നിങ്ങള്‍ക്കുമാകാം നല്ല അമ്മ ; കുഞ്ഞുങ്ങളോട് കരുതൽ വേണം

നിങ്ങള്‍ക്കുമാകാം നല്ല അമ്മ ; കുഞ്ഞുങ്ങളോട് കരുതൽ വേണം

അമ്മ എന്നാൽ നിർവ്വചനങ്ങളിലൊതുക്കുവാനാകാത്ത പുണ്യമാണ്. പ്രപഞ്ചം മുഴുവൻ അമ്മ എന്ന ഒറ്റ വാക്കിലേക്ക് ഒതുങ്ങി നില്ക്കുന്നു. പൊക്കിൾക്കൊടിയുടെ ഒരിക്കലും മായാത്ത ബന്ധം ! എല്ലുകൾ നുറുങ്ങുന്ന പ്രസവ വേദനയിലും തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖമോർത്ത് പുഞ്ചിരിക്കുന്നവൾ!!. വേദനയുടെ ഒടുക്കം കിട്ടുന്ന കനിയെ മാറോടണച്ച് സായൂജ്യമടയുന്നവൾ! പാലൂട്ടി,താരാട്ടി, കുഞ്ഞിക്കാലടികൾക്കൊപ്പം നടന്ന് തന്റെ ജീവിതം മക്കളാണെന്ന് സ്വയം പ്രഖ്യാപിക്കുന്നവർ!! മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടവും അഭിമാനത്തോടെ നെഞ്ചേറ്റുന്നവർ! പരിഭവങ്ങളും പരാതികളും പറയാൻ മറന്നവർ.

നിങ്ങള്‍ക്കുമാകാം നല്ല അമ്മ 

അമ്മ

കുഞ്ഞിനോടുള്ള വാല്‍സല്യവും സ്‌നേഹവും പുറമെ പ്രകടിപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇതിലൂടെയാണ് കുഞ്ഞും സ്‌നേഹം പഠിയ്ക്കുന്നത്.

കുഞ്ഞായിരിക്കുമ്പോഴും വളരുമ്പോഴും ആശയവിനിമയവും വളരെ പ്രധാനമാണ്. ഇത് പരസ്പരം അറിയാന്‍ മാത്രമല്ല, വളരുമ്പോഴും മാതാപിതാക്കളുമായി ആശയവിനിമയം നടത്താനുള്ള ഒരു ശീലം കുട്ടികളിലുണ്ടാക്കും. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഇത് വളരേയേറെ ഗുണം ചെയ്യും.

എത്ര തിരക്കുണ്ടെങ്കിലും കുട്ടികളുമായി ചെലവഴിക്കാന്‍ സമയം കണ്ടെത്തണം. അല്ലെങ്കില്‍ ഒരു അന്യതാബോധം കുട്ടികളിലുണ്ടാകും. തന്നോട് അമ്മയ്ക്ക് സ്‌നേഹമില്ലെന്നൊരു തോന്നലും കുഞ്ഞിനുണ്ടാകും.

നല്ല കാര്യങ്ങളില്‍ കുട്ടികള്‍ക്ക് പിന്തുണ നല്‍കുക. അവരെ പ്രോത്സാഹിപ്പിക്കുക. ഇത് കുട്ടികളുടെ നല്ല ഭാവിയ്ക്ക് വളരെ പ്രധാനമാണ്.

കുട്ടികള്‍ പലപ്പോഴും മാതാപിതാക്കളെ കണ്ടായിരിക്കും പല കാര്യങ്ങളും പഠിയ്ക്കുക. ഇവരായിരിക്കും കുട്ടികളുടെ മുന്‍പിലുള്ള റോള്‍ മോഡല്‍. ഇതുകൊണ്ടുതന്നെ മാതാപിതാക്കള്‍ തങ്ങളുടെ സ്വഭാവത്തെ പറ്റിയും പെരുമാറ്റത്തെ പറ്റിയും ശ്രദ്ധാലുക്കളായിരിക്കണം.

കുട്ടികളെ നോക്കുമ്പോള്‍ അമ്മയ്ക്ക് ക്ഷമ അത്യാവശ്യമാണ്. പെട്ടെന്ന് ദേഷ്യം വരുന്നതും ശകാരിക്കുന്നതും ഗുണകരമല്ലാത്ത സ്വാധീനങ്ങളായിരിക്കും കുട്ടികളിലുണ്ടാക്കുക. കുട്ടികളുടെ കാര്യത്തില്‍ ക്ഷമ വലിയ ഗുണങ്ങള്‍ നല്‍കും.

കുഞ്ഞുങ്ങളോട് കരുതൽ വേണം!!

കുഞ്ഞ് വളര്‍ന്നു വരുന്ന ഘട്ടം ഏറെ പ്രധാനമാണ്. ഇക്കാലയളവില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധിക്കണം. കഴിയുന്നിടത്തോളം കുഞ്ഞിന്റെ സംരക്ഷണം മാതാപിതാക്കളോ കുടുംബാംഗങ്ങളോ ഏറ്റെടുക്കാന്‍ ശ്രമിക്കുക. കുഞ്ഞിന്റെ ഭക്ഷണം, ഉറക്കം, കളി, കുളി തുടങ്ങിയ കാര്യങ്ങള്‍ക്കു പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്.

ആദ്യ ആറുമാസം:

ആദ്യത്തെ ആറുമാസം അമ്മയുടെ മുലപ്പാല്‍ തന്നെയാണ് ഉത്തമം. കുറുക്ക് പോലുള്ള ആഹാരം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക, വളരെ കട്ടിയുള്ള ആഹാരം കൊടുക്കാതിരിക്കുക. അതു ദഹനക്കുറവിനും ശ്വാസതടസത്തിനും കാരണമായേക്കാം. മുലയൂട്ടുമ്പോള്‍ കുഞ്ഞിനു ശ്വാസതടസം വരാത്ത രീതിയില്‍ മുലയൂട്ടാന്‍ ശ്രദ്ധിക്കണം. രാത്രി സമയത്ത് പാലൂട്ടുമ്പോള്‍ അമ്മമാര്‍ ഉറങ്ങരുത്. പാലുകൊടുത്തതിനു ശേഷം കുഞ്ഞിനെ തോളില്‍ക്കിടത്തി പുറത്ത് തട്ടിയിട്ടു വേണം കിടത്താന്‍.

കുഞ്ഞിന്റെ ആഹാരരീതികൾ:

അമ്മ

കുഞ്ഞിന് കട്ടിയാഹാരം കൊടുക്കാന്‍ തുടങ്ങുന്ന സമയത്ത്, എളുപ്പത്തില്‍ ദഹിക്കാവുന്ന ഭക്ഷണം കൊടുക്കുക. പച്ചക്കറി നന്നായി വേവിച്ച് ഉടച്ച് കൊടുക്കുക. കടല, പച്ചപട്ടാണി എന്നിവ നല്‍കുമ്പോഴും നന്നായി ഉടയ്ക്കണം. തൊണ്ടയില്‍ കുടുങ്ങുന്നത് ഒഴിവാക്കാനാണിത്. വളരെ ചൂടുള്ള ഭക്ഷണം കൊടുക്കരുത്. ആവശ്യത്തിനു ഭക്ഷണം നല്‍കുക, നിര്‍ബന്ധിച്ചു കൊടുക്കരുത്. ഭക്ഷണം ഉണ്ടാക്കുമ്പോഴും കൊടുക്കുമ്പോഴും കൈവൃത്തിയായി കഴുകണം.

ഉറക്കം:

കുഞ്ഞിനെ കട്ടിലില്‍ ഉറക്കിക്കിടത്തുമ്പോള്‍ താഴെ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. മാതാപിതാക്കളുടെ മധ്യത്തില്‍ കുഞ്ഞിനെ കിടത്താതെ അമ്മയുടെ ഒരു വശത്ത് കിടത്തണം. കുഞ്ഞിനെ ഉറക്കിയതിനു ശേഷം എപ്പോഴും മലര്‍ത്തിക്കിടത്തുക. കനത്ത ബെഡ്ഷീറ്റുകള്‍ കൊണ്ട് പുതപ്പിക്കരുത്. ബെഡ്ഷീറ്റുകള്‍ എപ്പോഴും രണ്ടു വശവും തിരുകി വയ്ക്കാന്‍ ശ്രദ്ധിക്കണം. ആറ് മാസത്തിനു താഴെയുള്ള കുട്ടികളെ ഉറക്കുമ്പോള്‍ കമഴ്ത്തിക്കിടത്തരുത്.

വസ്ത്രധാരണം:

കുഞ്ഞിന്റെ വസ്ത്രം എപ്പോഴും വൃത്തിയുള്ളതായിരിക്കണം. ഇന്ന് അലങ്കാരങ്ങളുള്ള ഒരുപാട് വസ്ത്രങ്ങളുണ്ട്. അതിന്റെ ഭംഗി മാത്രം നോക്കാതെ അതു കുഞ്ഞിന്റെ ചര്‍മത്തിന് അനുയോജ്യമായതാണോ എന്നുറപ്പുവരുത്തുക. ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

കുഞ്ഞിന്റെ ചുറ്റുപാടുകൾ:

കുഞ്ഞിന്റെ കളിസ്ഥലം വീടു തന്നെയാണ്. അതിനാല്‍ കുഞ്ഞ് മുട്ടിലിഴയുമ്പോഴും നടക്കുമ്പോഴും ആ പരിസരം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. ഇലക്ട്രിക് സാധനങ്ങളും പ്ലഗുകളും കുഞ്ഞിന് എത്താവുന്ന രീതിയില്‍ വയ്ക്കരുത്. മണ്ണെണ്ണ, മരുന്ന് എന്നിവ കുഞ്ഞിന്റെ കൈയില്‍ കിട്ടാത്തവിധം സൂക്ഷിക്കുക. കുഞ്ഞിനെ പൊക്കമുള്ള സ്ഥലത്ത് ഇരുത്തരുത്. വീടുകളില്‍ പടിക്കെട്ടുകളുണ്ടെങ്കില്‍ കുഞ്ഞ് കയറാതിരിക്കാന്‍ തടസങ്ങള്‍ വയ്ക്കുക. ടേബിളിന്റെ വശങ്ങളിലെ കൂര്‍ത്തഭാഗങ്ങള്‍ ഒരു ടേപ്പ് ഒട്ടിച്ച് മറച്ചുവയ്ക്കുക.

കളിപ്പാട്ടങ്ങൾ:

അമ്മ

രോമം കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ കുഞ്ഞിനു കൊടുക്കരുത്. അതില്‍ നിന്നു വരുന്ന പൊടി കുഞ്ഞിന് അലര്‍ജിയുണ്ടാക്കാന്‍ സാധ്യതയുണ്ട്. കുഞ്ഞിന് എപ്പോഴും ചെറിയ കളിപ്പാട്ടങ്ങള്‍ കൊടുക്കരുത്. വായിലിടാന്‍ സാധ്യതയുണ്ട്. അതുപോലെ കളിപ്പാട്ടങ്ങളില്‍ ഇളക്കിയെടുക്കാന്‍ പറ്റുന്ന ഭാഗങ്ങളുണ്ടെങ്കില്‍ അതു മാറ്റിയശേഷം വേണം കുഞ്ഞിനു കൊടുക്കാന്‍.

വേണം ശ്രദ്ധ  ഈ കാര്യങ്ങളിൽ കൂടി:

  • കുഞ്ഞിനെ കുളിപ്പിക്കാനുള്ള വെള്ളത്തിന്റെ ചൂട് പാകമാണോ എന്ന് ഉറപ്പുവരുത്തണം. വലിയ പാത്രങ്ങളില്‍ വെള്ളം എടുത്തുവച്ച് കുഞ്ഞിനെ ഒറ്റയ്ക്കു നിര്‍ത്തിയിട്ടു പോകാന്‍ പാടില്ല.
  • കുഞ്ഞിന്റെയടുത്തു നിന്നു പുകവലിക്കാന്‍ പാടില്ല.
  • ആറുമാസത്തില്‍ താഴെയുള്ള കുഞ്ഞിനെ പുറത്തുകൊണ്ടുപോകുമ്പോള്‍ നന്നായി പുതപ്പിക്കണം. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ചൈല്‍ഡ് ലോക്കുകളും ബെല്‍റ്റുകളും ഉപയോഗിക്കുക.
  • കുഞ്ഞിനെ കാണിക്കുന്ന ഡോക്റ്ററുടെ ഫോണ്‍ നമ്പര്‍ എപ്പോഴും കൈവശം സൂക്ഷിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.