ജ്വരജന്നി

ജ്വരജന്നി
ഒരു അമ്മയുടെ കുറിപ്പ്:

രാവിലെ എഴുന്നേറ്റപ്പോൾ മുതൽ മൂന്ന് വയസുള്ള മോന് ജലദോഷവും ചെറിയ പനിയും. ജലദോഷപ്പനിയല്ലേ ഡോക്ടറെ നാളെ കാണിക്കാമെന്ന് ഞാൻ കരുതി.
പെട്ടെന്നാണ് അത് സംഭവിച്ചത്. മോന്റെ കണ്ണിന്റെ കൃഷ്ണമണി മേൽപ്പോട്ട് മറിഞ്ഞു പോകുന്നു. കയ്യും കാലും ബലം പിടിച്ച് കഴുത്തും ശരീരവും വില്ലുപോലെ പുറകിലേക്ക് വളയുന്നു. വായിൽ നിന്നും നുരയും പതയും വന്നു തുടങ്ങി..മോൻ മരിക്കാൻ പോവുകയാണെന്ന ഭയം മനസ്സിൽ നിറഞ്ഞു.എന്തു ചെയ്യണമെന്നറിയില്ല. ഞാൻ പേടിച്ചു നിലവിളിച്ചു.. ഇതിനിടയിൽ കുഞ്ഞു അറിയാതെ മലവും മൂത്രവും പോയി.വീട്ടിലെ വേലക്കാരി താക്കോൽ കയ്യിൽ കൊടുക്കാൻ പറഞ്ഞു കൊണ്ടിരുന്നു. 5 മിനിറ്റായി കുഞ്ഞു ആകെ കുഴഞ്ഞു. മയക്കത്തിലേക്ക് വഴുതി വീണു.വിളിച്ചിട്ടും ഉണരുന്നില്ല.ആകെ പേടിയായി.ഉടനെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. അവിടെ എത്തി കുറച്ചു കഴിഞ്ഞതും കുഞ്ഞു ഉണർന്നു. പെട്ടെന്ന് സാധാരണ പോലെയായി. ഡോക്ടറെ കണ്ടയുടനെ ഇത് പനിയോട് കൂടിയുള്ള ജന്നിയാണ് (ജ്വരജന്നി)(Febrile Fits) പേടിക്കണ്ട ആവശ്യമില്ല എന്ന് പറഞ്ഞു. അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.!!

എന്താണീ ജ്വരജന്നി (Febrile Seizure)?

കുഞ്ഞു കുട്ടികളിൽ പനി മൂലം ശരീര താപനില കൂടിയാല്‍ അപസ്മാരം ഉണ്ടാകാം. പനി മൂലമുള്ള ഇത്തരം അപസ്മാരത്തിന് ഫെബ്രയില്‍ സീഷര്‍ (febrile seizure) എന്നാണ് പറയുക. കുഞ്ഞുങ്ങൾക്ക് പനി ഒരു പരിധി കഴിഞ്ഞാൽ ശരീരത്തിന്റെ ഒരു പ്രതികരണം ആയി ജന്നിയായി മാറാം.100 കുട്ടികളിൽ ഏകദേശം രണ്ടു മുതൽ അഞ്ചു വരെ പേർക്ക് ഇത് കാണപ്പെടുന്നു.

ഏതു പ്രായത്തിലാണ് ജ്വരജന്നി കാണപ്പെടുന്നത്?

6 മാസം മുതൽ 5 വയസ്സ് വരെയാണ് പനി മൂലം ഇത്തരം അപസ്മാരം ഉണ്ടാകുന്നത് . 1 വയസ്സിനും 1.5 വയസ്സിനും ഇടയിലാണ് ഫിറ്റ്‌സ് വരുവാൻ സാധ്യത കൂടുതൽ. ഒരു തവണ അപസ്മാരം വന്നാൽ, പിന്നീട് 5-6 വയസ്സ് വരെ പനി വന്നാൽ അപസ്മാരം വരാം. അതുകൊണ്ട് പനി കൂടുമ്പോൾ തന്നെ പനി കുറച്ചു അപസ്മാരം വരാതെ നോക്കുക.

എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ?

● ശരീര താപനില 100.4 F(38 ℃) കൂടുതൽ
● ബോധം നഷ്ട്ടപ്പെടുക
●കൈകാലുകൾ മുറുക്കി പിടിക്കുകയോ ശരീരം വില്ലു പോലെ വളയുകയോ ചെയ്യുക
●അറിയാതെ മലമൂത്ര വിസ്സർജനം ചെയ്യുക
●കണ്ണുകൾ ഉരുണ്ട് പിറകോട്ട് പോകുക

🔴 ഇത് അപകടകാരിയാണോ?

സാധാരണ, പനിയോട് കൂടെയുള്ള അപസ്മാരം പേടിക്കേണ്ടതില്ല. എന്നാൽ 15 മിനിറ്റിൽ കൂടുതൽ നീണ്ടു നിൽക്കുന്ന അപസ്മാരം, 24 മണിക്കൂറിൽ ഒന്നിൽ കൂടുതൽ തവണ അപസ്മാരം അപകടകാരിയാണ്. ഇതിനെ കോംപ്ലസ്‌ ഫെബ്രയിൽ സീഷർ (Complex Febrile Seizure) എന്ന ഗണത്തിൽ പെടുത്തുകയും ചെയ്യുന്നു. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിക്കുക.

എന്താണ് ജ്വരജന്നിയ്ക്ക് കാരണം?

ഏതു പനിയും അപസ്മാരം ആകാം.
മാരക രോഗങ്ങളായ മെനിഞ്ചൈറ്റിസ്, എൻസെഫലൈറ്റിസ് എന്നിവ മുതൽ വളരെ സാധാരണവും, താരതമ്യേന നിരുപദ്രവകരവുമായ വൈറൽ പനി കൊണ്ട് വരെ അപസ്മാരം ഉണ്ടാകാം.

ജ്വരജന്നി (Febrile Seizure) ഭാവിയിൽ കുട്ടികൾക്ക് പ്രശ്നമുണ്ടാക്കുമോ?

ഇല്ല. പനി കൂടുമ്പോൾ ശരീരത്തിന്റെ ഒരു പ്രതിരോധമാണ് ഈ അപസ്മാരം. ഇത്തരം കുട്ടികൾക്ക് ഭാവിയിൽ അപസ്മാരം വരാൻ 1-3% താഴെ സാദ്ധ്യത മാത്രമാണുള്ളത്.

ജ്വരജന്നി (Febrile Seizure) വന്നാൽ എന്താണ് ചികിത്സ?

1●ആദ്യമായി കുഞ്ഞിന് അപകടം വരാതെ സംരക്ഷിക്കുക.

2●കഴുത്തിൽ മുറുകുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഉടനെ നീക്കം ചെയ്യുക.

3●അപകടരഹിതമായ സ്ഥലത്ത് കിടത്തുക.

4●മലർന്നു കിടക്കുമ്പോൾ ശ്വാസതടസ്സം വരാൻ സാധ്യത കൂടുതലാണ്. നാക്ക് പിറകിലേക്ക് വീണ് ശ്വാസതടസ്സം വരാം.

5●ഇടത്തോട്ടു ചരിച്ചു കടത്തിയാൽ വായിലുള്ള തുപ്പലും മറ്റും ശ്വാസനാളത്തിൽ പോകാതെ പുറത്തേക്ക് ഒഴുകിപ്പോകാൻ സഹായിക്കും.

6● അപസ്മാരം സാധാരണ, ഏതാനും നിമിഷങ്ങൾ കൊണ്ട് തനിയേ മാറും.

7●കയ്യിൽ ആണിയോ താക്കോലോ പിടിപ്പിക്കുന്നതോ തലയിൽ നെയ്യ് പുരട്ടുന്നതോ കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

8●അഞ്ചു മിനിറ്റ് കൊണ്ട് മാറുന്നില്ലെങ്കിൽ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക.

9●ഛർദി, ശ്വാസംമുട്ടൽ, മയക്കം, കഴുത്തിന് പിടിത്തം പോലെ അനുഭവപ്പെട്ടാലും ഉടനടി കുട്ടിയെ ആശുപത്രിയിൽ എത്തിക്കുക.

10●സാധാരണ പനി അല്ലെന്നു ഡോക്ടറിന് സംശയം ഉണ്ടായാൽ രക്തവും, മൂത്രവും പരിശോധിക്കാൻ ഡോക്ടർ നിർദ്ദേശിക്കാം. തലച്ചോറിന്റെ പ്രവർത്തനം അറിയുവാനായി CT scan, EEG എടുക്കുവാൻ ഡോക്ടർ നിർദ്ദേശിക്കാം.

പനി കൂടുമ്പോൾ അപസ്മാരം വരാതിരിക്കാൻ എന്ത് ചെയ്യണം?

1● പനി വരുമ്പോൾ തന്നെ ദേഹം ചെറിയ ചൂട് വെള്ളത്തിൽ തുണി മുക്കി തുടയ്ക്കുക. ചൂട് കുറയാൻ അത് സഹായിക്കും. കഴുത്ത്, കക്ഷം, തുടയിടുക്കുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും നനച്ച് തുടക്കേണ്ടത്. കാരണം വലിയ രക്തക്കുഴലുകൾ ഏറ്റവും പുറമേ കാണുന്നത് ഇവിടെയാണ്.

2● പാരസെറ്റമോൾ വീട്ടിൽ കരുതുക.തൂക്കത്തിന് കൃത്യമായ മരുന്നിന്റെ ഡോസ് കൊടുക്കുക. യാത്ര ചെയ്യുമ്പോഴും മരുന്ന് കയ്യിൽ കരുതുന്നത് നല്ലതാണ്.

3●എന്നിട്ടും കുറയുന്നില്ലെങ്കിൽ കുട്ടിയെ ആശുപത്രിയിൽ ഉടനെ എത്തിക്കുക.

4● Meftal (മെഫറ്റാൽ) , brufen (ബ്രൂഫിൻ) മരുന്ന് ഡോക്ടർ നിദ്ദേശിച്ചാൽ മാത്രം പനി കുറയ്ക്കാനായി കൊടുക്കാം.

5● ഫിറ്റ്സ് വരാതെയിരിക്കുവാൻ clonazepam, diazepam പോലെയുള്ള മരുന്നുകൾ ഡോക്ടർ നിർദ്ദേശിക്കാം. അപസ്മാരം തടയുന്നതിന് ഡോക്ടർ തന്ന ഈ മരുന്നുകൾ പനിയുടെ തുടക്കത്തിൽ തന്നെ കൊടുത്തു തുടങ്ങുക.

കുട്ടികളിൽ പനി കൂടി ഫിറ്റ്‌സ് വരാതെയിരിക്കാൻ ശരീര താപനില കൂടുമ്പോൾ തന്നെ വെള്ളം വെച്ച് തുടച്ചു കുറക്കുക. അഥവാ പനി കൂടി അപസ്മാരം വന്നാലും മുകളിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമായി പേടിക്കാതെ ചെയ്യുക..

ഈ വിലപ്പെട്ട വിവരം നിങ്ങൾ സ്നേഹിക്കുന്നവർക്കായി ഷെയർ ചെയ്യൂ.

A platform to share Genuine & Verified Health Tips to public..
(നേരായ ആരോഗ്യ വിവരങ്ങൾ)

Dr Danish Salim,
Kerala Secretary-SEMI,
National Innovation Head-SEMI,
HOD & Academic Director Emergency,
PRS Hospital,Trivandrum, Kerala

Read : മുലപ്പാൽആദ്യ രുചി അമൃതം

കുട്ടികളുടെ കണ്ണുകൾക്കുള്ള പരിചരണം. 

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.