കുഞ്ഞുവാവയുടെ സംരക്ഷണം

കുഞ്ഞുവാവയുടെ സംരക്ഷണം – ആധുനിക വൈദ്യശാസ്ത്രം പറയുന്നത്

കുഞ്ഞുവാവയുടെ സംരക്ഷണം നല്ല രീതിയിൽ ആവാൻ ഗര്‍ഭിണിയാകുന്നതു മുതല്‍ അയല്‍ക്കാരും ബന്ധുക്കളും എല്ലാവരും കൂടിയങ്ങ് സ്ത്രീകളെ ഉപദേശിക്കാന്‍ തുടങ്ങും. പ്രസവം കഴിഞ്ഞാലോ, പണ്ടുമുതല്‍ തുടര്‍ന്നുപോരുന്ന ചില ചിട്ടകള്‍ പറഞ്ഞാവും ഉപദേശം. കുഞ്ഞുവാവയുടെ സംരക്ഷണ കാര്യത്തില്‍ പഴമക്കാര്‍ പിന്തുടര്‍ന്നുപോന്ന പലതും അബദ്ധങ്ങള്‍ മാത്രമല്ല, അപകടം കൂടിയാണെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. കുഞ്ഞുവാവയുടെ സംരക്ഷണം എന്നതിനെ പറ്റി ആധുനിക വൈദ്യശാസ്ത്രം പറയുന്നത് നോക്കൂ ;

അതിലെ കുറച്ചു കാര്യങ്ങൾ നോക്കിയാലോ…

1. കുഞ്ഞിന്റെ തലയുടെ ആകൃതി

കുഞ്ഞുവാവയുടെ സംരക്ഷണം

ചില കുഞ്ഞുങ്ങളുടെ തല അല്‍പ്പം നീണ്ടും നെറ്റി ഉന്തിയും ഒക്കെ കാണാറുണ്ട്. സുഖപ്രസവമാണെങ്കില്‍ പ്രത്യേകിച്ചും. കുഞ്ഞിന്റെ തലയോട്ടി പല ഭാഗങ്ങള്‍ ചേര്‍ന്ന് ഒന്നായിട്ടേയുള്ളൂ. ജനനസമയത്ത് തലയോട്ടിക്ക് ഉറപ്പുണ്ടാകില്ല. ഈ പ്രത്യേകത കൊണ്ടുതന്നെയാണ് കുഞ്ഞിന്റെ തലക്ക് ഗര്‍ഭാശയമുഖത്തിലൂടെ കടന്നുവരാന്‍ കഴിയുന്നത്.

സമ്മര്‍ദ്ദം മൂലമാണ് ചിലപ്പോള്‍ തല നീളുന്നതും നെറ്റി ഉന്തുന്നതും. കുഞ്ഞ് കരയുമ്പോള്‍ ഉച്ചി പൊങ്ങിവരുന്നത് കണ്ടും പേടിക്കരുത്. ഇതൊക്കെ സാധാരണമാണെന്ന് ആദ്യം മനസ്സിലാക്കുക. കുഞ്ഞിന്റെ തലയോട്ടി പൂര്‍ണമായും ഉറയ്ക്കാന്‍ സത്യത്തില്‍ 12 മുതല്‍ 18 വരെ മാസങ്ങള്‍ എടുക്കാറുണ്ട്.

2. കുഞ്ഞു തലയില്‍ മുഴയോ തടിപ്പോ കാണുന്നുണ്ടോ?

പേടിക്കേണ്ടതില്ല. പ്രസവത്തിനിടയില്‍ ഞെങ്ങി ഞെരുങ്ങി കടന്നുവരുന്നതിനിടയില്‍ സംഭവിക്കുന്നതാണത്. കുറച്ച് ദിവസത്തിനകം മാറിക്കൊള്ളും. ഇതെല്ലാം തലയോട്ടിക്ക് പുറമെ കാണുന്ന ക്ഷതങ്ങളാണ്. ഇതുമൂലം കുഞ്ഞിന്റെ തലച്ചോറിന് ക്ഷതം സംഭവിക്കുന്നില്ല.

3. കുഞ്ഞു മുഖത്തിന് ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്കുണ്ടോ?

മുഖം അല്‍പം വീര്‍ത്തതു പോലെയുണ്ടോ? മൂക്ക് ചപ്പിയിട്ടുണ്ടോ, ചെവി മടങ്ങിക്കിടക്കാണോ, താടി നീണ്ടിരിക്കാണോ, കുഞ്ഞിക്കണ്ണ് തുറക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടോ… – കാര്യമാക്കേണ്ട, എല്ലാം ദിവസങ്ങള്‍ക്കകം ശരിയാകും.

കുഞ്ഞുങ്ങളുടെ കണ്ണുകള്‍ക്ക് അല്‍പ്പം ചുവപ്പുനിറവും കണ്ടേക്കാം. ഇതിലും പേടിക്കാനൊന്നുമില്ല. ചെവി അല്‍പം വിടര്‍ന്നിരിക്കുകയോ മടങ്ങിയിരിക്കുകയോ ആയി കാണുകയാണെങ്കില്‍ മെല്ലെ തടവിക്കൊടുത്താല്‍ മതി. ശരിയായിക്കൊള്ളും.

4. ഇടയ്ക്കിടയ്ക്ക് തുമ്മുന്നുണ്ടോ?

കുഞ്ഞു വാവ തുമ്മുന്നത് അലര്‍ജി കൊണ്ടോ, അണുബാധ കൊണ്ടോ അല്ല. ഇതൊക്കെ സ്വാഭാവികം മാത്രമാണ്. അതുപോലെ കുഞ്ഞ് ശ്വസിക്കുമ്പോള്‍ മൂക്കടഞ്ഞതുപോലെയുള്ള ഒരു ചെറിയ ശബ്ദം കേള്‍ക്കുന്നുണ്ടോ.. ഇതിലും അസ്വാഭാവികത ഒന്നുമില്ലെന്ന് അറിയുക.

5. കുഞ്ഞിന്റെ സ്തനങ്ങള്‍ വീര്‍ത്തിരിക്കുകയും പാലുവരികയും ചെയ്യുന്നുണ്ടോ?

പെണ്‍കുട്ടിയായാലും കുഞ്ഞിന്റെ സ്തനങ്ങള്‍ ജന്മസമയത്ത് അല്‍പം വീര്‍ത്തിരിക്കുന്നതായും കല്ലിച്ചിരിക്കുന്നതായും ഞെക്കിയാല്‍ പാലുപോലുള്ള സ്രവം പുറത്തുവരുന്നതായും കാണാം. ഇത് ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് കിട്ടിയ ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ കാരണമാണ്. പേടിക്കേണ്ടതില്ല. ഞെക്കുകയും അമര്‍ത്തുകയും ഒന്നും വേണ്ട. ആദ്യ ആഴ്ചകളില്‍ തന്നെ തനിയെ മാറിക്കൊള്ളും.

6. കുഞ്ഞിന് ഉറക്കം കൂടുതലാണോ?

കുഞ്ഞുവാവയുടെ സംരക്ഷണം

ആദ്യ ആഴ്ചകളില്‍ കുഞ്ഞിന് ഉറക്കം കൂടുതലായിരിക്കും. ഇത് സ്വാഭാവികമാണ്. പ്രസവസമയത്ത് വേദന കുറയ്ക്കാന്‍ കഴിച്ച മരുന്നിന്റേയും, സിസേറിയന്‍ ചെയ്തവരില്‍ അതിന് ഉപയോഗിച്ച മരുന്നുകളുടെയും സൈഡ് എഫക്ട് കൊണ്ടും കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ കൂടുതലായി ഉറങ്ങിയേക്കാം. രണ്ടുമണിക്കൂര്‍ ഇടവിട്ട് കുഞ്ഞിനെ ഉണര്‍ത്തി മുലയൂട്ടാന്‍ മറന്നുപോകാതിരിക്കുക.

7. കുഞ്ഞ് ആവശ്യത്തിന് ശ്വസിക്കുന്നില്ലേ?

എപ്പോഴും ഉറങ്ങുന്നതിനാല്‍ കുഞ്ഞിന്റെ ശ്വാസഗതി അമ്മമാര്‍ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് കാണാം. കാരണം, ചില സമയം കുഞ്ഞുങ്ങളുടെ ശ്വാസഗതി കൂടുന്നതും, ചിലപ്പോള്‍ ശ്വാസഗതി നിലച്ച പോലെയും അമ്മമാര്‍ക്ക് തോന്നാറുണ്ട്. ഇതൊക്കെ സ്വാഭാവികമാണ്. പേടിക്കേണ്ടതില്ല. പക്ഷേ, കുഞ്ഞ് കൂടുതല്‍ സമയം ശ്വാസമെടുക്കാത്തതുപോലെ തോന്നുകയോ, കുഞ്ഞിന് നീലനിറം ഉണ്ടാകുന്നതുപോലെ തോന്നുകയോ ചെയ്താല്‍ എത്രയും വേഗം ഡോക്ടറെ കാണിക്കണം.

8. കുഞ്ഞിന്റെ കാലിന് വളവുണ്ടോ?

ജനിച്ച് ആദ്യദിനങ്ങളില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതെങ്ങനെയോ അങ്ങനെ തന്നെയായിരിക്കും കിടക്കുമ്പോള്‍. കൈകാലുകള്‍ മടക്കി അവരുടെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചിരിക്കും. കുഞ്ഞ് വളര്‍ന്ന് കാലുകളില്‍ ശരീരത്തിന്റെ ഭാരം താങ്ങുമ്പോള്‍ ഈ അവസ്ഥ മാറിക്കൊള്ളും.

9. കുഞ്ഞുനഖംകൊണ്ട് കുഞ്ഞിന് മുറിയുന്നുണ്ടോ?

നഖം പെട്ടെന്ന് പെട്ടെന്ന് വളരും. ആ നഖം തട്ടി കുഞ്ഞിന്റെ മുഖത്തും മറ്റും മുറിയാനും രക്തം പൊടിയാനും പാടുവരാനും ഒക്കെ സാധ്യത ഏറെയാണ്. കുഞ്ഞുറങ്ങുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കായുള്ള പ്രത്യേക നെയില്‍ കട്ടര്‍ കൊണ്ടോ, ചെറിയ കത്രിക കൊണ്ടോ നഖം മുറിച്ചെടുക്കാം.കയ്യിൽ വേണമെങ്കിൽ സോക്സ് ധരിപ്പിക്കാം.

10. കുഞ്ഞിന്റെ വയര്‍ പൊക്കിളിന്റെ ഭാഗത്ത് വല്ലാതെ വീര്‍ത്തിരിക്കുന്നുണ്ടോ?

വിഷമിക്കേണ്ടതില്ല. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി രണ്ടാഴ്ചയ്ക്കുള്ളില്‍ വീണിരിക്കും. ആ ഭാഗം നന്നായി ഉണങ്ങുംവരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം. വൃത്തിയായും ഈര്‍പ്പരഹിതമായും സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പൊക്കിളിന് താഴെവെച്ച് ഉടുപ്പിക്കണം. ഡയപ്പറില്‍ നിന്ന് നനവ് പൊക്കിള്‍കൊടിയിലേക്ക് പടരുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ഭാഗത്തുനിന്ന് ചുവപ്പുനിറമുണ്ടാകുകയോ സ്രവം പുറത്തുവരികയോ ദുര്‍ഗന്ധമുണ്ടാകുകയോ ചെയ്താല്‍ ഉടനെ ഡോക്ടറെ കാണുക.

മുക്കുമ്പോഴും ചില കുഞ്ഞുങ്ങളുടെ പൊക്കിള്‍ക്കൊടിയുടെ ഭാഗം പൊങ്ങിവരാറുണ്ട്. പൊക്കിളിനിടുത്തുള്ള വയറിന്റെ ഭിത്തിയിലെ ചെറുസുഷിരത്തിലൂടെ കുഞ്ഞിന്റെ കുടല്‍ ചെറുതായി തള്ളി വരുന്നതുമൂലം ഉണ്ടാകുന്ന ഹെര്‍ണിയ എന്ന അവസ്ഥയാണിത്. ഇത് നിരുപദ്രവകാരിയാണ്. ഇതുമൂലം കുഞ്ഞിന് വേദനയൊന്നുമുണ്ടാകില്ല. കുഞ്ഞിന് ഒന്ന് രണ്ട് വയസ്സാകുമ്പോഴേക്കും ഇത് താനേ അടഞ്ഞ് ശരിയായിക്കൊള്ളും. കൂടുതല്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെയും മാറ്റിയെടുക്കാം.

11. കുഞ്ഞുങ്ങളുടെ ലൈംഗികാവയവങ്ങളുടെ കാര്യത്തിലും വേണം അല്‍പം ശ്രദ്ധ.

ശിശുവിന്റെ ജനനേന്ദ്രിയം ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അല്‍പ്പം വലുതായും വീര്‍ത്തിരിക്കുന്നതായും തോന്നിയേക്കാം. പെണ്‍കുട്ടികളില്‍ യോനീദളങ്ങള്‍ വീര്‍ത്തിരിക്കുന്നതായും പിങ്ക്നിറത്തില്‍ ഒരു ചെറിയ ഭാഗം തള്ളിനില്‍ക്കുന്നതായും കണ്ടേക്കാം. ചില പെണ്‍കുട്ടികളില്‍ വെള്ള നിറത്തിലുള്ള യോനീസ്രവം പുറത്തുവരുന്നതും മറ്റു ചിലരില്‍ അല്‍പം രക്തസ്രാവവും കണ്ടേക്കാം. ആര്‍ത്തവം പോലെ തോന്നിപ്പിക്കുന്ന ഈ പ്രതിഭാസം അമ്മയില്‍ നിന്നും പകര്‍ന്നുകിട്ടിയ ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്നതാണ്. ഇതൊക്കെ സ്വാഭാവികമാണ്. പേടിക്കേണ്ടതില്ല.

ആണ്‍കുഞ്ഞുങ്ങളില്‍ വൃഷണസഞ്ചിക്ക് വീക്കം കണ്ടുവരാറുണ്ട്. ഇത് വൃഷണസഞ്ചിയില്‍ ഫ്ലൂയിഡ് കെട്ടിക്കിടക്കുന്ന ഹൈഡ്രോക്സിന്‍ എന്ന അവസ്ഥ കാരണമാകാം. മൂന്നുമുതല്‍ ആറ്മാസം പ്രായമാകുന്നതിനിടയില്‍ ഇത് തനിയെ മാറിക്കൊള്ളും. ഇല്ലെങ്കില്‍ മാത്രം ഡോക്ടറെ കാണുക.

ലിംഗം വളഞ്ഞിരിക്കുന്നതും ഉദ്ധാരണമുണ്ടാകുന്നതും, പ്രത്യേകിച്ച് മൂത്രമൊഴിക്കുന്നതിന് മുമ്പ് സാധാരണം മാത്രമാണ്. ചില ആണ്‍കുഞ്ഞുങ്ങളില്‍ മൂത്രമൊഴിക്കുന്ന ദ്വാരമില്ലെന്ന് തോന്നുമെങ്കിലും ഒഴിക്കുമ്പോള്‍ മൂത്രം ദൂരെ വീഴുന്നുണ്ടെങ്കില്‍ പേടിക്കേണ്ട കാര്യമില്ല.

12. കുഞ്ഞു ശരീരത്തിലെ മറുകുകള്‍

കുഞ്ഞ് ശരീരത്തില്‍ പല മറുകുകള്‍ കണ്ടേക്കാം. ഇവയില്‍ ഭൂരിഭാഗവും ഒരുവയസ്സിനുള്ളില്‍ മാഞ്ഞുപോകും. കുഞ്ഞു ചര്‍മ്മത്തില്‍ കാണുന്ന ചെറിയചെറിയ കുരുക്കളും പേടിക്കേണ്ടതില്ല. ആഴ്ചകള്‍ക്കുള്ളില്‍ തനിയെ മാറിക്കൊള്ളും.

13. കുഞ്ഞുങ്ങളിലെ മഞ്ഞനിറം

കാണപ്പെടുന്ന മഞ്ഞനിറം ഇപ്പോഴത്തെ കുഞ്ഞുങ്ങളില്‍ സാധാരണയാണ്. ജനിച്ച് രണ്ടാംദിവസം മുതല്‍ രണ്ടാഴ്ച വരെ ഇത് കണ്ടേക്കാം. രക്തത്തിലെ ചുവന്ന രക്താണുകോശങ്ങള്‍ വിഘടിക്കുമ്പോഴുണ്ടാകുന്ന ബിലിറുബിന്‍ പുറംതള്ളാന്‍ ആദ്യദിനങ്ങളില്‍ നവജാതശിശുവിന്റെ കുഞ്ഞി കരളിന് പൂര്‍ണമായും സാധിക്കാതെ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. മഞ്ഞനിറം കൂടുതലുണ്ടെങ്കില്‍ ഡോക്ടറെ കാണണം. ബിലിറൂബിന്റെ അളവ് ക്രമാതീതമായാല്‍ കുഞ്ഞിന്റെ ബുദ്ധിവികാസത്തെ ദോഷകരമായി ബാധിച്ചേക്കാം.

രാവിലെ കുറച്ചുനേരം സൂര്യപ്രകാശമുള്ളിടത്തു കിടത്തുക. ഫോട്ടോ തെറാപ്പി ചെയ്യുക എന്നതും പ്രതിവിധിയാണ്.

14. കുഞ്ഞിന്റെ കൈവെള്ളയിലും കാല്‍പാദത്തിലും നീലനിറമുണ്ടോ?

ആദ്യമണിക്കൂറുകളില്‍ ഇങ്ങനെ നീലനിറം കണ്ടേക്കാം. ഇത് ഈ ഭാഗങ്ങളില്‍ തണുപ്പടിക്കുന്നത് കൊണ്ടാണ്. പേടിക്കേണ്ട.

കുഞ്ഞിന്റെ ചുണ്ടിലും മുഖത്തും ശരീരം മുഴുവനും നീലനിറം കണ്ടാല്‍ നിര്‍ബന്ധമായും ഡോക്ടറെ കാണണം. കുഞ്ഞിന് ആവശ്യത്തിന് ഓക്സിജന്‍ കിട്ടാതെയാകുന്നത് മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇതിന് ഉടന്‍ ചികിത്സ ആവശ്യമുണ്ട്.

വൃത്തിയായി കുഞ്ഞിനെ സംരക്ഷിക്കുക. സോപ്പിട്ടു കൈകഴുകി മാത്രം കുഞ്ഞിനെ എടുക്കുക. കുഞ്ഞിന്റെ വസ്ത്രങ്ങളും മറ്റ് തുണികളും സോപ്പുപയോഗിച്ച് കഴുകി, വെയിലത്തിട്ടുണക്കി ഉപയോഗിക്കുക. അണുനാശിനികള്‍ ഉപയോഗിക്കണമെന്നില്ല. കുഞ്ഞിന്റെ തുണികള്‍ ഇസ്തിരിയിട്ട് ഉപയോഗിക്കുന്നതും നല്ലതാണ്. നേര്‍ത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം കുഞ്ഞിനെ ധരിപ്പിക്കാന്‍ ശ്രദ്ധിക്കുക.

 

Related Topic ;

മുലപ്പാൽ – ആദ്യ രുചി അമൃതം

കുട്ടികളുടെ കണ്ണുകൾ – പരിചരണവും സംരക്ഷണവും

കുഞ്ഞുവാവയുടെ കുളി – എന്തിന്? എങ്ങനെ?

കൂടുതൽ അറിയാൻ: മലയാളം ആരോഗ്യ ടിപ്സ്

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.