ഇലക്കറികൾ – കുഞ്ഞുരുളയിൽ അല്പം
ഇലക്കറികൾ എന്നും ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു നല്ല ഉപാധിയാണ്. ധാരാളം വിറ്റമിൻസ് അടങ്ങിയ ഈ ഭക്ഷണം എന്നും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ഷുഗർ, പ്രഷർ മുതാലായ അസുഖങ്ങളെ നമുക്ക് ഒരു പരിധി വരെ തടയാം.
കുഞ്ഞുരുളയിൽ ഇനിയെന്നും അല്പം ഇലക്കറികളും കൂടി ആകാം.
ഇലക്കറികളുടെ ഈ ഗുണങ്ങൾ അറിഞ്ഞാൽ കുഞ്ഞിന്റെ ഭക്ഷണത്തിൽ നിന്നും നമുക്ക് ഇനി ഇത് ഒഴിവാക്കാൻ കഴിയില്ല.എങ്കിൽ പിന്നെ ഏത് കഴിക്കണം, എങ്ങനെ കഴിക്കണം, എത്ര കഴിക്കണം, എന്ന് കൂടി അറിഞ്ഞാലോ?
വൈറ്റമിൻ എ സമൃദ്ധമായുണ്ട് ഇലക്കറികളിൽ. കാഴ്ചക്ക് അത്യന്താപേക്ഷിതമായ വൈറ്റമിൻ എ വളർച്ചയിലും ബുദ്ധിവികാസത്തിലും ,രോഗ പ്രതിരോധത്തിലുമെല്ലാം വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നൂറു ഗ്രാം ചീരയിൽ നമുക്ക് ദിവസേന ആവശ്യമായ വൈറ്റമിൻ എ യുടെ 87% അടങ്ങിയിട്ടുണ്ട്.
വൈറ്റമിൻ കെ യും ഇലക്കറികളിൽ ധാരാളമുണ്ട്.കൂടാതെ വൈറ്റമിൻ സി യും ചില ബി കോംപ്ലക്സ് വൈറ്റമിനുകളും ഇലക്കറികളുണ്ട്.
ഇരുമ്പ് സത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ഇവ. വിളർച്ച ഒഴിവാക്കാൻ ഗർഭിണികൾക്കും കുട്ടികൾക്കും ഇവ എത്ര വിശേഷപ്പെട്ടതാണെന്ന് എടുത്തു പറയേണ്ടല്ലോ അല്ലേ ..
ബലമുള്ള എല്ലിനും പല്ലിനും കാൽസ്യം വേണമെന്ന് നിങ്ങൾക്കറിയാമല്ലോ. അത്യാവശ്യത്തിന് കാത്സ്യവും മഗ്നീഷ്യവും ഇലക്കറികളിലുണ്ട്. കരുത്താർന്ന് നമ്മുടെ കുട്ടികൾ വളരാൻ അത് സഹായകമാകും.
നാരുകളാൽ സമ്പുഷ്ടമാണ് ഭക്ഷ്യയോഗ്യമായ ഇലകൾ. അത് ശോധന സുഗമമാക്കാനും മലബന്ധം മാറാനും സഹായിക്കുന്നവയാണ്.
ഇലക്കറികളിൽ ഉള്ള ഫ്ലാവനോയിഡുകളും ആന്റി ഓക്സിഡൻറുകളും നമ്മുടെ പ്രതിരോധ ശക്തിയെ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
കൊഴുപ്പും കൊളസ്ട്രോളും തീരെ കുറവാണ് ഇലക്കറികളിൽ.
എത്ര കഴിക്കണം? 
സ്ത്രീകൾ ദിവസേന 100 ഗ്രാമും ,ആണുങ്ങൾ ദിവസേന 40 ഗ്രാമും ,പ്രീ സ്കൂൾ ( 4-6 വയസ്സ് ) മുതൽ മേലോട്ട് ഉള്ള കുട്ടികൾ 50 ഗ്രാമും വെച്ച് പ്രതിദിനം ഇലക്കറികൾ കഴിക്കണമെന്നാണ് നിഷ്കർഷിച്ചിട്ടുള്ളത്.
പക്ഷേ നമ്മൾ നിത്യേന ആഹാരത്തിൽ ഉൾപ്പെടുത്തുന്ന ഇലക്കറികളുടെ അളവ് എത്രയോ തുച്ഛമാണ്.
ഏതൊക്കെ ഇലക്കറികൾ കഴിക്കാം?
നമ്മുടെ നാട്ടിൽ എത്രയോ തരം ഇലകൾ പാകം ചെയ്യാനായി ലഭ്യമാണ്. വളളിച്ചീര ,പാലക് ചീര ,വേലിച്ചീര, സൗഹൃദച്ചീര, കുsകൻ ചീര തുടങ്ങി ചീരകൾ തന്നെ എത്ര തരം.
മുരിങ്ങയില ,പയറിന്റെ ഇല ,മത്തനില തഴുതാമ ,തകര തുടങ്ങി നിരവധി ഇലകളുണ്ട് ഭക്ഷ്യയോഗ്യമായവ.
ഇലക്കറികൾ പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ഇലകൾ ശുദ്ധജലത്തിൽ നന്നായി കഴുകിയെടുക്കണം.( അര മണിക്കൂർ ശുദ്ധജലത്തിൽ മുക്കിയിടുന്നതും നന്ന്). കീടനാശിനിയുടെ അംശം കളയാനും ചെറു കീടങ്ങളെ നീക്കം ചെയ്യാനും ഇതു സഹായിക്കും.
കൂടുതൽ സമയം പാകം ചെയ്യുന്നത് അവയുടെ പോഷകങ്ങൾ നഷ്ടപ്പെടുന്നതിന് ഇടയാക്കും.
ഇലകൾ പാകം ചെയ്ത വെള്ളം ഊറ്റിക്കളയരുത്.
കുട്ടികൾക്ക് എല്ലാവർക്കും ഇലക്കറികളുടെ രുചി ഇഷ്ടമാവണമെന്നില്ല. അതു കൊണ്ടു തന്നെ വൈവിധ്യമാർന്ന രുചികൾ പരീക്ഷിക്കാം. ചീര തിന്ന് മസിൽ പെരുപ്പിച്ച് നിൽക്കുന്ന പോപ്പോയെ കാണിച്ചു കൊടുക്കുകയും ചെയ്യാം വികൃതിക്കുട്ടന്മാർക്ക്.
സൂപ്പർ മാർക്കറ്റിൽ നിന്നും വില കൂടിയ ഇലക്കറികൾ വാങ്ങണമെന്നില്ല കേട്ടോ. പ്രാദേശികമായി ലഭ്യമായ ഇലക്കറികൾ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വീട്ടിൽ ഇവ കൃഷി ചെയ്യുകയുമാവാം. ശുദ്ധമായ ഇലക്കറികൾ നമുക്ക് തന്നെ ഉണ്ടാക്കാം.
Related Topic ;
മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ
കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?
കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്