മങ്കിപോക്സ്‌ അണുബാധ കുട്ടികളിലും: ശ്രദ്ധിക്കൂ ഈ ലക്ഷണങ്ങൾ 

മങ്കിപോക്സ്‌ അണുബാധ കുട്ടികളിലും: ശ്രദ്ധിക്കൂ ഈ ലക്ഷണങ്ങൾ 

മങ്കിപോക്സ്‌ അണുബാധ ഇന്ന് കുട്ടികളിലും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നു. എന്തൊക്കെയാണ് കുട്ടികളില്‍ ഉണ്ടാവുന്ന കുരങ്ങ് പനിയുടെ (മങ്കിപോക്സ്‌) ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇത് മുതിര്‍ന്നവരില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. നിസ്സാരമെന്ന് കരുതി രോഗത്തെ ആരും നിസ്സാരവത്കരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

മങ്കിപോക്സ്‌

എന്താണ് മങ്കിപോക്‌സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകര്‍ച്ച

മങ്കിപോക്സ്‌

 

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വാനര വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങള്‍

മങ്കിപോക്സ്‌

സാധാരണഗതിയില്‍ വാനര വസൂരിയുടെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ചികിത്സ

വൈറല്‍ രോഗമായതിനാല്‍ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്‌സിനേഷന്‍ നിലവിലുണ്ട്.

മങ്കിപോക്‌സ് വ്യാപിക്കുന്ന കാലഘട്ടത്തിൽ കുട്ടികളെ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടിയുടെ ശരീരത്തിലെ ഏത് മാറ്റവും നിരീക്ഷിക്കുകയും അസാധാരണമായ ഏതെങ്കിലും ലക്ഷണങ്ങളും കണ്ടാൽ ഉടൻ ഡോക്ടറെ കാണുകയും വേണം. മിതമായതും ഉയർന്നതുമായ പനി, തിണർപ്പ്, ശരീരവേദന എന്നിവയാണ് കുട്ടികളിൽ മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ.

മങ്കിപോക്സ്‌

മങ്കിപോക്‌സ് അണുബാധ ബാധിക്കുന്നവർക്ക് തുടക്കത്തിൽ ചർമ്മത്തിൽ തിണർപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങും. തിണർപ്പ് കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും. തിണർപ്പ് കൂടുതലും ദ്രാവകം നിറഞ്ഞതായിരിക്കാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

മങ്കിപോക്‌സ് വൈറസ് ബാധിച്ച കുട്ടികളിലെ പനി മുതിർന്നവരേക്കാൾ താരതമ്യേന കൂടുതലാണ്. ഇത് 101 എ മുതൽ 102 എ അല്ലെങ്കിൽ താപനില അതിലും കൂടാൻ സാധ്യതയുണ്ട്.

കുട്ടികളിൽ രോഗബാധ ഉണ്ടാകുന്നത് തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • കൈ ശുചിത്വം ആണ് ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം. നിങ്ങളുടെ കുട്ടികൾ സോപ്പും വെള്ളവും അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് 20 സെക്കൻഡ് നേരം കൈ കഴുകുന്നത് ഉറപ്പാക്കണം.
  • മാംസം നന്നായി വേവിക്കുക.
  • ചുണങ്ങോ പനിയോ ഉള്ള ഒരു വ്യക്തിയുമായി സമ്പർക്കം ഒഴിവാക്കണം.
  • രോഗിയുടെ ഏതെങ്കിലും ദ്രാവകവുമായോ വസ്തുക്കളുമായോ സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.