ചെള്ളുപനി ചീള് കേസല്ല : അറിയാം പ്രതിരോധ മാർഗങ്ങൾ
ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്, ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ്. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങുന്ന കരണ്ടുതിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങൾക്ക് ചെള്ളുപനി ബാധിക്കില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്നത്.
കുട്ടികളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടുന്ന ഒരു സമയമാണിത്. പുല്ലില്‍ കളിക്കുമ്പോഴും മറ്റും കുട്ടികളുടെ ദേഹത്ത് ഇത്തരത്തിലുള്ള ചിഗ്ഗർ മൈറ്റ് കയറിക്കൂടിയേക്കാം. കഴിവതും കുട്ടികളെ ഇത്തരം സാഹചര്യങ്ങളിൽ നിന്നും സൂക്ഷിക്കേണ്ടതുണ്ട്.
തുടക്കത്തിലേ ചികില്‍സ തേടിയില്ലെങ്കില്‍ ഗുരുതരമായി മരണത്തിലേക്ക് വരെ എത്തിക്കുന്ന രോഗാവസ്ഥയാണ് ചെള്ള് പനി.ബാക്ടീരിയ കാരണം ഉണ്ടാകുന്ന ഈ രോഗം വേണ്ട രീതിയില്‍ ചികില്‍സിച്ചില്ലെങ്കില്‍ മരണത്തിന് കാരണമാകും വിധത്തില്‍ ഗുരതരമാകുന്ന ഒന്നാണ്.എലി,പൂച്ച,അണ്ണാന്‍ തുടങ്ങിയവയില്‍ ആണ് ഇത്തരത്തില്‍ ഉള്ള ചെള്ള് കാണപ്പെടുന്നത്. എന്നാല്‍ മറ്റ് മൃഗങ്ങളില്‍ ഇത് രോഗം പരത്തുന്നില്ല.ചെള്ളിന്റെ കടിയേല്‍ക്കുക വഴി ഇവയുടെ ലാര്‍വ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് രോഗം എത്തുന്നത്. റിക്കറ്റ്‌സിയേസി ടൈഫി വിഭാഗത്തില്‍ പെട്ട ബാക്ടീരിയയാണ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പരത്തുന്ന ഈ രോഗത്തിന് കാരണം.
ലക്ഷണങ്ങൾ:
ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്.
ചെള്ള് കടിയേറ്റ ഭാഗത്ത് കുഴിഞ്ഞ വ്രണം രൂപപ്പെട്ടത് കാണാം. പനി, പേശീവേദന, ചുമ, വയറ്റിലുള്ള അസ്വസ്ഥതകൾ, കരളും മജ്ജയും ചീർത്ത് വലുതാവുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഗുരുതരമായാൽ മസ്തിഷ്‌ക ജ്വരവും ഉണ്ടാകാം. നേരത്തെ കണ്ടെത്തി ശരിയായ ചികിത്സ തേടുകയാണ് രോഗം ഗുരുതരമായി മരണത്തിലേക്ക് പോകാതിരിക്കാനുള്ള മാർഗം. ചുരുക്കം ചിലരില്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളുണ്ടാകാറുണ്ട്. അതിനാല്‍ രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.
രോഗനിർണയം:
സ്‌ക്രബ് ടൈഫസിന് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ രോഗനിര്‍ണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറമെയുള്ള എസ്‌കാര്‍, രക്ത പരിശോധനാ ഫലം എന്നിവ രോഗനിര്‍ണയത്തിന് സഹായകരമാണ്. ഒരാഴ്ചയില്‍ നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയാല്‍ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും.
രോഗ പ്രതിരോധനിയന്ത്രണ മാര്‍ഗങ്ങള്‍
സ്‌ക്രബ് ടൈഫസ് പരത്തുന്ന ചിഗ്ഗര്‍ മൈറ്റുകളെ കീടനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്നതാണ്. ഇതിനായി രോഗം സ്ഥിരീകരിച്ചാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിക്കുക.
പ്രതിരോധ മാർഗങ്ങൾ:
- പുല്ലില്‍ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.
- പുല്‍ നാമ്പുകളില്‍ നിന്നാണ് കൈകാലുകള്‍ വഴി ചിഗ്ഗര്‍ മൈറ്റുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതിനാല്‍ കൈകാലുകള്‍ മറയുന്ന വസ്ത്രം ധരിക്കണം.
- എലി നശീകരണ പ്രവര്‍ത്തനങ്ങള്‍, പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കല്‍ എന്നിവ പ്രധാനമാണ്.
- ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കണം.
- പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും നന്നായി കഴുകണം.
- വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക.
- രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ കൈയ്യുറയും കാലുറയും ധരിക്കുക.
Read 👉 എന്താണ് ഈ തക്കാളിപ്പനി ? പകരുന്നതെങ്ങനെ? കൂടുതൽ അറിയാൻ സന്ദർശിക്കൂ …
Read 👉 മങ്കിപോക്സ് അണുബാധ കുട്ടികളിലും: ശ്രദ്ധിക്കൂ ഈ ലക്ഷണങ്ങൾ