പൊടിപ്പാൽ

പൊടിപ്പാൽ

പൊടിപ്പാൽ

പൊടിപ്പാൽ – കുഞ്ഞുങ്ങൾക്ക് 

“പൊടിപ്പാൽ ഞാൻ എന്റെ കൊടുത്തിട്ട് ഇല്ല”. “ഞാനൊക്കേ കുഞ്ഞിന് നാലു വയസ്സ് വരെ പാല് കൊടുത്തതാ”. ഇതൊക്കെ പറയാനും കേൾക്കാനും ഒക്കെ നല്ല രസമാ. പക്ഷെ ഇല്ലാത്തവർക്കേ അതിന്റെ വിഷമം അറിയുള്ളു.
എന്നാൽ എന്തെങ്കിലുമൊക്കെ കാരണങ്ങൾ കൊണ്ട് കുഞ്ഞിനെ പാലൂട്ടാൻ കഴിയാതെ പൊടിപ്പാലിനെ ആശ്രയിക്കേണ്ടി വരുന്ന അമ്മമാർ ഉണ്ടല്ലോ.. ഈ പോസ്റ്റ്‌ അവർക്കുള്ളതാണ്.

✅ഫസ്റ്റ് പോയിന്റ്, കുഞ്ഞിന് പൊടിപ്പാൽ കൊടുക്കേണ്ട ആവശ്യമുണ്ടോ എന്നു തീരുമാനിക്കേണ്ടത് ഒരിക്കലും നിങ്ങളല്ല, ഡോക്ടറാണ്.

✅മുലപ്പാൽ കുറവ് പോലെയുള്ള പ്രശ്നങ്ങൾ തോന്നുന്നെങ്കിൽ നിർബന്ധമായും ഡോക്ടറുടെ അഭിപ്രായം തേടുക. അതു പോലെ, കുഞ്ഞിന് മുലപ്പാലിതര ആഹാരങ്ങൾ കൊടുക്കാൻ ആരെങ്കിലും ആവശ്യപ്പെടുന്നെങ്കിൽ, അതു ആശുപത്രി ജീവനക്കാർ ആണെങ്കിൽ പോലും, അതിനുള്ള കാരണം വ്യക്തമായി ചോദിച്ചു മനസിലാക്കാനുള്ള അവകാശവും നിങ്ങൾക്കുണ്ട്.

എന്താണ് മുലപ്പാലിതര പൊടികൾ?

കുഞ്ഞുങ്ങൾക്ക് മുലപ്പാലിന് പകരമായി കൊടുക്കാൻ, മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഏതാണ്ട് അതേ അളവിൽ ക്രമീകരിച്ചു നിർമിച്ചിരിക്കുന്ന ഭക്ഷ്യപദാർത്ഥങ്ങൾ ആണിവ.

✅നമ്മുടെ നാട്ടിൽ വെള്ളത്തിൽ കലക്കി ഉപയോഗിക്കാവുന്ന പൊടികൾ (dry powder) ആയിട്ടാണ് മിക്കവാറും ലഭിക്കുന്നതെങ്കിലും വിദേശ രാജ്യങ്ങളിൽ ദ്രാവക രൂപത്തിലും (liquid formula) ഇവ ലഭ്യമാണ്. ഇവയിലെ അടിസ്ഥാന പ്രോട്ടീൻ ഘടകം ഏതാണ് എന്നത് അനുസരിച്ചു മൂന്നു തരത്തിലുള്ള പൊടികൾ ഉണ്ട്

1) പശുവിൻ പാലിൽ നിന്നുണ്ടാക്കുന്നവ

നമ്മൾ വിപണിയിൽ കാണുന്ന സാധാരണ പൊടികളെല്ലാം ഈ വിഭാഗത്തിൽ പെടുന്നവയാണ്. പശുവിൻ പാൽ സംസ്‌കരിച്ചു, മുലപ്പാലിലെ പോഷകഘടങ്ങൾക്കു ഏതാണ്ട് തുല്യമായ അവസ്ഥയിലേക്ക് അതിനെ മാറ്റിയാണ് പൊടി രൂപത്തിൽ ലഭ്യമാക്കുന്നത്. (പശുവിൻ പാലിൽ മുലപ്പാലിൽ ഉള്ളതിനേക്കാൾ 3 മടങ്ങു പ്രോട്ടീൻ അധികമുണ്ട്, അതു എളുപ്പത്തിൽ ദഹിക്കുന്ന രൂപത്തിലും അല്ല. Lactose, കൊഴുപ്പു , മറ്റു മൂലകങ്ങൾ എന്നിവയിലെല്ലാം സമാനമായ മാറ്റങ്ങളുണ്ട്).

2) സോയ പ്രോട്ടീൻ അടങ്ങിയ പൊടികൾ

പാലിന് പകരം സോയാബീൻ എന്ന എണ്ണക്കുരുവിൽ അടങ്ങിയ പ്രോട്ടീൻ സംസ്കരിച്ചാണ് ഇതിൽ ഉപയോഗിക്കുന്നത്. പശുവിൻ പാലിൽ അടങ്ങിയ പ്രോട്ടീനോടുള്ള അലർജി,പാലിനു മധുരം നൽകുന്ന ഘടകമായ lactose ദഹിപ്പിക്കാനാവാത്ത അവസ്ഥകൾ (lactose intolerance) ഇവയിലൊക്കെ പകരമായി സോയ ഫോർമുലകൾ നിര്ദേശിക്കാറുണ്ട്. മേൽപറഞ്ഞ അവസ്ഥകളിൽ അല്ലാതെ സോയ ഫോർമുലകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല, രുചിയിലും ഗുണത്തിലും അതിനു പാലിന്റെ താഴെയാണ് സ്ഥാനം.

3) പ്രോട്ടീനിനെ അമിനോ ആസിഡുകളായി വിഘടിപ്പിച്ചു ഉപയോഗിക്കുന്ന ഫോർമുലകൾ

പാൽ, സോയ തുടങ്ങിയവയിലുള്ള എല്ലാത്തരം പ്രോട്ടീനുകളോടും അലർജിയുള്ള കുട്ടികൾക്ക് കൊടുക്കാവുന്നത്. വളരെ അപൂർവമായി മാത്രം ഉപയോഗിക്കുന്നതും പൊതു വിപണിയിൽ വ്യാപകമല്ലാത്തതുമായ ഈ പൊടികൾക്കു കനത്ത വിലയുമാണ്.

✅അടിസ്ഥാനപരമായി പൊടികളിൽ ഈ വ്യതാസമേ ഉള്ളുവെങ്കിലും, കുട്ടികളുടെ വളർച്ചക്ക് സഹായകമാണ് എന്നു കണ്ടെത്തിട്ടിട്ടുള്ള ചില പോഷകഘടകങ്ങൾ (DHA, Probiotics) അധികമായി ചേർത്തിരിക്കുന്നു എന്നവകാശപ്പെടുന്ന പൊടികൾ വിപണിയിലുണ്ട്, ഇവക്കു വില കൂടുതലുമാണ്.

ഏതാണ് നല്ലതു എന്നു പലരും ചോദിക്കാറുണ്ട്. ഉത്തരം ഒന്നുമാത്രം- ഉപ്പോളം ഇല്ലല്ലോ ഉപ്പിലിട്ടത്, ‼

✅ഇതൊന്നും മുലപ്പാലിനോളം പോന്നവയല്ല. ഒന്നൊന്നിനെക്കാൾ വളരെ മെച്ചം എന്നു പറയാനുമില്ല, നിങ്ങളുടെ കീശക്കൊതുങ്ങുന്ന, കുഞ്ഞിന്റെ ഇഷ്ടത്തിനിങ്ങുന്ന (ചില കുറുമ്പന്മാർക്കു ചില ബ്രാൻഡുകൾ പിടിക്കില്ല, തുപ്പി കളയും) ഒന്നു വാങ്ങുക. ഒരു കാര്യം മനസിൽ വക്കുക, നല്ല വണ്ണം പാൽ കുടിക്കുന്ന ആരോഗ്യവാനായ കുഞ്ഞിന് ഒരു പാക്കറ്റ് പൊടി കഷ്ടിച്ചു ഒരാഴ്ചകാലത്തേക്കെ കാണുകയുള്ളൂ. വലിയ വിലയുള്ള പൊടികൾ വാങ്ങി നിങ്ങളുടെ കീശ കീറാതെ നോക്കുക.

പൊടിപ്പാൽ കൊടുക്കുകയാണെങ്കിൽ എപ്രകാരമാണ് അതു കൊടുക്കേണ്ടത്?

✅തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ പൊടി കലക്കാൻ ഉപയോഗിക്കാവൂ. വെളളം തിളപ്പിക്കുമ്പോൾ 5 മിനിട്ടു വെട്ടി തിളക്കുന്നു എന്ന് ഉറപ്പിക്കുക, വളരെ ‘തൊലിക്കട്ടിയുള്ള’ hepatitis A പോലെയുള്ള ചില അണുജീവികൾ നശിക്കാൻ ഇതാവശ്യമാണ്. നേരിയ ചൂടുള്ള വെള്ളത്തിലെ കട്ടയില്ലാതെ പൊടി കലങ്ങുകയുള്ളൂ. മുലപ്പാൽ കുഞ്ഞുങ്ങൾക്ക് കിട്ടുന്നത് ശരീരോഷ്മാവിലാണ്(37℃) അതുകൊണ്ടു തീരെ തണുത്ത പാൽ കുട്ടികൾക്ക് ഇഷ്ടമാവുകയുമില്ല.

✅പാൽപ്പൊടിയും വെള്ളവും ഏതു അനുപാതത്തിലാണ് കൂട്ടിയോജിപ്പിക്കേണ്ടത് എന്നു പൊടിയുടെ കവറിൽ കൊടുത്തിട്ടുണ്ടാവും, നമ്മുടെ നാട്ടിൽ സാധാരണ ലഭ്യമായതും വ്യാപകമായി ഉപയോഗിക്കുന്നതുമായ പൊടികളെല്ലാം 30 മില്ലി വെള്ളത്തിനു ഒരു നികരെ സ്കൂപ് (level scoop) എന്ന കണക്കിനാണ് കലക്കേണ്ടത്.

✅ ‘ഏകദേശ’ കണക്കുകൾ ഒഴിവാക്കുക, 30 മില്ലി വെള്ളം കടകളിൽ കിട്ടുന്ന നിലവാരമുള്ള അളവ് പാത്രങ്ങളിൽ(ounce glass പോലുള്ളവ മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കും) തന്നെ അളന്നെടുക്കുക.

✅ പൊടിയളക്കാൻ, അതിന്റെ കവറിനുള്ളിൽ തന്നെ ലഭ്യമായ സ്കൂപ് ഉപയോഗിക്കുക. ഇങ്ങനെ കലക്കുന്ന പാലിന് ‘കട്ടി’ കൂടുതലാണെന്നും, കുഞ്ഞിന് ദഹിക്കില്ലെന്നും ഉപദേശവുമായി വരുന്നവരോട് ഒന്നു മാത്രം ചോദിക്കുക- മുലപ്പാലിൽ വെള്ളം ചേർത്താണോ നമ്മൾ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത്, അതേ ‘കട്ടി’ തന്നെയാണ് മേൽപറഞ്ഞ രീതിയിൽ കൃത്യമായി കലക്കുന്ന പൊടിപ്പാലിനും.

✅അതു നേർപ്പിച്ചു ഉപയോഗിച്ചാൽ കടുത്ത പോഷകാഹാരക്കുറവായിരിക്കും പരിണിത ഫലം. കട്ടി കൂടിയാലോ കുഞ്ഞിന് ലഭിക്കുന്ന ജലാംശം കുറയുകയും മലബന്ധവും മറ്റും ഉണ്ടാവുകയും ചെയ്യും. അതു കൊണ്ടു തോന്നിയ രീതിയിലുള്ള പാൽ കലക്കൽ ഒരു കാരണവശാലും നഹി നഹി.

 

Related Topic ;

മുലപ്പാൽ ആദ്യ രുചി അമൃതം

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

പേരയ്ക്ക – പേരക്കയുടെ ഗുണങ്ങള്‍

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.