശപ്പുണ്ടെങ്കില്‍ കുട്ടി കഴിച്ചോളും

നമ്മള്‍ വിചാരിച്ചത്രെ കുട്ടി കഴിക്കണമെന്ന് വാശിപിടിക്കുന്നതില്‍ കാര്യമില്ല. (കുട്ടിക്കല്ല നമുക്കാണ് വാശി). വേണ്ടത്ര കഴിക്കാനുള്ള സൗഹാര്‍ദ്ദപരമായ സാഹചര്യമുണ്ടാക്കലാണ് പ്രധാനം. കഴിക്ക് കഴിക്ക് എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും പിറകേ നടക്കുകയും ചെയ്താൽ കുട്ടിക്ക് ഭക്ഷണത്തോടു തന്നെ വിരക്തി വരും.

ഡോക്ടറെ വിളിക്കും, സൂചിവെക്കും, മാഷ് തല്ലും എന്നൊക്കെ ഭയപ്പെടുത്തിയാണ് പലരും കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാറ്. ഡോക്ടറെയും മാഷിനേയും അനാവശ്യമായി വെറുക്കും എന്നതിനേക്കാൾ പ്രധാനം ഭക്ഷണസമയമടുക്കുമ്പോൾ തന്നെ കുട്ടിക്ക് പേടി തുടങ്ങും എന്നതാണ്. അപ്പോഴേ വിശപ്പ് കെടും. ആ സമയം എങ്ങനെയെങ്കിലും കടന്നുകിട്ടാനാവും ശ്രമം.

ഒരുമിച്ചിരുന്ന് ചിരിച്ചുകളിച്ച് കഴിപ്പിക്കുകയാണ് വേണ്ടത്.

പതിനൊന്നുമണിക്ക് രണ്ടുഗ്ലാസ് പാല്‍ കുടിച്ചാല്‍ ഉച്ചയ്ക്ക് ചോറുണ്ണുമോ?

നമ്മള്‍ പത്തുഗ്ലാസ് പാല്‍ കുടിക്കുന്നപോലെയാണ് ചെറിയകുട്ടിക്ക് രണ്ടുഗ്ലാസ്. ഉച്ചയ്ക്ക് നന്നായി കഴിക്കണമെങ്കില്‍ അപ്പോഴേക്കും വിശക്കാൻ പാകത്തിന് ഭക്ഷണം നേരത്തെ കൊടുക്കണം.

കുഞ്ഞിന് തൂക്കക്കുറവില്ലെങ്കില്‍, കളിയും ചിരിയുമൊക്കെയുണ്ടെങ്കില്‍ ഒരു പ്രശ്‌നവുമില്ല. “അയല്‍പക്കത്തെ കുട്ടിയെ നോക്ക്, എത്ര നന്നായി തിന്നുന്നു.” തുടങ്ങിയ അനാവശ്യ താരതമ്യങ്ങൾ ഒഴിവാക്കണം. പുതിയ അണുകുടുംബങ്ങളുടെ പൊതുവായ പ്രശ്‌നമാണിത്. അമ്മൂമ്മമാർ കൂടെ ഉണ്ടെങ്കിൽ കാക്കയെയും പൂച്ചയെയും കാണിച്ച് അവർ കുട്ടിയെ കളിപ്പിച്ചോളും.

ഉണ്ണുകയെന്നത് സന്തോഷകരമായ അനുഭവമാകണ്ടേ?

ഉച്ചയ്ക്ക് കുട്ടിയെ ഭക്ഷണം കഴിപ്പിച്ചിട്ടു വേണം രണ്ടുമണിക്ക് ഓഫീസിലെത്താൻ എന്ന ധൃതിയോടെ ബഹളം കൂട്ടിയിട്ട് കാര്യമില്ല. പ്രഷർ വേണ്ട. കുട്ടി സ്വയം കഴിച്ചോളും. അസമയങ്ങളിലുള്ള അനാവശ്യ ഭക്ഷണങ്ങൾ (ബിസ്‌കറ്റും പാലുമൊക്കെ) ഒഴിവാക്കിയാൽ തന്നെ ശരിയായ സമയത്ത് കുട്ടികൾ ആഹാരം കഴിക്കും.

ഹോര്‍ലിക്‌സ്, കോംപ്ലാന്‍, ബോണ്‍വിറ്റ പോലുള്ള ഫുഡ് സപ്ലിമെന്റുകൽ 

സാധാരണമട്ടില്‍ ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് ആവശ്യമില്ല. ആവശ്യത്തിന് തൂക്കമുണ്ടാവുക, ക്ഷീണമൊന്നുമില്ലാതെ കളിക്കുക ഇതൊക്കെയുണ്ടെങ്കിൽ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉല്‍ക്കണ്ഠയുടെ ആവശ്യമില്ല. മറ്റെല്ലാം പരസ്യങ്ങളിലെ അവകാശവാദങ്ങളും അനാവശ്യ ഭയങ്ങളും മാത്രം.

പിന്നെ, കൊക്കോ ചേര്‍ന്ന (ചോക്ലേറ്റ് നിറത്തിലുള്ള) പൊടികള്‍ ചില കുട്ടികള്‍ക്ക് അലര്‍ജിയുണ്ടാക്കും. ചുമ, ശ്വാസംമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണാം ഇവര്‍ക്ക്. ആസ്തമയുടെ കുടുംബപശ്ചാത്തലമുള്ളവര്‍ ഇവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

മിഠായികളുടെ പ്രധാന ദോഷം അതില്‍ ചേർക്കുന്ന നിറങ്ങളും പ്രിസര്‍വേറ്റീവുകളുമൊക്കെയാണ്. ഐസ്‌ക്രീമിനും ഈ പ്രശ്‌നമുണ്ട്. കൂട്ടത്തില്‍ തണുപ്പും. കോളയുടെ കാര്യത്തില്‍ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളുമുണ്ട്. കോള മാത്രം കഴിച്ച് മറ്റാഹാരം കഴിക്കാതെ പോഷകക്കുറവ് അനുഭവപ്പെടുന്ന കുട്ടികളെ ഗള്‍ഫ് പശ്ചാത്തലമുള്ള വീടുകളില്‍ കണ്ടിട്ടുണ്ട്. മിഠായിയും ഐസ്‌ക്രീമുമൊക്കെ വല്ലപ്പോഴും കൊടുക്കാം. തീരെ ഒഴിവാക്കി മനഃപ്രയാസമുണ്ടാക്കേണ്ടല്ലോ.

പ്രമേഹമുള്ളവരോടും വല്ലപ്പോഴും മധുരം കഴിച്ച് ആശ തീര്‍ത്തോളാന്‍ ഡോക്ടര്‍മാര്‍ തന്നെ പറയാറുണ്ട്. പഞ്ചസാരയും തീരെ കൊടുക്കാതിരിക്കേണ്ട. കുട്ടികള്‍ക്ക് മിതമായ വിധം കൊടുക്കാം.

ഒരു സാധനം മാത്രം കൂടുതലായി കഴിക്കുന്നത് നന്നല്ല. അത് ബാലന്‍സ്ഡ് ഡയറ്റ് ആവില്ല. എല്ലാ പോഷകമൂല്യങ്ങളും കിട്ടണം. മറ്റു വിറ്റാമിനുകളും പോഷകങ്ങളും കിട്ടാന്‍ പച്ചക്കറികളും ഇലക്കറികളുമൊക്കെ ധാരാളം കഴിപ്പിക്കണം. ചീര, കയ്പക്ക, പേരക്ക അങ്ങനെയെല്ലാം.

സ്‌കൂളിലേക്ക് വീട്ടുഭക്ഷണം തന്നെ കൊടുത്തുവിടണം. സ്‌കൂള്‍ വിട്ട് വിശന്നുവരുമ്പോള്‍ ബേക്കറി പലഹാരങ്ങള്‍ കൊടുക്കുന്നത് നന്നല്ല. നല്ല വിശപ്പുണ്ടെങ്കില്‍ വീട്ടില്‍ തന്നെയുണ്ടാക്കുന്ന എന്തെങ്കിലും കഴിച്ചോട്ടെ. ഉച്ചയ്ക്ക് സ്‌കൂളില്‍നിന്നു ചോറുണ്ണാത്ത കുട്ടികളാണെങ്കില്‍ വൈകുന്നേരം വീട്ടിലെത്തി ചോറു കഴിക്കുന്നതില്‍ കുഴപ്പമില്ല. ഇടനേരത്ത് കഴിക്കാന്‍ പഴങ്ങള്‍ കൊടുത്തുവിടാം. ന്യൂഡില്‍സ്, പഫ്‌സ് തുടങ്ങിയവ സ്‌കൂളിലേക്ക് കൊടുത്തയയ്ക്കുന്ന പതിവ് ശരിയല്ല.

കുട്ടിക്ക് ബിസ്കറ്റും കേക്കും മാത്രമാണ് ഇഷ്ടം’ എന്നു പറയുന്നതൊക്കെ ഒഴികഴിവാണ്. കുഞ്ഞ് പാന്റും ഷര്‍ട്ടുമിട്ട് ബൈക്കെടുത്തു പോയി അതെല്ലാം വാങ്ങിക്കൊണ്ടുവന്ന് തിന്നുന്നില്ലല്ലോ. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍നിന്ന് കുഞ്ഞിനെ അകറ്റിനിർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.

കറിയിലെ പച്ചക്കറിയും ഇറച്ചിയുമെല്ലാം എരിവുണ്ടാകുമെന്നു പറഞ്ഞ് കഴുകിയും, കഞ്ഞി ജ്യൂസടിച്ചുമൊന്നും രുചി കളയരുത്. അവരെല്ലാം കഴിച്ച് വളരട്ടെ.

ഭക്ഷണവുംകൊണ്ട് പിറകെ നടക്കുന്ന ശീലമുണ്ടാക്കരുത്. പകരം, വിശക്കുമ്പോൾ അവർ വന്നുചോദിക്കുന്ന ശീലം വളർത്തുക. വിശന്നാൽ കുഞ്ഞ് വരികതന്നെ ചെയ്യും. എത്ര നേരത്തെ കുടുംബത്തിന്റെ സാധാരണ ഭക്ഷ്യരീതിയിലേക്ക് കുഞ്ഞിനെ കൊണ്ടുവരുന്നോ അത്രയുംവേഗം അവര്‍ നന്നായി കഴിച്ചുതുടങ്ങും. നമ്മുടെ ഭക്ഷ്യവൈവിധ്യവും രുചികളുംതന്നെ കാരണം.

മലയാളം ആരോഗ്യ ടിപ്സ്

Read Related Topic :

കുഞ്ഞുങ്ങൾക്കായി ടോണിക് ഉണ്ടാക്കാം

ചേലാകർമ്മം അഥവാ സർകംസിഷൻ

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !

കുട്ടികൾ രണ്ട് തരം

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

വീട്ടിൽ ഒരു കുഞ്ഞാവ ഉണ്ടോ

വീട്ടിൽ ഒരു കുഞ്ഞാവ

വീട്ടിൽ ഒരു കുഞ്ഞാവ ഉണ്ടോ?

വീട്ടിൽ ഒരു കുഞ്ഞാവ  ഉണ്ടെങ്കിൽത്തന്നെ നമുക്കെല്ലാം എന്തൊരു ശ്രെദ്ധയാണ് ഉണ്ടാവുക. കുഞ്ഞിന്റെ ഓരോ ചലനങ്ങളും ഓരോ പ്രവർത്തികളും വളർച്ചകളും ഒക്കെ നാം നോക്കിക്കാണാറുള്ളതുമാണ്.  വീട്ടിൽ ഒരു കുഞ്ഞാവ  തന്നെ അതൊരു ആഘോഷമാണ്. എന്നാൽ കുഞ്ഞുവാവകളുടെ കരച്ചിലും കൂടി നാം ഒന്നാഴത്തിൽ അറിഞ്ഞുവെക്കേണ്ടതുണ്ട്.

കളിയല്ല കരച്ചിൽ 

കുഞ്ഞുങ്ങളുടെ കരച്ചിൽ എന്ന് പറയുന്നത് ഒരു വല്ലാത്ത കോഡ് ഭാഷയാണ്. മൂപ്പർക്ക് കരഞ്ഞാൽ മതി. അഥവാ കരയാനേ അറിയൂ, എന്തിനും ഏതിനും. എന്നാൽ അതിന്റെ കാരണം കണ്ടു പിടിക്കേണ്ടത് നമ്മളാണ്.

വീട്ടിൽ ഒരു കുഞ്ഞാവ

കുഞ്ഞ് ഒന്നു കരഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നത് പ്രസവിച്ച ഉടനെയാണ്. കരച്ചിലാണ് കുഞ്ഞിന്റെ ആദ്യ ശ്വാസം. അത് വൈകിയാൽ തലച്ചോറിലേക്ക് ആവശ്യത്തിന് പ്രാണവായുവും രക്തവും എത്താതിരിക്കുകയും ഭാവി ജീവിതം തന്നെ പ്രശ്നത്തിലാവുകയും ചെയ്യും. എല്ലാ കരച്ചിലും കുഴപ്പമല്ലെന്ന് മാത്രമല്ല, ചില കരച്ചിലുകൾ വളരെ അത്യാവശ്യമാണെന്നും ഇതിൽ നിന്നു മനസ്സിലാക്കാം.

ഉച്ചത്തിലുള്ള കരച്ചിൽ

നല്ല ഉച്ചത്തിലുള്ള കരച്ചിൽ കുഞ്ഞിന്റെ ആരോഗ്യത്തിന്റെ ലക്ഷണമാണ്. ശക്തിയായി ശ്വാസം എടുക്കാനുള്ള കഴിവിനെയാണത് കാണിക്കുന്നത്. ശ്വസന സഹായിയായപേശികളുടെ ബലക്കുറവുള്ള അസുഖങ്ങളിൽ കരച്ചിൽ വളരെ നേർത്തതായിരിക്കും. അവർക്ക് ശക്തിയായി ചുമക്കാനും കഴിയില്ല. കഫം ചുമച്ച് പുറത്തു കളയാൻ കഴിയാതെ ന്യൂമോണിയ കൂടെക്കൂടെ ബാധിക്കാൻ സാധ്യതയുണ്ട് ഇത്തരക്കാരിൽ.

ചെറിയ ശബ്ദത്തിലുള്ള കരച്ചിൽ 

ചില ക്രോമോസോം വ്യതിയാനങ്ങളിൽ പൂച്ച കരയുന്നതു പോലെയായിരിക്കും കുഞ്ഞിന്റെ കരച്ചിൽ. തൈറോയിഡ് ഹോർമോണിന്റെ കുറവുണ്ടെങ്കിലാകട്ടെ, പരുപരുത്ത ശബ്ദത്തോടെ (Hoarse) ആയിരിക്കും കരയുക. തലക്കകത്ത് പ്രഷർ കൂടുതലുണ്ടെങ്കിൽ തുളച്ചുകയറുന്ന (High pitched and shrill) ശബ്ദമായിരിക്കും കരയുമ്പോൾ. അതായത്, കരച്ചിൽ കേട്ടാൽ എന്താണ് രോഗമെന്ന് പോലും അനുമാനിക്കാൻ പറ്റും എന്നർത്ഥം.

കുഞ്ഞിന്റെ കരച്ചിൽ എന്തിന്?

തണുപ്പ് തോന്നിയാലും, ചൂടു കൂടിയാലും, മലമൂത്രവിസർജനം നടത്തുന്നതിന് മുൻപ് തോന്നുന്ന അസ്വസ്ഥതയും, അത് കഴിഞ്ഞാലുള്ള നനവും, ഉറക്കെയുള്ള ശബ്ദം കേട്ടുള്ള ഞെട്ടലും, കൊതുകോ ഉറുമ്പോ കടിച്ചാലുള്ള വേദനയും എല്ലാം കുഞ്ഞ് പ്രകടിപ്പിക്കുക കരച്ചിലായാണ്. എന്നാൽ മിക്ക അമ്മമാരും കരുതുന്നത് കരയുന്നതെല്ലാം വിശന്നിട്ടാണ് എന്നാണ്. അഥവാ അങ്ങനെയാണ് ചുറ്റുമുള്ളവർ അമ്മയെ പറഞ്ഞ് പഠിപ്പിക്കുക. അമ്മക്ക് പാൽ കുറവാണെന്ന് പലരും തീരുമാനിക്കുന്നതും കുഞ്ഞിന്റെ കരച്ചിൽ കണ്ടിട്ടാണ്. കാരണം കണ്ടെത്താനുള്ള ഒരു ശ്രമം പോലും നടത്തി നോക്കാതെ.

ഏതാനും ആഴ്ചകൾ കഴിയുമ്പോഴേക്കും കരച്ചലിന്റെ രീതി കണ്ടാൽ അമ്മമാർക്ക് മനസ്സിലാകും, വിശന്നിട്ടാണോ, ഉറക്കം വന്നിട്ടാണോ, അപ്പിയിടാനാണോ എന്നൊക്കെ. അതിനുള്ള അവസരം അവർക്ക് കൊടുക്കണം എന്ന് മാത്രം.

ഈ ശീലം വേണ്ട!

വീട്ടിൽ ഒരു കുഞ്ഞാവ ഉണ്ടെങ്കിൽ വാവ  കരയുമ്പോൾ ഉടനെ എടുക്കുക, പാലു കൊടുക്കുക എന്നിവ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ചില ശീലിപ്പിക്കലുകളാണ്. ക്രമേണ ഓരോ കരച്ചിലിലും കുഞ്ഞ് ഇതു തന്നെ പ്രതീക്ഷിക്കും. അതായത്, കരഞ്ഞു തുടങ്ങിയത് തുണി നനഞ്ഞിട്ടാണെങ്കിലും അത് മാറ്റിയാൽ മാത്രം പോര, ഒന്നെടുത്ത്, താരാട്ടി, പാട്ടുപാടിയാലോ, മുലകൊടുത്താലോ മാത്രമേ കരച്ചിൽ നിർത്തൂ എന്ന് അങ്ങ് തീരുമാനിച്ചുകളയും.

ഈ പൊടിക്കുഞ്ഞിന് ഇത്രയും വിളച്ചിലുണ്ടാകുമോ എന്ന് സംശയിച്ചേക്കാം. എങ്കിലും അത് അങ്ങനെയാണ്. നമ്മുടെ സ്വഭാവം തന്നെയാണല്ലോ നമ്മുടെ കുഞ്ഞുങ്ങൾക്കും ലഭിക്കുക. അത് കൊണ്ട് അവർ അത്ര മോശക്കാരാവില്ലല്ലോ!

മുലപ്പാൽ

മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞ് ദിവസം 6 തവണയിലധികം മൂത്രമൊഴിക്കുന്നുണ്ടെങ്കിൽ, പ്രതീക്ഷിക്കുന്ന പോലെ തൂക്കം വെക്കുന്നുണ്ടെങ്കിൽ മുലപ്പാൽ ആവശ്യത്തിനുണ്ടെന്നും എല്ലാ കരച്ചിലും വിശന്നിട്ടല്ലെന്നും ഉറപ്പിക്കാം. കരയുമ്പോൾ കരയുമ്പോൾ മുലകൊടുത്താലുള്ള വേറൊരു പ്രശ്നം, മുലയിൽ പാൽ നിറയുന്നതിന് മുമ്പ് കൊടുക്കുന്നതിനാൽ ഓരോ തവണയും കുഞ്ഞിന് ഇത്തിരിയേ പാൽ കിട്ടൂ എന്നതാണ്.

വീട്ടിൽ ഒരു കുഞ്ഞാവ

അത് കൊണ്ടു തന്നെ കുഞ്ഞിന് വേഗം വിശക്കുകയും, വേഗം വേഗം കരഞ്ഞു തുടങ്ങുകയും ചെയ്യും. ഓരോ മണിക്കൂറും പാൽ കൊടുക്കുന്ന അമ്മയുടെ കഷ്ടപ്പാട് പറയുകയും വേണ്ട. ഏതു നേരവും മുലകുടിച്ചാൽ മുലക്കണ്ണ് വിണ്ടു കീറുകയും അമ്മക്ക് പാൽ കൊടുക്കുമ്പോൾ വേദനയാവുകയും ചെയ്യും. പാൽ കുറയാൻ ഇത് കാരണമാകുന്നു.

അമ്മ കഴിക്കുന്ന ചില ഭക്ഷണങ്ങളോ മരുന്നുകളോ ചിലപ്പോൾ കുഞ്ഞിന് വയറ്റെരിച്ചിൽ ഉണ്ടാക്കാറുണ്ട്. പ്രശ്നം ഉണ്ടാക്കുന്നത് എന്ന് സംശയം തോന്നുന്നവ നിർത്തി അധികം വൈകാതെ കുഞ്ഞിന്റെ കരച്ചിൽ കുറഞ്ഞ് വരുന്നതും കാണാം.

മൂത്രമൊഴിക്കുമ്പോൾ കുഞ്ഞുവാവ കരയുന്നുവോ?!

കുഞ്ഞ് മൂത്രമൊഴിക്കുമ്പോൾ കരയുന്നു എന്നത് ഒരു സാധാരണ പരാതിയാണ്. പലപ്പോഴും കരയാതെയും മൂത്രമൊഴിക്കുന്നുണ്ടാകും. മൂത്രം മൂത്രസഞ്ചിയിൽ നിറയുമ്പോളുള്ള ചെറിയ അസ്വസ്ഥത ചില കുഞ്ഞുങ്ങളെ കരയിപ്പിച്ചേക്കാം. അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിന് കരഞ്ഞു തുടങ്ങിയതാവാം, കരയുമ്പോൾ വയറിലെ പേശികൾ ചുരുങ്ങുന്നത് കാരണം അപ്പോൾ മൂത്രം ഒഴിക്കുന്നതും ആകാം. എന്നാൽ മൂത്രമൊഴിച്ചു കൊണ്ടിരിക്കുമ്പോളും കരച്ചിൽ നിർത്താതിരിക്കുന്നത് അത്ര നല്ല ലക്ഷണമല്ല.

കാര്യമായ എന്തോ പ്രശ്നമുള്ളതുപോലെ കരയുകയാണെങ്കിൽ വേണ്ടത് കുഞ്ഞിന്റെ ശരീരം മുഴുവനായും ഒന്ന് പരിശോധിക്കുക എന്നതാണ്‌. വല്ല ഉറുമ്പും കടിക്കുന്നുണ്ടോ, മണി (വൃഷണം) തിരിഞ്ഞു പോയത് കാരണം അവിടെ വീക്കമോ ചുവപ്പ് നിറമോ ഉണ്ടോ (torsion of testis) തുടക്കത്തിൽ തന്നെ കണ്ടു പിടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വൃഷണത്തിലേക്ക് രക്ത ഓട്ടം ഇല്ലാതാകുന്നതിനാൽ അത് ഭാവിയിൽ ഉപയോഗശൂന്യമാകാം), വിരലിലോ, ‘ഇച്ചു മണി’യിലോ തലമുടിയോ മറ്റോ മുറുക്കി ചുറ്റിയതോ മറ്റോ ആണോ, കണ്ണിൽ കൺപീലി പോയതാണോ, നമ്മൾ അറിയാതെ തോളെല്ലോ മറ്റോ പൊട്ടിപ്പോയിട്ടുണ്ടോ എന്നൊക്കെ ഇങ്ങനെ നോക്കുമ്പോൾ അറിയാൻ പറ്റും.

കുഞ്ഞുങ്ങളിലെ ജലദോഷവും പനിയും വയറിളക്കവും

ജലദോഷമുള്ള ഒരു കുഞ്ഞ് നിർത്താതെ കരയുന്നുണ്ടൊങ്കിൽ മിക്കപ്പോഴും ചെവിവേദനിച്ചിട്ടാവും. മൂക്കിൽ Saline Nasal drops ഇരുഭാഗത്തും രണ്ടു തുള്ളി വീതം ഒഴിക്കുകയാണെങ്കിൽ പലപ്പോളും കരച്ചിൽ നിൽക്കാറുണ്ട്. എന്നാൽ ചെവിയിൽ പഴുപ്പ് കാരണമാണെങ്കിൽ ഈ പൊടിക്കൈ കൊണ്ട് കരച്ചിൽ നിൽക്കില്ല.

വീട്ടിൽ ഒരു കുഞ്ഞാവ

നിർത്താതെയുളള കരച്ചിലിനൊപ്പം നല്ല പനിയും കൂടിയുണ്ടെങ്കിൽ മസ്തിഷ്ക ജ്വരം പോലുള്ള ഗുരുതര രോഗമാകാം. ഉയർന്നിരിക്കുന്ന പതപ്പ് അതിന്റെ ഒരു ലക്ഷണമാണ്. എത്രയും പെട്ടെന്ന് ചികിൽസ തുടങ്ങേണ്ടുന്ന രോഗമാണിത്.

വയറിളക്കമുള്ള കുഞ്ഞ് ശാഠ്യം പിടിച്ചു കരയുന്നുണ്ടെങ്കിൽ നിർജ്ജലീകരണം മൂലമുള്ള അമിത ദാഹം കൊണ്ടാകാം. താഴ്ന്നു നിൽക്കുന്ന പതപ്പ് ഇതിന്റെ ലക്ഷണമാണ്. കൃത്യമായി ചികിത്സ നൽകിയില്ലെങ്കിൽ നിർജ്ജലീകരണം മൂലം മരണം വരെ സംഭവിക്കാം.

പാരഡോക്സിക് ക്രൈ(Paradoxic Cry)

സാധാരണ കരയുന്ന കുഞ്ഞിനെ വാരിയെടുത്ത് താലോലിക്കുമ്പോൾ കരച്ചിൽ നിർത്താറാണ് പതിവ്. എന്നാൽ എടുക്കുമ്പോൾ വല്ലാതെ കരയുകയും, താഴെ കിടത്തുകയാണെങ്കിൽ കരച്ചിൽ നിർത്തുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ഒരു വൈപരീത്യമാണ് (Paradoxic Cry). ശരീരത്തിന് വല്ലാതെ വേദനയുണ്ടാകുന്ന ചില രോഗങ്ങളിലാണ് ഇങ്ങനെ സംഭവിക്കുക.

വളരെ സമഗ്രമായി വിലയിരുത്തി ഒരു കാരണവും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ചിലപ്പോൾ രോഗം മൂലമായിരിക്കില്ല കരച്ചിൽ. വലിയവരെപ്പോലെ കൊച്ചു കുഞ്ഞുങ്ങളിലും ചിലർ എല്ലാത്തിനോടും ശക്തമായി പ്രതികരിക്കുന്നവരായിരിക്കും. ചെറിയ കാരണം മാത്രം മതിയാവും അവർക്ക്, നിർത്താതെ കരയാൻ.

കരയുമ്പോളേക്കും വാരിയെടുക്കുന്നത് ഈ സ്വഭാവം വഷളാകാനേ ഉപകരിക്കൂ. കരച്ചിൽ തുടങ്ങിയാൽ കുഞ്ഞിനെ സുരക്ഷിതമായി നിലത്ത് കിടത്തുകയും എടുത്ത് താലോലിക്കാനായി കുറച്ചു സമയം കാത്തിരിക്കുകയും ചെയ്യാം. ഈ സമയം കൂട്ടിക്കൂട്ടികൊണ്ടുവരികയാണെങ്കിൽ എടുക്കുന്നതിന് മുമ്പ് തന്നെ കരച്ചിൽ നിർത്താനുള്ള ഒരു പരിശീലനം ആകും അത്.

ചില കുഞ്ഞുങ്ങൾ കരയാൻ തുടങ്ങിയാൽ വായ അടക്കില്ല. ശ്വാസം എടുക്കുകയുമില്ല. വായ തുറന്ന് വെച്ച അവസ്ഥയിൽ തന്നെ കുറേ നേരം നിൽക്കും. ക്രമേണ രക്തത്തിൽ ഓക്സിജൻ കുറയുന്നതിനാൽ ചുണ്ടും നാവും നീലിച്ച്കറുത്തു പോവുകയും ചിലപ്പോൾ കുഞ്ഞ് തളർന്ന് വീഴുകയും, അൽപനേരം അപസ്മാരം പോലെ കൈകാലുകൾ വിറക്കുകയും ചെയ്തേക്കാം. ഇത്തരം കരച്ചിൽ പലപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമമായാണ് കണക്കാക്കുന്നത്. ഇത്തരം അവസരങ്ങളിൽ അമിത ശ്രദ്ധ ലഭിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ വഷളാക്കാനേ ഉപകരിക്കൂ. രക്തക്കുറവ് ഉള്ള കുട്ടികൾക്ക് ഈ പ്രശ്നം കൂടുതലായി കണ്ടുവരാറുണ്ട്.

ഇങ്ങനെ കരച്ചിൽ പുരാണം പറഞ്ഞാൽ തീരില്ല. ഒരു ശിശു രോഗവിദഗ്ധന് പോലും ലഭിക്കാവുന്ന ഏറ്റവും വലിയ സമസ്യയാണ് നിർത്താതെ കരയുന്ന കുഞ്ഞ്. അത് കൊണ്ട് ‘കരയുന്ന കുഞ്ഞിനെ പാലുള്ളൂ’ എന്ന് കേട്ടിട്ടുണ്ടെന്ന് കരുതി കരയുന്ന കുഞ്ഞിന് പാലെ ഒള്ളൂ’ എന്നങ്ങു തീരുമാനിച്ച്കളയാതിരിക്കുന്നതാണ് കുഞ്ഞിന് നല്ലത്. മാതാപിതാക്കൾക്കും.

മലയാളം ആരോഗ്യ ടിപ്സ്

Related Topic ;

ഇലക്കറികൾ – കുഞ്ഞുരുളയിൽഅല്പം  

രാത്രിയിൽ കുഞ്ഞുങ്ങൾ നന്നായി ഉറങ്ങാൻ

കുഞ്ഞുവാവകളെ എങ്ങനെയെല്ലാം ശ്രെദ്ധിക്കാം

അമ്മമാരുടെ ദേഷ്യം കുട്ടികളോട്

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്