കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ

കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിൽ അല്പം ശ്രദ്ധ ഏതൊരു മാതാപിതാക്കളും നൽകേണ്ടുന്ന ഒന്നാണ്. കുഞ്ഞിന് ഭക്ഷണം കഴിക്കാൻ ഭയങ്കര മടിയാണെന്നത് വളരെ വ്യാപകമായി കേൾക്കുന്ന പരാതിയാണ്. എല്ലാ അമ്മമാരും പറയും, എന്റെ കുട്ടി ഒന്നും കഴിക്കുന്നില്ല എന്ന്. ലളിതമാണ് മറുപടി. ഒന്നും കഴിക്കാതെ കുട്ടിക്ക് ഇങ്ങനെയിരിക്കാന്‍ പറ്റില്ല.

വിശപ്പുണ്ടെങ്കില്‍ കുട്ടി കഴിച്ചോളും

നമ്മള്‍ വിചാരിച്ചത്രെ കുട്ടി കഴിക്കണമെന്ന് വാശിപിടിക്കുന്നതില്‍ കാര്യമില്ല. (കുട്ടിക്കല്ല നമുക്കാണ് വാശി). വേണ്ടത്ര കഴിക്കാനുള്ള സൗഹാര്‍ദ്ദപരമായ സാഹചര്യമുണ്ടാക്കലാണ് പ്രധാനം. കഴിക്ക് കഴിക്ക് എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും പിറകേ നടക്കുകയും ചെയ്താൽ കുട്ടിക്ക് ഭക്ഷണത്തോടു തന്നെ വിരക്തി വരും.

ഡോക്ടറെ വിളിക്കും, സൂചിവെക്കും, മാഷ് തല്ലും എന്നൊക്കെ ഭയപ്പെടുത്തിയാണ് പലരും കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാറ്. ഡോക്ടറെയും മാഷിനേയും അനാവശ്യമായി വെറുക്കും എന്നതിനേക്കാൾ പ്രധാനം ഭക്ഷണസമയമടുക്കുമ്പോൾ തന്നെ കുട്ടിക്ക് പേടി തുടങ്ങും എന്നതാണ്. അപ്പോഴേ വിശപ്പ് കെടും. ആ സമയം എങ്ങനെയെങ്കിലും കടന്നുകിട്ടാനാവും ശ്രമം.

ഒരുമിച്ചിരുന്ന് ചിരിച്ചുകളിച്ച് കഴിപ്പിക്കുകയാണ് വേണ്ടത്.

പതിനൊന്നുമണിക്ക് രണ്ടുഗ്ലാസ് പാല്‍ കുടിച്ചാല്‍ ഉച്ചയ്ക്ക് ചോറുണ്ണുമോ?

നമ്മള്‍ പത്തുഗ്ലാസ് പാല്‍ കുടിക്കുന്നപോലെയാണ് ചെറിയകുട്ടിക്ക് രണ്ടുഗ്ലാസ്. ഉച്ചയ്ക്ക് നന്നായി കഴിക്കണമെങ്കില്‍ അപ്പോഴേക്കും വിശക്കാൻ പാകത്തിന് ഭക്ഷണം നേരത്തെ കൊടുക്കണം.

കുഞ്ഞിന് തൂക്കക്കുറവില്ലെങ്കില്‍, കളിയും ചിരിയുമൊക്കെയുണ്ടെങ്കില്‍ ഒരു പ്രശ്‌നവുമില്ല. “അയല്‍പക്കത്തെ കുട്ടിയെ നോക്ക്, എത്ര നന്നായി തിന്നുന്നു.” തുടങ്ങിയ അനാവശ്യ താരതമ്യങ്ങൾ ഒഴിവാക്കണം. പുതിയ അണുകുടുംബങ്ങളുടെ പൊതുവായ പ്രശ്‌നമാണിത്. അമ്മൂമ്മമാർ കൂടെ ഉണ്ടെങ്കിൽ കാക്കയെയും പൂച്ചയെയും കാണിച്ച് അവർ കുട്ടിയെ കളിപ്പിച്ചോളും.

ഉണ്ണുകയെന്നത് സന്തോഷകരമായ അനുഭവമാകണ്ടേ?

ഉച്ചയ്ക്ക് കുട്ടിയെ ഭക്ഷണം കഴിപ്പിച്ചിട്ടു വേണം രണ്ടുമണിക്ക് ഓഫീസിലെത്താൻ എന്ന ധൃതിയോടെ ബഹളം കൂട്ടിയിട്ട് കാര്യമില്ല. പ്രഷർ വേണ്ട. കുട്ടി സ്വയം കഴിച്ചോളും. അസമയങ്ങളിലുള്ള അനാവശ്യ ഭക്ഷണങ്ങൾ (ബിസ്‌കറ്റും പാലുമൊക്കെ) ഒഴിവാക്കിയാൽ തന്നെ ശരിയായ സമയത്ത് കുട്ടികൾ ആഹാരം കഴിക്കും.

ഹോര്‍ലിക്‌സ്, കോംപ്ലാന്‍, ബോണ്‍വിറ്റ പോലുള്ള ഫുഡ് സപ്ലിമെന്റുകൽ 

സാധാരണമട്ടില്‍ ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് ആവശ്യമില്ല. ആവശ്യത്തിന് തൂക്കമുണ്ടാവുക, ക്ഷീണമൊന്നുമില്ലാതെ കളിക്കുക ഇതൊക്കെയുണ്ടെങ്കിൽ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉല്‍ക്കണ്ഠയുടെ ആവശ്യമില്ല. മറ്റെല്ലാം പരസ്യങ്ങളിലെ അവകാശവാദങ്ങളും അനാവശ്യ ഭയങ്ങളും മാത്രം.

പിന്നെ, കൊക്കോ ചേര്‍ന്ന (ചോക്ലേറ്റ് നിറത്തിലുള്ള) പൊടികള്‍ ചില കുട്ടികള്‍ക്ക് അലര്‍ജിയുണ്ടാക്കും. ചുമ, ശ്വാസംമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണാം ഇവര്‍ക്ക്. ആസ്തമയുടെ കുടുംബപശ്ചാത്തലമുള്ളവര്‍ ഇവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

മിഠായികളുടെ പ്രധാന ദോഷം അതില്‍ ചേർക്കുന്ന നിറങ്ങളും പ്രിസര്‍വേറ്റീവുകളുമൊക്കെയാണ്. ഐസ്‌ക്രീമിനും ഈ പ്രശ്‌നമുണ്ട്. കൂട്ടത്തില്‍ തണുപ്പും. കോളയുടെ കാര്യത്തില്‍ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളുമുണ്ട്. കോള മാത്രം കഴിച്ച് മറ്റാഹാരം കഴിക്കാതെ പോഷകക്കുറവ് അനുഭവപ്പെടുന്ന കുട്ടികളെ ഗള്‍ഫ് പശ്ചാത്തലമുള്ള വീടുകളില്‍ കണ്ടിട്ടുണ്ട്. മിഠായിയും ഐസ്‌ക്രീമുമൊക്കെ വല്ലപ്പോഴും കൊടുക്കാം. തീരെ ഒഴിവാക്കി മനഃപ്രയാസമുണ്ടാക്കേണ്ടല്ലോ.

പ്രമേഹമുള്ളവരോടും വല്ലപ്പോഴും മധുരം കഴിച്ച് ആശ തീര്‍ത്തോളാന്‍ ഡോക്ടര്‍മാര്‍ തന്നെ പറയാറുണ്ട്. പഞ്ചസാരയും തീരെ കൊടുക്കാതിരിക്കേണ്ട. കുട്ടികള്‍ക്ക് മിതമായ വിധം കൊടുക്കാം.

ഒരു സാധനം മാത്രം കൂടുതലായി കഴിക്കുന്നത് നന്നല്ല. അത് ബാലന്‍സ്ഡ് ഡയറ്റ് ആവില്ല. എല്ലാ പോഷകമൂല്യങ്ങളും കിട്ടണം. മറ്റു വിറ്റാമിനുകളും പോഷകങ്ങളും കിട്ടാന്‍ പച്ചക്കറികളും ഇലക്കറികളുമൊക്കെ ധാരാളം കഴിപ്പിക്കണം. ചീര, കയ്പക്ക, പേരക്ക അങ്ങനെയെല്ലാം.

സ്‌കൂളിലേക്ക് വീട്ടുഭക്ഷണം തന്നെ കൊടുത്തുവിടണം. സ്‌കൂള്‍ വിട്ട് വിശന്നുവരുമ്പോള്‍ ബേക്കറി പലഹാരങ്ങള്‍ കൊടുക്കുന്നത് നന്നല്ല. നല്ല വിശപ്പുണ്ടെങ്കില്‍ വീട്ടില്‍ തന്നെയുണ്ടാക്കുന്ന എന്തെങ്കിലും കഴിച്ചോട്ടെ. ഉച്ചയ്ക്ക് സ്‌കൂളില്‍നിന്നു ചോറുണ്ണാത്ത കുട്ടികളാണെങ്കില്‍ വൈകുന്നേരം വീട്ടിലെത്തി ചോറു കഴിക്കുന്നതില്‍ കുഴപ്പമില്ല. ഇടനേരത്ത് കഴിക്കാന്‍ പഴങ്ങള്‍ കൊടുത്തുവിടാം. ന്യൂഡില്‍സ്, പഫ്‌സ് തുടങ്ങിയവ സ്‌കൂളിലേക്ക് കൊടുത്തയയ്ക്കുന്ന പതിവ് ശരിയല്ല.

കുട്ടിക്ക് ബിസ്കറ്റും കേക്കും മാത്രമാണ് ഇഷ്ടം’ എന്നു പറയുന്നതൊക്കെ ഒഴികഴിവാണ്. കുഞ്ഞ് പാന്റും ഷര്‍ട്ടുമിട്ട് ബൈക്കെടുത്തു പോയി അതെല്ലാം വാങ്ങിക്കൊണ്ടുവന്ന് തിന്നുന്നില്ലല്ലോ. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍നിന്ന് കുഞ്ഞിനെ അകറ്റിനിർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.

കറിയിലെ പച്ചക്കറിയും ഇറച്ചിയുമെല്ലാം എരിവുണ്ടാകുമെന്നു പറഞ്ഞ് കഴുകിയും, കഞ്ഞി ജ്യൂസടിച്ചുമൊന്നും രുചി കളയരുത്. അവരെല്ലാം കഴിച്ച് വളരട്ടെ.

ഭക്ഷണവുംകൊണ്ട് പിറകെ നടക്കുന്ന ശീലമുണ്ടാക്കരുത്. പകരം, വിശക്കുമ്പോൾ അവർ വന്നുചോദിക്കുന്ന ശീലം വളർത്തുക. വിശന്നാൽ കുഞ്ഞ് വരികതന്നെ ചെയ്യും. എത്ര നേരത്തെ കുടുംബത്തിന്റെ സാധാരണ ഭക്ഷ്യരീതിയിലേക്ക് കുഞ്ഞിനെ കൊണ്ടുവരുന്നോ അത്രയുംവേഗം അവര്‍ നന്നായി കഴിച്ചുതുടങ്ങും. നമ്മുടെ ഭക്ഷ്യവൈവിധ്യവും രുചികളുംതന്നെ കാരണം.

മലയാളം ആരോഗ്യ ടിപ്സ്

Read Related Topic :

കുഞ്ഞുങ്ങൾക്കായി ടോണിക് ഉണ്ടാക്കാം

ചേലാകർമ്മം അഥവാ സർകംസിഷൻ

കുട്ടികളിലെ പനി – അമ്മമാർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം !

കുട്ടികൾ രണ്ട് തരം

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.